Monday 13 August 2018 04:02 PM IST : By സ്വന്തം ലേഖകൻ

പിന്നെ എന്തിനാണ് വെറെ എരുവും പുളിയും? ദളിതനെന്നു പ്രഖ്യാപിച്ച വിനായകന് അവാർഡ് സമ്മാനിച്ച പിണറായിക്ക് ഹരീഷ് പേരടിയുടെ ലാൽസലാം

hareesh_peradi

മികച്ച നടനുള്ള പുരസ്‌കാരം കമ്മട്ടിപ്പാടത്തിലെ അഭിനയത്തിന് വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയ നടനും മനുഷ്യനുമായ വിനായകന് പുരസ്‌കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നുവെന്ന് ഹരീഷ്  പേരടി പറയുന്നു. ഫെയ്‌സ്ബുക്കില്‍ കുറിപ്പിലൂടെയാണ് ഹരീഷ് തന്റെ അഭിപ്രായം പങ്കുവച്ചത്.
ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം.

'അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മ്മപെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ... ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈകാണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് ... പിന്നെ എന്തിനാണ് വെറെ എരുവും പുളിയും ...ലാല്‍സലാം...'

സംസ്ഥാന അംഗീകാരം ലഭിച്ച സിനിമകള്‍ പുരോഗമനാശയങ്ങളുടെ ആവിഷ്‌കാരമാണെന്നും തമസ്‌ക്കരിക്കപ്പെട്ടവരുടെ ജീവിതകഥാഖ്യാനങ്ങളെന്നുമാണ് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടത്. സമകാലിക ഇന്ത്യയില്‍ അവയ്ക്ക് ഏറെ പ്രാധാന്യവുമുണ്ട്. കീഴാളരുടെയും പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെയും ജീവിതത്തിലേക്ക് സിനിമ തിരിച്ചുവന്നിരിക്കുന്നത് കാലത്തിന്റെ ആവശ്യമാണ്- ചടങ്ങിന് ശേഷംമുഖ്യമന്ത്രി  ഫെയ്‌സ്ബുക്കില്‍ കുറിച്ചു.