Friday 09 February 2024 02:47 PM IST

‘പാചകത്തിൽ ഞാൻ പുലി... ചിക്കൻ ബിരിയാണിയും ബീഫ് ഫ്രൈയും ആണ് മാസ്റ്റർ പീസ്’: പ്രിയതാരം ആർഷ ചാന്ദ്നി പറയുന്നു

Ammu Joas

Sub Editor

arsha-chandni

ആർഷയുടെ കരിയർ ഗ്രാഫിലെ കഥാപാത്രങ്ങളിലെല്ലാം ഒരു മോഹത്തിന്റെ പ്രതിഫലനമുണ്ട്. ഒരു വർഷത്തെ ഇടവേളയ്ക്കു ശേഷം പുതിയ സിനിമയുടെ ലൊക്കേഷനിലേക്കു പോകാനുള്ള ഒരുക്കത്തിൽ ആർഷ ചാന്ദ്നി ബൈജു ആ മോഹത്തെക്കുറിച്ചു പറഞ്ഞുതുടങ്ങി.

‘‘2022 അവസാനമാണ് ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സ്’ റിലീസായത്. പതിവു നായികസങ്കൽപങ്ങളിൽ നിന്നു മാറി നെഗറ്റീവ് ട്രാക്കിലാണ് ഇതിലെ നായിക. കൊതിയോടെ കാത്തിരുന്ന് അഭിനയിച്ച രംഗമായിരുന്നു ക്ലൈമാക്‌സിലെ ഡയലോഗ് സീൻ.

2023 ആദ്യം മുകുന്ദനുണ്ണി ഒടിടിയിൽ എ ത്തിയശേഷമാണ് കൂടുതൽ പ്രതികരണങ്ങളും അനുമോദനങ്ങളും ലഭിച്ചു. കഴിഞ്ഞ വർഷമാണ് ‘മധുര മനോഹര മോഹ’വും ‘രാമചന്ദ്ര ബോസ് ആൻഡ് കോ’യും റിലീസായത്.

ആവറേജ് അമ്പിളി വെബ് സീരീസിലെ എക്‌സലന്റ് കഥാപാത്രം, ‘മുകുന്ദൻ ഉണ്ണി അസ്സോസിയേറ്റ്സി’ലെ കട്ട ഗ്രേ ഷേഡിലുള്ള മീനാക്ഷി, ‘മധുര മനോഹര മോഹ’ത്തിലെ പൊട്ടിത്തെറിച്ച പോലൊരു പെണ്ണ് ശലഭ, കോമഡി ട്രാക്കിലോടിയ രാമചന്ദ്ര ബോസ് ആൻഡ് കോയിലെ ജെസ്സി...

ബോസ് അഭിനയിച്ച ശേഷം ഞാൻ തീരുമാനിച്ചിരുന്നു ഇതിലും മികച്ച കഥാപാത്രങ്ങൾക്കായി ഇനി അൽപം കാത്തിരിക്കാമെന്ന്. നായികയോ പ്രതിനായികയോ കഥാപാത്രത്തിന്റെ വലുപ്പചെറുപ്പമോ അല്ല പരിഗണിക്കുന്നത്. കാമ്പുള്ള കഥാപാത്രങ്ങൾ അഭിനയിക്കണമെന്നാണ് എന്നും മോഹം.’’

ആർഷയുടെ വിടർന്ന കണ്ണുകൾ ഏതോ സ്വപ്നത്തിൽ ചുറ്റി നടന്നശേഷം തിരിച്ചുവന്നു. ‘‘ചെറുപ്പം മുതൽ നൃത്തം പഠിക്കുന്നുണ്ട്. അതുകൊണ്ടാകാം നർത്തകിയായി സിനിമയിൽ അഭിനയിക്കണമെന്ന മോഹം പണ്ടേ മനസ്സിൽ കയറിയത്. ശോഭനചേച്ചിയും ഉർ വശിചേച്ചിയും അവതരിപ്പിച്ച കഥാപാത്രങ്ങളോട് ഇത്തിരി മോഹം കൂടുതലുണ്ടേ...’’ ചിരിക്കായി ഒരു നിമിഷം വഴിമാറിയ ശേഷം ആർഷ തുടർന്നു.

‘‘സിനിമകളുടെ കാസ്റ്റിങ് കോൾ കണ്ടാ ൽ അയയ്ക്കും, ഓഡിഷനും പോകും. അങ്ങനെയാണ് 18ാം പടിയിൽ എത്തിയത്. പിന്നെ, തമിഴ്‍ ഉൾപ്പെടെ ആറു സിനിമകൾ. കരിക്ക് ഫ്ലിക്കിലൂടെ റിലീസ് ചെയ്ത ‘ആവറേജ് അ മ്പിളി’യാണ് സിനിമയിലെ നല്ല കഥാപാത്രങ്ങളെ തന്നത്.

ഇതിനിടെ ഇംഗ്ലിഷ് എംഎ ലിറ്ററേച്ചർ കഴിഞ്ഞു. ഒരു വർഷമെടുത്ത ഗ്യാപ്പിൽ കണ്ടന്റ് റൈറ്റിങ് കോഴ്സ് പഠിച്ചു. അച്ഛൻ ബൈജുവും അമ്മ ചാന്ദ്നിയും വിദ്യാഭ്യാസ മേഖലയിലായതുകൊണ്ടു ഞാൻ പഠനം തുടരുന്നതിൽ അവർ വളരെ ഹാപ്പിയാണ്.

പാചകത്തിൽ ഞാൻ പുലിയാണ്. ചിക്കൻ ബിരിയാണിയും ബീഫ് ഫ്രൈയും ആണ് മാസ്റ്റർ പീസ്. വായന, പാചകം, പഠനം, സിനി മാ കാണൽ. ഇഷ്ടങ്ങൾക്കും സന്തോഷങ്ങ ൾക്കുമൊപ്പം സന്തോഷിച്ച വർഷമായിരുന്നു. ചേട്ടൻ അരവിന്ദിന്റെ വിവാഹം നടന്നതും ക ഴിഞ്ഞ വർഷമാണ്.

ഇൻ ഷോർട് ‘മധുര സുന്ദരമായ വർഷമായിരുന്നു 2023. മോഹത്തോടെ കാത്തിരിക്കുന്ന വർഷമാണ് 2024.’

അമ്മു ജൊവാസ്

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ