Thursday 25 April 2024 02:26 PM IST

‘ഉമ്മറത്തു കോലം വരച്ച ആ പെൺകുട്ടി, മകനു വധുവായി തിരഞ്ഞെടുത്തത് കാഞ്ചീപുരത്തെ പെൺകുട്ടിയെ’: ബീന കണ്ണൻ പറയുന്നു

Seena Cyriac

Chief Sub Editor

beena-kannan-24

പല പ്രധാന മുഹൂർത്തങ്ങളുടെയും സാക്ഷിയായി നമുക്കൊപ്പം കൂടാറുള്ള പ്രിയപ്പെട്ട സാരികൾ. തേച്ചു മടക്കി ഹൃദയത്തിൽ എടുത്തുവച്ച ആ സാരിക്കഥകളുമായി പ്രശസ്ത വ്യക്തികൾ...

താമരയിലയിൽ വീഴുന്ന വെള്ളം പോലെയാകണം ബന്ധങ്ങൾ എന്ന് പറഞ്ഞു പഠിപ്പിച്ച അച്ഛന്റെ മകളാണു ഞാൻ. മറ്റുള്ളവർ കരുതും അമ്മയുടെ ഗർഭപാത്രത്തിൽ ആയിരുന്നപ്പോൾ മുതൽ സാരികൾ കാണുന്നു. നാൽപതുവർഷമായി ഇൻഡസ്ട്രിയിൽ നിൽക്കുന്നു. സാരികളോട് തീവ്രമായ ആത്മബന്ധമുള്ള ഉള്ള ആളാണ് ഞാനെന്ന്. പക്ഷേ, ലൗകികമായ ഒന്നിനോടും അതിരുകടന്ന മോഹം വേണ്ട എന്ന അച്ഛന്റെ വാക്കുകളാണ് എന്നെ നയിക്കുന്നത്.

അതുകൊണ്ടാകും വിവാഹം കഴിച്ചയാൾ ആദ്യം സമ്മാനിച്ച വാച്ച് പോലും എന്റെ കയ്യിൽ ഇല്ല. ലോകം മുഴുവൻ നടന്നു ബിസിനസ് ചെയ്യുമ്പോഴും എന്റെ അലമാരയിൽ നൂറു സാരിയിൽ കൂടുതൽ ഉണ്ടാകാറില്ല. അതു ത ന്നെ എപ്പോഴും മൂവിങ് ആയിരിക്കും. പുതിയതു വന്നു കയറുമ്പോൾ പഴയത് എന്നെ സഹായിക്കുന്ന എന്റെ പെൺകുട്ടികൾക്കു നൽകുകയാണു പതിവ്.

ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് ആദ്യമായി സാരി ഉടുക്കുന്നത്. നേവി ബ്ലൂ നിറത്തിൽ പതിനെട്ട് ഇ‍ഞ്ച് മൾട്ടി കളർ ബോർഡർ ഉള്ള അമ്മയുടെ പട്ടുസാരി. അമ്മയുടെ അലമാരയ്ക്ക് എന്റെ അലമാരയുടെ സ്വഭാവമായിരുന്നില്ല. അതിൽ നല്ല തിളക്കമുള്ള മൂന്നിഴ ജരികയോടുകൂടിയ പട്ടുസാരികൾ വൃത്തിയോടെ ഒന്ന് ഒന്നിനെ തൊടാത്തവിധം തേച്ചടുക്കി വച്ചിരുന്നു. പരമ്പരാഗത ശൈലിയിൽ നെയ്ത ഒാറ‍ഞ്ച് ബോഡിയിൽ കടുംപച്ച കോൺട്രാസ്റ്റ് ബോർഡർ, ബോഡി നേവി ബ്ലൂ നിറത്തിലെങ്കിൽ മാമ്പഴമഞ്ഞ കോൺട്രാസ്റ്റ് ബോർഡർ...

യാത്രകളുെട തുടക്കം

കണ്ണനുമായുള്ള കല്യാണം നിശ്ചയം കഴിഞ്ഞ്, അച്ഛന്റെ ഒപ്പം കാഞ്ചീപുരത്തു പോയി. കടും പച്ച ബോഡിയിൽ മെറൂൺ ബോർഡർ ഉള്ള സാരി കല്യാണ സാരിയായി നിശ്ചയിച്ചു. ബോഡിയിലാകമാനം ഗ്രഡേഷൻ രീതിയിലുള്ള കസവ് വരകൾ അച്ഛനാണ് നിർദേശിച്ചത്. റിസപ്ഷനു ഷോക്കിങ് പിങ്ക് കളറിൽ ചെറിയ ഡയമണ്ട് ഡിസൈൻ ഉള്ള നേവിബ്ലൂ ബോർഡർ സാരി. കാഞ്ചീപുരം സാരി കല്യാണസാരിയായി മലയാളി വധു ഉപയോഗിച്ചു തുടങ്ങിയിട്ടില്ലാത്ത കാലം. അവർക്ക് അന്നു കല്യാണസാരിയെന്നാൽ തിളക്കമുള്ള ബനാറസ് സാരികളാണ്.

കണ്ണന്റെ മരണശേഷം അച്ഛനോടു പറഞ്ഞു, ‘ബിസിനസ് മുന്നോട്ടു പോകണമെങ്കിൽ ഞാൻ ഒറ്റയ്ക്കിറങ്ങിയേ തീരൂ.’ രാവും പകലുമില്ലാത്ത അലച്ചിലുകളുടെ തുടക്കമായിരുന്നു അത്. െനയ്ത്തു ഗ്രാമങ്ങളിൽ മെഷീൻ തറി അല്ല, കൈത്തറിയാണുള്ളത്. മൂന്നു മാസമെങ്കിലുമെടുക്കും നാലോ അഞ്ചോ കാഞ്ചീപുരം പട്ടുസാരി കിട്ടാൻ. അതു തന്നെ കടയിലെത്തുമ്പോൾ തമിഴ് ശൈലിയിൽ കോൺട്രാസ്റ്റ് നിറങ്ങളുള്ളത് മലയാളിക്കുവേണ്ട. വീതിയുള്ള കസവും വേണ്ട. അപ്പോൾ സിംഗിൾ കളർ സാരി ആവശ്യപ്പെട്ടു. സിംപിൾ കസവ് മതിയെന്നു പറഞ്ഞു. നെയ്ത്തുകാർ കളിയാക്കി. മലയാളിക്കു സാരി നെയ്താൽ അവരുടെ തമിഴ് കസ്റ്റമേഴ്സ് ഇല്ലാതാകുമെന്ന്. അവരോടു വീണ്ടും വീണ്ടും ചോദിച്ചു മലയാളി അഭിരുചിയുള്ള സാരി നെയ്തെടുപ്പിക്കുമായിരുന്നു.

പതിയെ നെയ്ത്തുകാർ എന്റെ വഴിയെ വന്നു. നെയ്ത്തുമേശയിൽ കയറിയിരുന്നു വിളക്കിന്റെ മങ്ങിയ വെട്ടത്തിൽ ഞാൻ വരച്ച ഡിസൈനുകൾ അവർ ഇന്ത്യ മുഴുവൻ വിൽപന നടത്തി. ഡിസൈനിങ് പഠിച്ചിട്ടില്ല. കസ്റ്റമറുടെ ആവശ്യമനുസരിച്ചുള്ള പരീക്ഷണങ്ങൾ പുതിയ കണ്ടുപിടുത്തങ്ങളിലേക്ക് എത്തിച്ചതാണ്. കടും നിറം വേണ്ട എന്നു കസ്റ്റമർ പറഞ്ഞപ്പോൾ ഒരുപാടു തവണ ഡൈയിങ്ങിൽ പരീക്ഷണം നടത്തിയിട്ടാണ് പേസ്റ്റൽ പ ട്ടുസാരി ഇറക്കിയത്. കസവിന് തിളക്കം വേണ്ടെന്നു പറഞ്ഞപ്പോൾ സിൽവർ, മെറ്റാലിക്, ആന്റിക് ജെറി ബോർഡറുകൾ പിറന്നു. ഇന്നു നിസ്സംശയം പറയാം, ‍ഞാൻ ഡിസൈൻ ചെയ്ത സാരികൾ മുംബൈ, അഹമ്മദാബാദ്, പുണെ... ഇവിടങ്ങളിലെല്ലാം പെണ്ണുങ്ങളുടെ കയ്യിലുണ്ട്. അതൊരു സൈലന്റ് ഇൻവേഷനായിരുന്നു. ഞാൻ പോലുമറിയാതെ സംഭവിച്ചത്.

മൂത്ത മകൻ ഗൗതമിന് യങ് കാലിക്കറ്റ് വിഭാഗത്തിന്റെ ചുമതലയാണ്. മകൾ തുഷാരയും ഭർത്താവും െഎടി രംഗത്ത്. ഇളയ മകൻ വിഷ്ണുവാണു പർചേസ് യാത്രകൾക്കു കൂട്ട്. അവനു വധുവായി തിരഞ്ഞെടുത്തതും കാഞ്ചീപുരത്തു നെയ്ത്തു കുടുംബത്തിലെ പെൺകുട്ടി കോമതിയെ. എന്റെ വീവറുടെ മകളായ അവളെ ചെറിയ കുട്ടിയായിരിക്കുമ്പോൾ മുതൽ കാണുന്നു. വീടിന്റെ ഉമ്മറത്ത് ഭംഗിയായി കോലം വരയ്ക്കുന്നത്, സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊപ്പം നെയ്യുന്നത്, നിറങ്ങളെക്കുറിച്ചുള്ള അവളുടെ ഗ്രാഹ്യം അന്നേ മനസ്സിൽ ഇടം പിടിച്ചെങ്കിലും അവൾ വീടിന്റെ സ്വന്തമായത് ദൈവനിശ്ചയം.

പൈതൃകമാണ്, കാത്തുവയ്ക്കണം

ആദ്യ ചിത്രത്തിലെ മൾട്ടി മിനാ ബോർഡറും ബോഡി ചെക്സുമുള്ള കാഞ്ചീപുരം എന്റെ ഇഷ്ട സാരിയാണ്. 40 – 50 വർഷം പഴക്കമുള്ള ശൈലിയിൽ നെയ്തതാണ്. കറുപ്പിൽ ചെക്സ് വരുന്ന ബോഡിക്ക് ട്രഡീഷനൽ റെഡ്, ഗ്രീൻ, മസ്റ്റഡ് കളർ മിനാ ബോർഡർ ആയിരുന്നു അന്ന്. ഇതിപ്പോൾ കാലത്തിനനുസരിച്ചു ലാവൻഡർ നിറത്തിൽ കനം കുറച്ചു നെയ്തെടുത്തതാണ്.

beena-kannan-saree

കൈത്തറിയിൽ നെയ്യുമ്പോൾ നെയ്ത്തുകാർ ചെലവിടുന്ന സമയത്തിനും അവരുടെ വിരലുകളിലെ കലയ്ക്കും കൂടി വില നൽകണം. ഇരുപതിനായിരം മുതലായിരിക്കും വില. പട്ടുസാരി വില കുറച്ചു കസ്റ്റമർക്ക് എത്തിക്കാനായി ഞാൻ തന്നെ നെയ്ത്തുകാരോടു കൈത്തറിക്കു പകരം മെഷീൻ ലൂം നിർദേശിച്ചിരുന്നു.

നമ്മൾ വമ്പൻ വീടുകൾ ഉണ്ടാക്കിയിടും. വലിയ വിലകൊടുത്തു കാറുകൾ വാങ്ങി മുറ്റത്തിടും. പക്ഷേ, പൈതൃകമായി ലഭിച്ച കൈത്തറി പട്ടുസാരികൾ അതിന്റെ പൈതൃകമൂല്യത്തിനൊത്ത പണം നൽകി വാങ്ങാൻ തയാറാകുന്നില്ല. നമ്മുടെ കുട്ടികൾ രാജ്യം വിട്ടു പോകുന്നു എന്ന് വിലപിക്കുന്നതെന്തിന്? എല്ലാ യാത്രകളും തിരിച്ചു വരാൻ വേണ്ടിയല്ലേ? ഫാഷൻ പോലും വർഷങ്ങൾക്കു ശേഷം തിരിച്ചു വരുന്നതാണ് കാണുന്നത്. പക്ഷേ, ഇവിടം വിട്ടുപോകുന്ന നമ്മുടെ മക്കൾ, അല്ലെങ്കിൽ അവരുടെ അടുത്ത തലമുറ തിരിച്ചു വരുന്ന റിവേഴ്സ് മൈഗ്രേഷൻ കാലത്തു നമ്മുടെ പൈതൃകമെന്നു ചൂണ്ടിക്കാണിക്കാൻ ഒന്നുമില്ലാത്ത അവസ്ഥ വരരുത്.

കാലത്തിനൊത്ത് ഒാടേണ്ടതുള്ളതുകൊണ്ടു ഞാനും ഇപ്പോൾ ഇന്റർനാഷനൽ മാർക്കറ്റിലേക്കു നോക്കുന്നു. ഇന്ത്യക്കാരിയായ പെൺകുട്ടിക്ക് ന്യൂയോർക്കിലോ ആംസ്റ്റർഡാമിലോ മീറ്റിങ്ങുകളിൽ ഉടുക്കാനായി ഡിസൈൻ ചെയ്തതാണ് ശീമാട്ടിയുടെ ക്രിസ്മസ് കളക്‌ഷനായ പിക്സൽ കളക്‌ഷൻ സാരികൾ. ഞാൻ തന്നെ ഡവലപ് ചെയ്ത പ്രിന്റ് ആയതുകൊണ്ടാണു രണ്ടാമത്തെ സാരിയായി അതിൽനിന്ന് ഒരെണ്ണം ഉടുത്തത്. ക്രോപ് ടോപ്പിനോ ടീ ഷർട്ടിനോ ഒപ്പം ഭംഗിയായി പെയർ ചെയ്യാം.

എന്റെ പ്രിയപ്പെട്ട സാരികൾ സത്യത്തിൽ മറ്റുള്ളവരുടെ അലമാരയിലാണ്. വിദേശത്തു നഴ്സുമാരായ നമ്മുടെ പെൺകുട്ടികൾ അവധി കഴിഞ്ഞു പോകുമ്പോൾ എ ന്റെ സാരിയും ഒപ്പമുണ്ടാകും. നാട്ടിലെ അമ്മയ്ക്ക് മക്കൾ സ്നേഹത്തോടെ സമ്മാനിക്കുന്ന ഒരു സാരി ഹൈദരാബാദിലോ രാജസ്ഥാനിലോ കച്ചവടക്കാരുടെ കുടുസ്സു മുറിയിൽ നിന്നു ‍ഞാൻ കണ്ടെടുത്തതായിരിക്കാം. ആ അമ്മയുടെയും മക്കളുടെയും സ്നേഹം കലരുമ്പോൾ സാരിക്കു കിട്ടുന്ന ഒരു നിറമുണ്ട്. ‍ഞാൻ ഹൃദയം കൊണ്ടു കണ്ടിട്ടുള്ള ആ നിറമാണ് എനിക്ക് ഭൂമിയിൽ ഏറ്റവും ഇഷ്ടം.

സീന ടോണി ജോസ്

ഫോട്ടോ: ശ്യാം ബാബു

  </p>