കൊച്ചി മെട്രോയിൽ നാളെ മുതൽ സൈക്കിളുമായി യാത്ര ചെയ്യാൻ അനുമതി. പരീക്ഷണാടിസ്ഥാനത്തിൽ ആറു സ്റ്റേഷനുകളിൽ നടപ്പാക്കിയ പദ്ധതിയ്ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാലാണു എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കുന്നതെന്നു കെഎംആർഎൽ എംഡി അൽകേഷ് കുമാർ ശർമ്മ പറഞ്ഞു.
കഴിഞ്ഞ ഞായറാഴ്ച 67 പേർ സൈക്കിളുമായി മെട്രോയിൽ യാത്ര ചെയ്തു. ഒരു ട്രെയിനിൽ 4 പേർക്കാണു സൈക്കിളുമായി യാത്ര ചെയ്യാൻ അനുമതി. സൈക്കിളുകൾ വൃത്തിയുള്ളതായിരിക്കണം. സ്റ്റേഷനുള്ളിൽ സൈക്കിൾ ഓടിക്കാൻ പാടില്ല. മടക്കി ബാഗിൽ കൊണ്ടു പോകാൻ കഴിയുന്ന സൈക്കിളുകൾ ലഗേജായി പരിഗണിക്കുമെന്നും അധികൃതർ വ്യക്തമാക്കി.