Friday 15 December 2023 11:29 AM IST

‘തൊട്ടിലിൽ തൂങ്ങിയാടി കുട്ടി‌കൾ കുറുമ്പു കാണിക്കില്ലേ... അതുപോലെ, കസർത്തെന്നു തോന്നുമെങ്കിലും ഏരിയില്‍ യോഗ ബെസ്റ്റാണ്’: അശ്വതി പറയുന്നു

Delna Sathyaretna

Sub Editor

aswathy-yoga3456

ഒരു സിനിമയിൽ ഉന്തിയ വയറുമായി അഭിനയിക്കുന്ന താരം മൂന്നുമാസം കഴിഞ്ഞു മറ്റൊന്നിൽ വരുന്നതു മെലിഞ്ഞ് സിക്സ് പാക്കുമായി. ഇതൊക്കെ ‘എങ്ങനെ സാധിക്കുന്നു’ എന്ന അമ്പരപ്പാണു പ്രേക്ഷകരിൽ പലർക്കും.

ഫോട്ടോ എടുക്കുമ്പോൾ ശ്വാസം പിടിച്ചു വയർ ഉള്ളിലേക്കു വലിച്ചൊതുക്കി നിൽക്കുമ്പോൾ മനസ്സിലൊരു ചിന്ത പായാം. ഈ താരങ്ങൾക്കൊക്കെ ഫിറ്റ്നസ് ട്രെയ്നറും ഡയറ്റീഷനും ഉണ്ടല്ലോ. നമ്മളെപ്പോലെ ഉള്ളവർക്ക് അതു വല്ലതും നടക്കുമോ? ഇങ്ങനെ ചിന്തിച്ചു പലരും ഫിറ്റ്നസ് മോഹം അവിടെ കളയും. സത്യത്തിൽ താരങ്ങളേക്കാൾ ഫിറ്റ്നസും ശരീരസൗന്ദര്യവും സംരക്ഷിക്കാൻ എളുപ്പം ന മ്മൾക്കാണ്.

ചിലപ്പോൾ രാത്രി മുഴുവൻ നീളുന്ന ഷൂട്ടിങ്. പിന്നെ, കഥ കേൾക്കൽ, പൊതുപരിപാടികൾ. അതിനൊക്കെ ഇടയിൽ വ്യായാമവും ദിനചര്യയും കൃത്യമായി പാലിക്കുന്നതാണു താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം. പ്രമുഖതാരങ്ങളുടെ ഫിറ്റ്നസ് ട്രെയ്നർമാർ പറഞ്ഞുതരുന്ന ഫിറ്റ്നസ് ടിപ്സ് അറിയാം.  

––––  

സംയുക്ത, ലെന, അനാർക്കലി നസർ, മോഡൽ ലക്ഷ്മി മേനോൻ എന്നിവര്‍ക്കൊക്കെ ഏരിയൽ യോഗ ക്ലാസ് എടുത്തു പരിചയമുള്ള അശ്വതി ആത്മാവോടു ചേർത്തു നിർത്തുന്നതു നൃത്തമാണ്. ആ ഇഷ്ടത്തിന്റെ വഴിയിലൂടെയാണു കോട്ടയം സ്വദേശിയായ അശ്വതി യോഗയിലേക്കെത്തുന്നത്. 2015 മുതൽ ബെംഗളൂരുവിൽ യോഗ പരിശീലകയാണ്. രണ്ടുവർഷം മുൻപ് കൊച്ചിയിലേക്കു താമസം മാറി.  

‘‘കുട്ടികൾ മുതൽ 55 വയസ്സ് വരെയുള്ളവർക്ക് ഏരിയൽ യോഗ പരിശീലിക്കാം. പ്രായത്തേക്കാളും എത്രത്തോളം ആക്ടീവും ഹെൽത്തിയുമാണെന്നതാണ് പഠനത്തിന്റെ മാനദണ്ഡം. ഒരു മണിക്കൂർ വീതമുള്ള പത്തു സെഷനുകളിലൂടെ ഏരിയൽ യോഗ പരിശീലനം പൂർത്തിയാക്കാം. ഗർഭിണികളും ഹൃദ്രോഗം, വെർട്ടിഗോ പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരും ഏരിയൽ യോഗ ചെയ്യരുത്.’’

ചലിച്ചു കൊണ്ടുള്ള ധ്യാനം

‘‘തൊട്ടിലിൽ നുഴഞ്ഞു കയറിയും തൂങ്ങിയാടിയും കുട്ടി‌കൾ കുറുമ്പു കാണിക്കില്ലേ. അതുപോലെയാണ് ഏരിയൽ യോഗ. ഹഠ യോഗ, നൃത്തം, പലാറ്റീസ് എന്നിവയെല്ലാം ചേർന്ന വ്യായാമ രീതിയാണിത്. തുണി കൊണ്ടു കെട്ടിയ തൊട്ടിലിൽ (ഹാമ്മോക്ക്) തല കീഴായി തൂങ്ങി നിന്നു കസർത്തു കാണിക്കുന്നതായി കാഴ്ചക്കാർക്കു തോന്നുമെങ്കിലും ഒരുപാടു ഗുണങ്ങളുണ്ട് ഏരിയൽ യോഗയ്ക്ക്. 

ശരീരഘടനയുടെ ഓറിയന്റേഷൻ മാറുന്നതു കൊണ്ടുതൂങ്ങി നിന്നുള്ള യോഗയിൽ ഏകാഗ്രതയും ആത്മവിശ്വാസവും വളരെയധികം കൂടും. ഏരിയൽ യോഗയുടെ ചില ആസനങ്ങൾ ചലിച്ചുകൊണ്ടുള്ള ധ്യാനത്തിന്റെ ഗുണങ്ങൾ തരും. പേശികൾക്കു ബലം വർധിക്കാനും ശ്വാസഗതി മെച്ചപ്പെടാനും ഏരിയൽ യോഗ സഹായിക്കും. മനസ്സിനു നല്ല റിലാക്സേഷൻ നൽകാനും ഏരിയൽ യോഗ ഏറ്റവും മികച്ചതാണ്. 

ആ ഹാമ്മോക്കെങ്ങാനും പൊട്ടിപ്പോയാലോയെന്നു കാണുമ്പോൾ ടെൻഷൻ തോന്നുമെങ്കിലും നല്ല ബലമുണ്ടതിന്. അങ്ങനെയൊന്നും പൊട്ടില്ല. 300 കിലോയെങ്കിലും താങ്ങാനുള്ള സ്ട്രെങ്ത് ഉണ്ട്.’’