Wednesday 13 December 2023 03:01 PM IST : By സ്വന്തം ലേഖകൻ

‘ആ സത്യം അറിയാവുന്ന ഒരേയൊരാൾ സതീശനാണ്, അദ്ദേഹം എന്നെ കല്യാണം കഴിച്ചേ പറ്റൂ’: കോളിളക്കം സൃഷ്ടിച്ച വിവാഹം: മാല പാർവതി പറയുന്നു

mala-parvathy

അച്ഛന്റെ അടുത്ത കൂട്ടുകാരനായിരുന്നു തോപ്പിൽഭാസി. ഞാൻ കുട്ടിയായിരുന്നപ്പോൾ ഭാസി മാമൻ അച്ഛനോടു പറഞ്ഞു. ‘ഇവളെയും നമുക്കു മാല എന്നു വിളിക്കാം.’ അദ്ദേഹത്തിന്റെ മകളുടെ പേരും മാല എന്നാണ്. ഭാസി മാമന്റെ ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേര് എന്ന സവിശേഷതയും മാലയ്ക്കുണ്ട്. അങ്ങനെ പാർവതി എന്ന പേരിനൊപ്പം മാലയും ചേർന്നു.’’ മാസ്റ്റർപീസ് എന്ന വെബ്സീരിസിലെ ആനിയമ്മയായി കസറിയ സന്തോഷത്തിലാണു മാല പാർവതി ഇപ്പോൾ.

ആനിയമ്മയെ പോലെ ആരെയെങ്കിലും നേരിൽ പരിചയമുണ്ടോ ?

ചെറിയ പിണക്കങ്ങൾ, അവഗണനകൾ ഒ ക്കെ ജീവിതാവസാനം വരെ പറയുന്നവർ നമുക്കിടയിൽ തന്നെ ഇല്ലേ? ആനിയമ്മയ്ക്ക് അത് ഒപ്പത്തിനൊപ്പം കിട്ടാത്ത ഓംലെറ്റാണ്. ചിലർക്കതു പാലോ, സ്വർണമോ ഒ ക്കെ ആകാം. അനിയത്തിക്കു വള മേടിച്ചപ്പോൾ എനിക്ക് മേടിച്ചില്ല. കല്യാണത്തിന് എല്ലാവർക്കും പൂ മേടിച്ചു കൊടുത്തു, എനിക്കു മാത്രം തന്നില്ല അങ്ങനെയുള്ള അവഗണനകൾ ജീവിതാവസാനം വരെ പറയുന്നവരുണ്ട്. പ്രവീണിന്റെ തിരക്കഥയിൽ ആനിയമ്മയുടെ ചിത്രം വളരെ വ്യക്തമായിരുന്നു. അല്ലാതെ അങ്ങനെയൊരാളെ മാതൃകയാക്കിയിട്ടില്ല. മാസ്റ്റർപീസിന്റെ സംവിധായകൻ ശ്രീജിത്ത് ഈ റോളിലേക്ക് എന്നെ നിർദേശിച്ചുവെന്നറിഞ്ഞപ്പോൾ ആദ്യം അതിശയം തോന്നി. കാരണം അത്രയും വോൾട്ടേജ് ഉള്ള കഥാപാത്രമാണ്.

മാസ്റ്റർപീസ് കാണുമ്പോൾ തോന്നും പോലെ ജാതി മത ചിന്തകളിൽ പുതുതലമുറ പുരോഗമന ചിന്തയുള്ളവരാണോ?

പുതിയ തലമുറ കൊള്ളാം എന്നു ചിന്തിച്ചു വരുമ്പോഴാകും അതിനെ തകർത്തുകളയുന്ന ചിലർ മുന്നിലേക്കു വരുന്നത്. വർഗീയത മൈക്ക് വച്ചു പറയാൻ ഉളുപ്പില്ലാത്ത സമൂഹമായി നമ്മൾ മാറിയില്ലേ? പുറത്തു പറയുന്നതാണോ അകത്തു ചിന്തിക്കുന്നതെന്ന സംശയനിഴൽ ചുറ്റുമുണ്ട്. തുറന്നു സംസാരിക്കാനുള്ള അന്തരീക്ഷമില്ല. നമ്മൾ മലയാളികൾ, നമ്മുടെ കേരളം എന്നൊക്കെ പറയാവുന്ന തരത്തിലുള്ള സാഹചര്യം ഇപ്പോഴുണ്ടെന്നു തോന്നുന്നില്ല. മതേതരത്വം എന്ന വാക്കു തന്നെ പലർക്കും അശ്ലീലമായി മാറി. അതാണെന്റെ വലിയ ദുഃഖം.

കലാതാൽപര്യം ആദ്യമേ കൂടെയുണ്ടായിരുന്നോ?

1987ലാണ് ആദ്യസിനിമ മേയ്മാസപ്പുലരിയിൽ അഭിനയിക്കുന്നത്. പ്രീഡിഗ്രി പഠിക്കുമ്പോൾ എഴുത്തുകാരി ചന്ദ്രമതി ടീച്ചറുടെ നാടകത്തിൽ അഭിനയിച്ചു.

വിവാഹശേഷം മകൻ പിറന്ന സമയത്താണ് ശ്യാമപ്രസാദിന്റെ ‘മരണം ദുർബലം’ എന്ന സീരിയലിലേക്ക് വിളിക്കുന്നത്. അഭിനയത്തിലുള്ള ആത്മവിശ്വാസക്കുറവുകൊണ്ട് അന്നതു സ്വീകരിച്ചില്ല.

ആ കഥ എന്റെ അമ്മൂമ്മയെക്കുറിച്ചുള്ളതായിരുന്നു. കുമാരനാശാന്റെ ഭാര്യ ആയിരുന്നു അമ്മൂമ്മ ഭാനുമതിയമ്മ. അതിൽ രണ്ടു മക്കൾ. പിന്നീട് കുമാരനാശന്റെ മരണശേഷമാണു ഗ്രന്ഥകാരനായ സി.ഒ.കേശവനുമായുള്ള രണ്ടാം വിവാഹം. ആ ബന്ധത്തിൽ പിറന്ന നാലു മക്കളിൽ മൂത്തയാളാണ് എന്റെ അമ്മ. അപ്പൂപ്പൻ കുമാരനാശാന്റെ ജീവ ചരിത്രകാരൻ കൂടിയാണ്.

സൈക്കോളജിസ്റ്റായി ജോലി ചെയ്തിരുന്നുവല്ലേ?

അമ്മ ഇടയ്ക്ക് പറയുമായിരുന്നു. ‘നിനക്കു ഹീലിങ് ഹാൻഡ്സ്’ ഉണ്ട്. അങ്ങനെയാണ് സൈക്കോളജിയിൽ എത്തിയത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ അ ഞ്ചു വർഷം സൈക്കോളജിസ്റ്റായി ജോലി ചെയ്തു. അമ്മ കെ. ലളിത തിരുവനന്തപുരത്തെ തിരക്കുള്ള ഗൈനക്കോളജിസ്റ്റായിരുന്നു. അച്ഛൻ അഡ്വ. ത്രിവിക്രമൻ ഖാദി ബോർഡിൽ ഡെപ്യൂട്ടി സെക്രട്ടറിയും. കഴിഞ്ഞ വർഷമായിരുന്നു അച്ഛന്റെയും അമ്മയുടെയും വേർപാട്. അതിനു ശേഷം തിരുവനന്തപുരത്തുനിന്നു കൊച്ചിയിലേക്കു താമസം മാറി.

mala-parvathy-2

കല്യാണവും കോളിളക്കം സൃഷ്ടിച്ചതായിരുന്നു?

ഞാനും സതീശനും എസ്എഫ്ഐ പ്രവർത്തകരായിരുന്നു. സതീശൻ യൂണിവേഴ്സിറ്റി യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്നു. ഞാൻ വിമൻസ് കോളജിലെ ചെയർപേഴ്സണും. അന്നു പ്രസ്ഥാനത്തിനുള്ളിലെ ഗ്രൂപ്പ് വഴക്കിൽ നിന്നാണു ഞങ്ങളുടെ പ്രണയകഥ ഉണ്ടാകുന്നത്. സതീശനെ സംസ്ഥാന കമ്മിറ്റിയിൽ നിന്നൊഴിവാക്കാനുള്ള നീക്കം. ഞങ്ങൾ ഒരുമിച്ചു പലയിടത്തും പോയി എന്നൊക്കെയാണു കഥാസാരം.

സംഭവം അറിഞ്ഞതിൽ പിന്നെ, വീട്ടിൽ കല്യാണാലോചനകൾ തുടങ്ങി. പെണ്ണുകാണാൻ വന്നൊരാൾ സംസാരം തുടങ്ങിയതു തന്നെ ഈ അപവാദകഥയിൽ നിന്നാണ്. ‘ഈ പ്രായത്തിൽ അങ്ങനെ അഫയർ ഉണ്ടാകുന്നതൊന്നും വലിയ കാര്യമല്ല. എനിക്ക് മനസ്സിലാക്കാൻ കഴിയും.’ അദ്ദേഹം ഇംഗ്ലിഷിലാണു സംസാരിക്കുന്നത്. പക്ഷേ, അ തു വിശ്വസിക്കാൻ കഴിഞ്ഞില്ല. ജീവിതകാലം മുഴുവൻ എ നിക്കു മറ്റൊരു ബന്ധമുണ്ടായിരുന്നു എന്ന് ഇയാൾ പറയും. ഉറപ്പാണ്. അങ്ങനെയാണ് അന്നു തോന്നിയത്.

‘സത്യം അറിയാവുന്ന ഒരേയൊരാൾ സതീശാണ്. അതു കൊണ്ട് സതീശൻ എന്നെ കല്യാണം കഴിച്ചേ പറ്റൂ’. പല തും പറഞ്ഞ് ഒഴിവാകാൻ നോക്കിയെങ്കിലും ഒടുവിൽ സ തീശന് എന്റെ അവസ്ഥ മനസ്സിലായി. ഞങ്ങൾ റജിസ്റ്റർ വിവാഹം ചെയ്തു. പിന്നെ, ഒന്നരവർഷത്തിനു ശേഷം സതീശനു സിഡിറ്റിൽ ജോലി കിട്ടിയ ശേഷം ചടങ്ങുപ്രകാരം വിവാഹിതരായി ഒരുമിച്ചു ജീവിതം തുടങ്ങി. ആ സംഭവത്തോടെ ഞാൻ സജീവപ്രവർത്തനങ്ങളിൽ നിന്നു പി ൻവാങ്ങി. സതീശൻ ഇപ്പോഴും പാർട്ടി അനുഭാവിയാണ്.

ഫോട്ടോ: അരുൺ സോൾ