Wednesday 05 October 2022 02:50 PM IST : By സ്വന്തം ലേഖകൻ

സഹപാഠിക്ക് ആസിഡ് കലര്‍ന്ന ജ്യൂസ് കൊടുത്തു; ശീതളപാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ഇരുവൃക്കകളും തകരാറിലായി

kidney665fgbugug

സഹപാഠി നൽകിയ ആസിഡ് കലര്‍ന്ന ശീതളപാനീയം കുടിച്ച ആറാം ക്ലാസ് വിദ്യാര്‍ഥിയുടെ ആന്തരികാവയവങ്ങള്‍ക്ക് പൊളളലേറ്റു. കന്യാകുമാരി സ്വദേശിയായ അശ്വിനാണ് തിരുവനന്തപുരത്തെ  സ്വകാര്യ ആശുപത്രിയില്‍  മരണത്തോട് മല്ലിടുന്നത്. മാതാപിതാക്കളുടെ പരാതിയില്‍ തമിഴ്നാട് പൊലീസ് അന്വേഷണം തുടങ്ങി. 

കേരളത്തിന്റെ അതിര്‍ത്തി പ്രദേശമായ കളിയിക്കാവിള സ്വദേശി സുനിലിന്റെ മകന്‍ അശ്വിനെന്ന പതിനൊന്നുകാരനാണ് ഇരുവൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ ചികില്‍സയിലുളളത്. കഴിഞ്ഞ 24 ന് സ്കൂള്‍ വിട്ടുവന്ന അശ്വിന് പനിയും മറ്റ് ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടതിനേതുടര്‍ന്നാണ് അടുത്ത ദിവസം ചികില്‍സ തേടിയത്. 

നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ നടത്തിയ പരിശോധനയില്‍ ഇരു വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലാണെന്ന് കണ്ടെത്തി. അന്നനാളത്തിലും കുടലിലും പൊളളലേറ്റു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആസിഡ് ഉളളില്‍ ചെന്നതായി കണ്ടെത്തിയത്. അതംകോട് മായാകൃഷ്ണ സ്വാമി സ്കൂള്‍ വിദ്യാര്‍ഥിയായ അശ്വിന്‍ സ്കൂളില്‍ വച്ച് സഹപാഠി നല്‍കിയ ശീതളപാനീയം കുടിച്ചിരുന്നതായി മാതാപിതാക്കളോടും പൊലീസിനോടും പറഞ്ഞു. 

ശീതളപാനീയം നല്‍കിയത് സ്വന്തം ക്ലാസിലുളള കുട്ടിയല്ലെന്നും സ്കൂളില്‍ത്തന്നെയുളള മറ്റൊരു കുട്ടിയാണെന്നും കണ്ടാല്‍ തിരിച്ചറിയാമെന്നുമാണ് മൊഴി. ഇതിന്റെ അടിസ്ഥാനത്തില്‍ ജീവന്‍ അപകടത്തിലാക്കുക എന്ന ഉദ്ദേശ്യത്തോടെ വിഷപദാര്‍ഥം നല്‍കിയതിന് കളിയിക്കാവിള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ സിസി ടിവി പ്രവര്‍ത്തനരഹിതമായതിനാല്‍ മറ്റ് വഴികള്‍ തേടുകയാണ് പൊലീസ്.  

Tags:
  • Spotlight