Thursday 23 June 2022 12:28 PM IST : By സ്വന്തം ലേഖകൻ

ശിക്ഷ മരവിപ്പിച്ചു... അഭയ കൊലക്കേസ് പ്രതികൾക്ക് ജാമ്യം: കർശന ഉപാധികള്‍ ഇങ്ങനെ

abhaya-case-accuses

സിസ്റ്റർ അഭയ കൊലക്കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട പ്രതികൾ ഫാ. തോമസ് കോട്ടൂരിനും സിസ്റ്റർ സെഫിക്കും ജാമ്യം അനുവദിച്ച് ഹൈക്കോടതി. ശിക്ഷ നടപ്പാക്കുന്നതും കോടതി നിർത്തിവച്ചു. രണ്ടുപേരും അഞ്ചുലക്ഷം രൂപ വീതം കെട്ടിവയ്ക്കണമെന്നും സംസ്ഥാനം വിടരുതെന്നുമുള്ള ഉപാധികളിലാണ് ജാമ്യം അനുവദിച്ചത്.

ശിക്ഷാ വിധി സസ്പെൻഡ് ചെയ്ത് ജാമ്യം നൽകണമെന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതിയായ ഫാ. തോമസ് കോട്ടൂരും മൂന്നാം പ്രതിയായ സിസ്റ്റർ സെഫിയും നൽകിയ ഹർജിയിലാണ് ജസ്റ്റിസ് കെ.വിനോദ് ചന്ദ്രൻ ഉൾപ്പെടുന്ന ഡിവിഷൻ ബെഞ്ചിന്റെ വിധി. 5 ലക്ഷം രൂപ കെട്ടി വയ്ക്കണം, സംസ്ഥാനം വിടരുത്, മറ്റു കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത് തുടങ്ങിയ കർശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്.

തെളിവുകളും വസ്തുതകളും പരിശോധിക്കാതെയാണ് സിബിഐ കോടതി ശിക്ഷ വിധിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം. ജോസ് പിതൃക്കയിലിനെ തെളിവുകളുടെ അഭാവത്തിലാണ് കുറ്റ വിമുക്തനാക്കിയത്. അദ്ദേഹത്തിനു ലഭിച്ച സ്വാഭാവിക നീതിക്ക് തങ്ങളും അർഹരാണെന്നും പ്രതികൾ വാദിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടെ ശിക്ഷാ വിധി റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടു നൽകിയ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലുണ്ട്. ഈ അപ്പീലിൽ വിധി വരുന്നതു വരെ ശിക്ഷ മരവിപ്പിക്കണമെന്നും ജാമ്യം അനുവദിക്കണം എന്നുമായിരുന്നു പ്രതികളുടെ ആവശ്യം. 

സിസ്റ്റര്‍ അഭയയുടെ ദുരൂഹ മരണം മലയാളികള്‍ക്കിന്നും നീറുന്ന ഓര്‍മയാണ്. കോട്ടയം ബിസിഎം കോളജിൽ പ്രീഡിഗ്രി രണ്ടാം വർഷ വിദ്യാർഥിനി ആയിരിക്കെ സിസ്റ്റർ അഭയയെ 1992 മാർച്ച് 27നാണു കോട്ടയം പയസ് ടെ‍ൻത് കോൺവന്റിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 2020 ഡിസംബർ 23ന് കേസിൽ ഫാദർ തോമസ് കോട്ടൂരിനെ ഇരട്ട ജീവപര്യന്തം തടവിനും സിസ്റ്റർ സെഫിയെ ജീവപര്യന്തം തടവിനും ശിക്ഷിച്ചു. തിരുവനന്തപുരം സിബിഐ കോടതിയുടേതായിരുന്നു വിധി.

പ്രീഡിഗ്രി വിദ്യാര്‍ഥിനിയായ സിസ്റ്റർ അഭയ മൂന്നാം നിലയിലെ മുറിയിലായിരുന്നു താമസം. രാത്രിയിൽ വെള്ളം കുടിക്കാനായി താഴത്തെ നിലയിലെ അടുക്കളയിലേക്കു പോയ അഭയ തിരിച്ചു മുറിയിലെത്തിയില്ല. രാവിലെ പ്രാർഥനയ്‌ക്ക് അഭയയെ കാണാതിരുന്നപ്പോൾ അന്വേഷണം തുടങ്ങി. അടുക്കളയിലെ ഫ്രിജ് പാതി തുറന്ന നിലയിലായിരുന്നു. അഭയയുടെ ശിരോവസ്‌ത്രം അടുക്കളയുടെ കതകിൽ ഉടക്കിക്കിടന്നു. വെള്ളമുള്ള പ്ലാസ്‌റ്റിക് കുപ്പി അടുക്കളയിൽ വീണുകിടന്നു. ഒരു ചെരുപ്പ് അടുക്കളയിലും മറ്റൊന്ന് കിണറിനടുത്തും കണ്ടെത്തി. അടുക്കളവാതിൽ പുറത്തുനിന്നു കുറ്റിയിട്ട നിലയിലാണെന്നതും ദുരൂഹത വര്‍ധിപ്പിച്ചു.