ലോക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വിവാഹമോചന വാർത്തയാണ് അമേരിക്കയിൽ നിന്നെത്തിയത്. ആമസോണ്‍ സ്ഥാപകനും സിഇഒവുമായ ജെഫ് ബെസോസും ഭാര്യ മാക്കെന്‍സിയും വിവാഹമോചിതരാകുന്നു എന്ന വാര്‍ത്ത ഞെട്ടലോടെയാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ദമ്പതികളുടെ വേർപിരിയൽ ആഗോള സ്വത്ത് റാങ്കിങ്ങിൽ വലിയ ചലനങ്ങൾ തന്നെ സൃഷ്ടിക്കും. ഇരുവരും പിരിഞ്ഞതോടെ 98,5670 കോടി രൂപയുടെ ആസ്തി പങ്കുവയ്ക്കപ്പെടും. ഇതോടെ ബെസോസിന്റെ ഭാര്യ മക്കന്‍സി ലോകത്തിലെ ഏറ്റവും സമ്പന്നയായ സ്ത്രീയായി മാറും.
ബെസോസിന്റെ സുഹൃത്തും ഹോളിവുഡ് താരവുമായ പാട്രിക് വൈറ്റ്സെല്ലിന്റെ ഭാര്യ ലോറന് സാഞ്ചസുമായ ബന്ധമാണ് ദമ്പതികളെ തമ്മിൽ അകറ്റിയത്. 49 വയസ്സുകാരിയായ ടിവി താരം ലോറന് സാഞ്ചസുമായുള്ള ബെസോസിന്റെ പ്രണയം തകർത്തത് 25 വര്‍ഷത്തെ ദാമ്പത്യ ബന്ധമാണ്. സാഞ്ചസുമായി എട്ടു മാസമായി പ്രണയത്തിലായിരുന്നു ബെസോസ്. ഇവരുടെ മുന്‍ ഭര്‍ത്താവ് പാട്രിക് വൈറ്റ്സെല്‍ ബെസോസിന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ്.
ടെലിവിഷൻ അവതാരക മാത്രമല്ല, സാഞ്ചസ് നല്ലൊരു ഹെലികോപ്റ്റർ പൈലറ്റ് കൂടിയാണ്. ആഴ്ചയില്‍ മൂന്നു തവണ ഇവര്‍ കൂടിക്കാഴ്ച നടത്താറുണ്ടെന്നും കഴിഞ്ഞ വര്‍ഷത്തിന്റെ അവസാന മാസങ്ങളില്‍ ഇരുവരും ഒരുമിച്ചായിരുന്നു എന്ന് മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. ബെസോസിന്റെ സ്വകാര്യ ജെറ്റിലായിരുന്നു ഇരുവരുടെയും യാത്ര. "ഞാന്‍ നിന്നെ പ്രണയിക്കുന്നു. എനിക്ക് നിന്റെ ഗന്ധം അറിയണം, നിന്നെയൊന്ന് ശ്വസിക്കണം, മുറുകെയൊന്ന് പുണരണം, നിന്റെ ചുണ്ടുകളില്‍ ചുംബിക്കണം.” - ബെസോസ് സാഞ്ചസിനയച്ച സന്ദേശവും നാഷണല്‍ എന്ക്വയറര് റിപ്പോര്‍ട്ട് ചെയ്യുന്നു.
ബെസോസിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശ ഏജന്‍സി ബ്ല്യൂ ഒറിജിന്റെ പരസ്യത്തിനായുള്ള ഷൂട്ടിങ്ങിനിടെയാണു ബെസോസും സാഞ്ചസും പരിചയപ്പെട്ടത്. സാഞ്ചസിന് മുന്‍ ഭര്‍ത്താവും എന്‍എഫ്എല്‍ താരവുമായ ടോണി ഗോണ്‍സാലസില്‍ ഒരു മകനുണ്ട്. കഴിഞ്ഞ ബുധനാഴ്ചയാണ് ട്വിറ്ററിലൂടെ ജെഫ് ബെസോസുമായുള്ള ദാമ്പത്യബന്ധം അവസാനിപ്പിക്കുന്നതായി ഭാര്യ മാക്കെന്‍സി ലോകത്തോട് വെളിപ്പെടുത്തിയത്. ഇരുവര്‍ക്കും നാലു കുട്ടികളാണ് ഉള്ളത്.