Monday 11 March 2024 12:47 PM IST

ഞങ്ങളെ ഒന്നിപ്പിച്ചതു ദൈവം... വിവാഹക്കാര്യം വീട്ടിൽ പറഞ്ഞപ്പോൾ മനുവിന്റെ ഡാഡി പറഞ്ഞത്: ബീന ആന്റണി പറയുന്നു

Roopa Thayabji

Sub Editor

beena-antony-14

40 വർഷത്തെ അഭിനയ ജീവിതത്തിലെ വിശേഷങ്ങളുമായി ബീന ആന്റണി

40 വർഷം. തിരിഞ്ഞുനോക്കുമ്പോൾ സന്തോഷവും സങ്കടവും എന്തൊക്കെയാണ് ?

പ്രേക്ഷകരുടെ മനസ്സിൽ ഇടം കിട്ടിയതാണ് ഏറ്റവും സന്തോഷമുള്ള കാര്യം. 40 വർഷം ഒരു നീണ്ട കാലയളവല്ലേ. ഓരോ ആളുകൾ കാണുമ്പോഴും സന്തോഷത്തോടെ സംസാരിക്കുന്നത് ഓരോ കഥാപാത്രങ്ങളെ കുറിച്ചാണ്. ആ സ്നേമാണു വലിയ ഭാഗ്യം. സിനിമയിൽ കാമ്പുള്ള ഒരു കഥാപാത്രം ചെയ്യാനായില്ല എന്നതാണു സങ്കടം. എത്ര സീരിയൽ ചെയ്താലും ആളുകൾ ഓർത്തിരിക്കുന്നത് സിനിമയിലെ കഥാപാത്രമാകും. അങ്ങനെ ഒരെണ്ണം പോലും എന്റെ ക്രെഡിറ്റിൽ ഇല്ല.

സിനിമയിൽ തുടങ്ങി, പിന്നീടു സീരിയലായി തട്ടകം. ആ ചുവടുമാറ്റം വിഷമിപ്പിച്ചിട്ടുണ്ടോ ?

സഹോദരി, കൂട്ടുകാരി വേഷങ്ങളാണു സിനിമയിൽ കിട്ടിയതെല്ലാം. അതിൽ തളയ്ക്കപ്പെട്ടു എന്നു തോന്നിയ കാലത്താണു സീരിയലിൽ നിന്നു നല്ല വേഷങ്ങൾ തേടി വന്നത്. ചുവടുമാറാനുള്ള തീരുമാനം ഏറ്റവും ബുദ്ധിപരമായി എന്നു തന്നെ വിശ്വസിക്കുന്നു.

വെബ് സീരീസുകളുടെ കാലമാണിത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ഓൺലൈനിലെ സീരിയൽ. ഈ മാറ്റം നല്ലതാണോ ?

കാലത്തിനൊത്തു നമ്മളും നീങ്ങിയേ പറ്റൂ. എല്ലാ മാറ്റവും അനിവാര്യമാണ് എന്നു കാലം തെളിയിക്കും.

മതത്തിന് അതീതമായി കലാ രംഗത്തു നിന്നു ജീവിതപങ്കാളിയെ തിരഞ്ഞെടുത്തപ്പോൾ എതിർത്തവരുണ്ടോ ?

എന്നെയും മനുവിനെയും ഒന്നിപ്പിച്ചതു ദൈവമാണ്. കുടുംബത്തിൽ നിന്നും പരിചയക്കാരിൽ നിന്നുമൊക്കെ ഞങ്ങളുടെ വിവാഹത്തിനു ഫുൾ സപ്പോർട്ടാണു കിട്ടിയത്.

കുട്ടിക്കാലം തൊട്ടേ ഞാൻ കാണുന്ന ഒരു കാഴ്ചയുണ്ട്, അപ്പച്ചൻ കെട്ടുനിറച്ചു ശബരിമലയ്ക്കു പോകുന്നത്. ഞ ങ്ങളെയും വ്രതം എടുപ്പിക്കും. വിവാഹകാര്യം വീട്ടിൽ പറഞ്ഞപ്പോൾ മനുവിന്റെ ഡാഡി പറഞ്ഞതു ‘നിന്റെ ഇഷ്ടമാണു പ്രധാനം’ എന്നാണ്. ഇങ്ങനെ ചുറ്റും നിൽക്കുന്നവരെ ഓർത്ത് അഭിമാനം മാത്രമേ ഉള്ളൂ.

കോവിഡിനൊപ്പം രോഗകാലങ്ങളെയും അതിജീവിച്ചു. കരുത്തു പകർന്നത് ആരാണ്?

കോവിഡ്, ന്യുമോണിയ, മനുവിന്റെ ബെൽസ് പാൽസി... ആ കാലം വല്ലാതെ ഉലച്ചു. ആദ്യത്തെ ഷോക്ക് സ ഹോദരിയുടെ മകന്റെ മരണത്തിന്റെ രൂപത്തിലാണു വന്നത്. എനിക്കു കോവിഡ് കലശലായത് അതിനു ശേഷമാണ്. ആശുപത്രിയിൽ വച്ചു മമ്മൂക്കയ്ക്കും ലാലേട്ടനും ഇടവേള ബാബുവിനുമൊക്കെ മെസേജ് അയച്ചു. ഓരോ ദിവസവും വിശേഷങ്ങൾ അന്വേഷിച്ചുള്ള അവരുടെ മറുപടി മെസേജുകൾ കാണുമ്പോൾ തന്നെ നമ്മൾ പോസിറ്റീവാകും.

കോവിഡ് മറികടന്നപ്പോഴേക്കും മനുവിനു ബെൽസ് പാൽസി എന്ന അസുഖം വന്നു. അതിനെയും അതിജീവിച്ചു. അപ്പോഴെല്ലാം ദൈവത്തെ ചേർത്തുപിടിച്ചു. ഒരാളെപ്പോലും വേദനിപ്പിനോ മോശക്കാരനാക്കാനോ നിന്നിട്ടില്ല. പറ്റുന്ന രീതിയിൽ ആളുകൾക്കു സഹായം ചെയ്യാനേ എന്നും ശ്രമിച്ചിട്ടുള്ളൂ. അതിനൊക്കെ മറുപടിയായി കിട്ടുന്ന ദൈവാനുഗ്രഹമാണു ജീവിതത്തിലെ ബലം.

സീരിയലിലെയും ജീവിതത്തിലെയും പുതിയ വിശേഷങ്ങൾപറയൂ...

മൗനരാഗം മാത്രമാണ് ഇപ്പോൾ ചെയ്യുന്ന സീരിയൽ. നെഗറ്റീവ് റോളുകൾ ചെയ്തു ബോറടിച്ചപ്പോൾ ഇനി പൊസിറ്റീവ് കഥാപാത്രങ്ങൾ വേണമെന്നാണു മോഹം. അത്തരം വേഷത്തിനായി കാത്തിരിക്കുകയാണ് ഇപ്പോൾ. മനുവും അഭിനയവും ഡബ്ബിങ്ങുമൊക്കെയായി ഹാപ്പിയായി പോകുന്നു.

മോൻ ആരോമലാണു ഞങ്ങളുടെ ലോകം. പ്ലസ്ടു പ രീക്ഷയെഴുതുകയാണ് അവൻ. അമ്മ എന്ന നിലയിലല്ല, അഭിനേത്രി എന്ന നിലയിൽ നോക്കിയാൽ അവന് അഭിനയത്തിൽ വലിയ ഭാവിയുണ്ട് എന്നാണു തോന്നുന്നത്. മോൻ നന്നായി വരയ്ക്കും, അനിമേഷൻ പഠിക്കണമെന്നാണു മോഹം. നല്ല വേഷങ്ങൾ വന്നാൽ ഉറപ്പായും ചെയ്യും.

രൂപാ ദയാബ്ജി

ഫോട്ടോ: അമൽ യതീന്ദ്രൻ ഫൊട്ടോഗ്രഫി