Thursday 20 February 2020 04:53 PM IST : By സ്വന്തം ലേഖകൻ

നെഞ്ചിൽ നോവു പടർത്തി വിടപറഞ്ഞവർ ഇവർ; അവിനാശി അപകടത്തിലെ 19 പേരേയും തിരിച്ചറിഞ്ഞു

avinashi-accident

ചങ്കുതകർക്കുന്നൊരു വാർത്തയുമായാണ് ഇന്നത്തെ പുലരി പിറന്നത്. തമിഴ്നാട്ടിലെ അവിനാശിയിലെ കെഎസ്ആർടിസി ബസ് അപകടത്തിൽ 19 ജീവനുകൾ പൊലിഞ്ഞത് വലിയ വേദനയായി ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ നിറയുകയാണ്. കെഎസ്ആർടിസിയുടെ 82–ാം പിറന്നാള്‍ ദിനത്തിലാണ് ഈ അപകടമെന്നത് വേദനയേറ്റുന്നു.

അപകടത്തിൽ മരിച്ച 19 പേരേയും തിരിച്ചറിഞ്ഞിരിക്കുകയാണ്. മരിച്ചവരിൽ 18 പേരും മലയാളികളാണ്. ഒരാള്‍ കര്‍ണാടകക്കാരനാണ്. 25 പേര്‍ക്ക് പരുക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. മൃതദേഹങ്ങള്‍ അവിനാശി, തിരുപ്പൂര്‍ ഗവണ്‍മെന്റ് ആശുപത്രികളില്‍ പോസ്റ്റുമോര്‍ട്ടം ചെയ്യും

എറണാകുളം സ്വദേശി ഐശ്വര്യ, തൃശൂർ അണ്ടത്തോട് കള്ളിവളപ്പിൽ നസീഫ് മുഹമ്മദ് അലി (24), പാലക്കാട് ചീമാറ കൊണ്ടപ്പുറത്ത് കളത്തിൽ രാഗേഷ് (35), പാലക്കാട് ശാന്തി കോളനി നയങ്കര വീട്ടിൽ ജോണിന്റെ ഭാര്യ റോസിലി, തൃശൂർ പുറനയുവളപ്പിൽ ഹനീഷ് (25), എറണാകുളം അങ്കമാലി തുറവൂർ സ്വദേശി കിടങ്ങേൻ ഷാജു- ഷൈനി ദമ്പതികളുടെ മകൻ ജിസ്മോൻ ഷാജു (24), പാലക്കാട് ഒറ്റപ്പാലം ഉദയനിവാസിൽ ശിവകുമാർ (35), തൃശൂർ ഒല്ലൂർ അപ്പാടൻ വീട്ടിൽ ഇഗ്നി റാഫേൽ (39), ഗോപിക ടി.ജി (25) എറണാകുളം, എം.സി. മാത്യു (30) എറണാകുളം, ജോഫി പോൾ സി. (30) തൃശൂർ, മാനസി മണികണ്ഠൻ (25) എറണാകുളം, അനു കെ.വി (25) തൃശൂർ, ശിവശങ്കർ പി. (30) എറണാകുളം), ബിനു ബൈജു (17) എറണാകുളം, കിരൺ കുമാർ എം.എസ് (33), കെ.ഡി. യേശുദാസ് (40) എന്നിവരാണ് മരിച്ചത്. കെഎസ്ആർടിസി ബസ് ഡ്രൈവർ പെരുമ്പാവൂർ വലവനത്ത് വീട്ടിൽ വി.ഡി. ഗിരീഷ് (43), കണ്ടക്ടർ എറണാകുളം ആരക്കുന്നം വല്ലത്തിൽ വി.ആർ. ബൈജു (42) എന്നിവരും മരിച്ചു.

15 പുരുഷന്മാരും 4 സ്ത്രീകളുമാണ് മരിച്ചത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കേരള സർക്കാർ 20 ആംബുലൻസ് തിരുപ്പൂരിലേക്ക് അയച്ചു. പരുക്കറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ പറഞ്ഞു. അതേസമയം, കണ്ടെയ്നർ ലോറിയുടെ ഡ്രൈവർ പാലക്കാട് സ്വദേശി ഹേമരാജ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി.

ഓർമകൾ ബാക്കിയാക്കി ഗിരീഷും ബൈജുവും

പരിചിതമല്ലാത്ത മുഖങ്ങളെ പോലും ഹൃദയത്തോടു ചേർത്തു നിർത്തുന്ന കരുതല്‍. അപകടത്തിൽ മരിച്ച ബസ് ജീവനക്കാരയ ഗിരീഷിനേയും ബൈജുവിനേയും ഇനിയുള്ള കാലം ഓർക്കുന്നത് ഇതേ കരുതലിന്റെ പേരിലായിരിക്കും. ഒരു പുഞ്ചിരിയിൽ തുടങ്ങി യാത്ര അവസാനിക്കുന്ന നിമിഷം വരെയും സ്നേഹം കൊണ്ട് പൊതിയുന്ന ഉത്തരവാദിത്തമുള്ള ഉദ്യോഗസ്ഥരായിരുന്നു അവർ. ബസ് ജീവനക്കാരില്‍ നിന്ന് മോശം അനുഭവങ്ങള്‍ പതിവായകാലത്ത് സ്വന്തം ബസില്‍ കയറുന്ന ഒരോരുത്തരെയും കുടുംബാംഗങ്ങളായാണ് ഇരുവരും കണ്ടിരുന്നത്. ഇരുവരുടേയും കരുതലും സ്നേഹവും വിളിച്ചോതുന്ന എത്രയോ അനുഭവങ്ങളാണ് യാത്രക്കാർ വിയോഗത്തിന്റെ ഈ വേളയിൽ പങ്കുവയ്ക്കുന്നത്. അതിലൊന്നായിരുന്നു അപസ്മാരമുള്ള യാത്രക്കാരിക്ക് സമയബന്ധിതമായി സഹായമെത്തിച്ച ഇരുവരുടേയും ഇടപെടൽ.

2018 ജൂണ്‍ 3നുണ്ടായ ഒരു സംഭവം എടുത്തുപറയേണ്ടതാണ് . പുലര്‍ച്ചെ ബസ് ഹൊസൂരിലെത്തും മുമ്പ് തൃശൂരില്‍  നിന്ന് കയറിയ ഡോക്ടര്‍ കവിത വാര്യര്‍ എന്ന യാത്രക്കാരിക്ക്  ഫിക്സും ശ്വാസതടസവുമുണ്ടായി. യാത്രക്കാരിലൊരാള്‍ അറിയിച്ചപ്പോള്‍തന്നെ കണ്ടക്ടര്‍ റോളിലായിരുന്ന ബൈജു ഇടപെട്ടു. അവരെ ശുശ്രൂഷിക്കാന്‍ ഒപ്പം കൂടി . 

രോഗിയുടെ നിലപക്ഷേ നിമിഷം തോറും വഷളായി . ഒടുവില്‍  ഹൈവേയിലുള്ള  ജനനി ആശുപത്രിയില്‍ രോഗിയെ പ്രവേശിപ്പിച്ചു . ചികില്‍സ തുടങ്ങാന്‍ സ്വന്തം കലക്ഷന്‍ ബാഗില്‍ നിന്ന് പണമെടുത്തു നല്‍കി .  ഒപ്പമാരെങ്കിലും നിന്നില്ലെങ്കില്‍ ചികില്‍സിക്കാനാകില്ലെന്ന്  ഡോക്ടര്‍ അറിയിച്ചതോടെ എറണാകുളം ഡിടിഒയുടെ അനുമതി വാങ്ങി അവര്‍ക്കൊപ്പം ആശുപത്രിയില്‍ നിന്നു . ഗിരീഷ് മറ്റ് യാത്രക്കാരുമായി ബാംഗ്ലൂര്‍ക്ക് തിരിക്കുകയും െചയ്തു. .യാത്രക്കാര്‍ക്ക് മാത്രമല്ല സഹപ്രവര്‍ത്തകര്‍ക്കും ഇവരെ കുറിച്ച് നല്ലതല്ലാതൊന്നും പറയാനില്ല

പ്രളയകാലത്തും  ഇവരെ ബംഗളുരു മലയാളികള്‍ നന്നായറി‍ഞ്ഞതാണ് . ബംഗളുരുവിലെ മലയാളി സമാജം സമാഹരിച്ച ദുരിതാശ്വാസ സാമഗ്രികള്‍ ബസില്‍ കേരളത്തിലെത്തിക്കാന്‍ മുന്‍പന്തിയില്‍ നിന്നത് ബൈജുവാണ്. ഈ സേവനം മുന്‍നിര്‍ത്തി മലയാളി സമാജം ബൈജുവിനെ ആദരിക്കുകയും ചെയ്തിരുന്നു.