കൊല്ലത്ത് കാമുകിയെ കാമുകന് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊന്നു. കൊല്ലം അഞ്ചലില്‍ നിന്നാണ് ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്തു വരുന്നത്. കൂടെ താമസിച്ചിരുന്ന യുവതിയെ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു.
അഞ്ചല്‍ കൈപ്പള്ളിമുക്ക് സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. ആതിരയുടെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ പൊള്ളലേറ്റ് ചികിത്സയിലുള്ള ഷാനവാസിനെ അഞ്ചല്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
സോഷ്യല്‍ മീഡിയയില്‍ വിഡിയോ പോസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. വഴക്കിനെ തുടര്‍ന്ന് ഷാനവാസ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് മരണണൊഴിയില് പറയുന്നു. ഇരുവരും അഞ്ചല്‍ ഇടമുളയ്ക്കലില്‍ ഒന്നിച്ച് താമസിച്ചു വരികയായിരുന്നു. വിവാഹിതനായ ഷാനവാസ് 2 വര്‍ഷമായി ആതിരയോടൊപ്പമാണ് താമസം. ഇവര്‍ക്ക് 6 മാസം പ്രായമുള്ള കുഞ്ഞുണ്ട്. നിയമപരമായി ഇവര്‍ വിവാഹം കഴിച്ചിട്ടില്ലെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു. ആതിര വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ആദ്യ വിവാഹത്തില്‍ ഷാനവാസിനും 2 കുട്ടികളുണ്ട്.
കഴിഞ്ഞ ദിവസം രാത്രി ഏഴോടെ ആതിരയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് ദേഹത്ത് തീയാളി പടരുന്നതാണ്. ഷാനവാസും പൊള്ളലേറ്റ നിലയിലായിരുന്നു. നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇരുവരെയും മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചൊവ്വാഴ്ച രാത്രി ഏഴോടെ ഇരുവരും വഴക്കുണ്ടായതായി സമീപവാസികളും പൊലീസും പറയുന്നു. ഷാനവാസും തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു.