Saturday 16 May 2020 05:23 PM IST : By സ്വന്തം ലേഖകൻ

ടിക്ക് ടോക്ക് റോസ്റ്റുകള്‍ക്ക് മലയാളിയുടെ മില്യണ്‍ കയ്യടി! 4 ആഴ്ചയില്‍ 1.45 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സ്: തരംഗമായി അര്‍ജ് യൂ

arjun

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ അര്‍ജ് യൂ തരംഗമാണ്. അടുത്തിടെ ഇത്രയും ആവേശത്തോടെ ഒരു യൂട്യൂബറേയും മലയാളി ഏറ്റെടുത്തിട്ടില്ല. ആലപ്പുഴക്കാരനായ അര്‍ജുന്‍ സുന്ദരേശന്‍ ഇതിനോടകം തന്നെ അര്‍ജ് യൂ യിലൂടെ താരമായിക്കഴിഞ്ഞു.


ടിക് ടോക് റോസ്റ്റ് - റിയാക്ടിങ് എന്ന പരിപാടിയിലൂടെ, മലയാളികള്‍ക്കിടയില്‍ സജീവമായ ടിക് ടോക് താരങ്ങളുടെ വിഡിയോ റിവ്യൂ ചെയ്യുകയാണ് അര്‍ജുന്‍. ആഴ്ചകള്‍ക്കുള്ളില്‍ 1.45 മില്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സിനെയാണ് അര്‍ജ്് യൂ സ്വന്തമാക്കിയിരിക്കുന്നത്.


2013 ല്‍ തുടങ്ങിയ ചാനലാണെങ്കിലും ലോക്ഡൗണ്‍ സമയത്ത് പരീക്ഷിച്ച പുതിയ ആശയമാണ് അര്‍ജുന്റെ തലവര മാറ്റിയത്. ലക്ഷക്കണക്കിന് ഫോളോവേഴ്‌സുള്ള ടിക്ടോക് താരങ്ങളുടെ വിഡിയോ നിരൂപണം നടത്താന്‍ തുടങ്ങിയതോടെ അഞ്ച് ദിവസം കൊണ്ട് അഞ്ച് ലക്ഷത്തിലേറെ പേരാണ് അര്‍ജുന്റെ ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്തത്. മണിക്കൂറുകള്‍ കൊണ്ട് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കുതിച്ചുയരുകയും ചെയ്തു. യൂ ട്യൂബിന് പിന്നാലെ ഇന്‍സ്റ്റഗ്രാമിലും ഫോളോവേഴ്‌സിന്റെ എണ്ണം വര്‍ധിച്ചു.


വെറും തമാശ മാത്രം ലക്ഷ്യം വച്ചാണ് താന്‍ ഈ വിഡിയോകള്‍ ചെയ്യുന്നതെന്നാണ് അര്‍ജുന്‍ പറയുന്നത്. ആരെയും വ്യക്തിപരമായി വേദനിപ്പിക്കാനോ അപകീര്‍ത്തിപ്പെടുത്താനോ ഒരിക്കലും ഉദ്ദേശിച്ചിട്ടില്ല. ട്രോള്‍, തമാശയായി മാത്രം ഇതിനെ കണ്ടാല്‍ മതി. തനിക്ക് തിരിച്ച് കിട്ടുന്ന ട്രോളുകളില്‍ വിഷമമില്ലെന്നും കൊടുത്താല്‍ തിരിച്ചുകിട്ടുമെന്ന് അറിയാമെന്നുമാണ് അര്‍ജുന്റെ പക്ഷം.


അര്‍ജുനും സുഹൃത്തുക്കളും ചേര്‍ന്നാണ് നിരൂപണത്തിനുള്ള ടിക് ടോക് വീഡിയോകള്‍ തിരഞ്ഞെടുക്കുന്നത്. ചില സബ്‌സ്‌ക്രൈബേഴ്‌സും വീഡിയോകള്‍ അയക്കും.


ഇതിനിടെ അര്‍ജുനിനെ എതിര്‍ത്തും അനുകൂലിച്ചും നിരവധി വിഡിയോകള്‍ വന്നിട്ടുണ്ട്. ട്രോളുകളിലും ഫെയ്‌സ്ബുക് പേജുകളിലും അര്‍ജുന്‍ തന്നെയാണ് താരം. ഈ ലോക്ഡൗണ്‍ കാലത്ത് ഏഴ് വിഡിയോകളാണ് പോസ്റ്റ് ചെയ്തതെങ്കിലും ഓരോ വിഡിയോയ്ക്കും ലക്ഷക്കണക്കിന് വ്യൂസ് ആണ് ലഭിച്ചത്. ഇതില്‍ ചില വിഡിയോകള്‍ക്ക് മില്യണ്‍ വ്യൂസാണ് ലഭിച്ചിരിക്കുന്നത്. അര്‍ജുന്റെ വിഡിയോകള്‍ വൈറലായതോടെ ഇതേപേരില്‍ തന്നെ നിരവധി വ്യാജ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും രംഗത്തു വന്നിട്ടുണ്ട്.


ചങ്ങനാശ്ശേരി സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് കമ്മ്യൂണിക്കേഷനിലെ മൂന്നാംവര്‍ഷ ബിഎ മള്‍ട്ടിമീഡിയ വിദ്യാര്‍ഥിയാണ് അര്‍ജുന്‍ സുന്ദരേശന്‍. ഷോര്‍ട്ട് ഫിലിമുകളും ഒരുക്കിയിട്ടുണ്ട്.


ആലപ്പുഴ നോര്‍ത്ത് സ്‌റ്റേഷനിലെ എസ്.ഐയായ സുന്ദരേശനാണ് പിതാവ്. അമ്മ ലസിത പഞ്ചായത്ത് സെക്രട്ടറിയാണ്. ഏക സഹോദരന്‍ അനുരാജ് ആലപ്പുഴ എസ്ഡി കോളേജില്‍ രണ്ടാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയും.