Monday 11 December 2023 03:55 PM IST : By സ്വന്തം ലേഖകൻ

‘യഥാര്‍ഥത്തില്‍ മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ’: മൻസൂർ അലി ഖാന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

thirsjjhfmansss

നടി തൃഷയ്ക്കെതിരായ മാനനഷ്ടക്കേസിൽ നടൻ മൻസൂർ അലി ഖാന് മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. യഥാര്‍ഥത്തില്‍ മാനനഷ്ടക്കേസ് കൊടുക്കേണ്ടത് തൃഷ ആണെന്നും കോടതി പറഞ്ഞു. വാക്കാലുള്ള പരാമർശമാണ് കോടതിയുടെ ഭാഗത്തു നിന്നുണ്ടായത്. പൊതുസ്ഥലത്ത് പാലിക്കേണ്ട മര്യാദകളെക്കുറിച്ചും മൻസൂർ അലി ഖാനെ ഓർമിപ്പിച്ച കോടതി, സെലിബ്രിറ്റികളെ പലരും മാതൃകയാക്കുന്നുണ്ടന്നും അതു ശ്രദ്ധിക്കണമെന്നും വ്യക്തമാക്കി. 

തുടർച്ചയായി താങ്കൾ വിവാദങ്ങളിൽ പെടുന്നുണ്ടെന്നും തെറ്റു ചെയ്തിട്ടില്ലെങ്കിൽ പിന്നെന്തിനാണ് മുൻകൂർജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതെന്നും കോടതി ആരാഞ്ഞു. കേസിൽ ബാധിക്കപ്പെട്ടയാള്‍ താനാണെന്നും താൻ അതുവിട്ട് സമാധാനത്തോടെയിരിക്കുമ്പോൾ അദ്ദേഹം വീണ്ടും കേസുമായി വന്നത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും തൃഷയ്ക്കു വേണ്ടി അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കേസ് ഡിസംബർ 22ലേക്ക് മാറ്റി. 

തൃഷ, നടിയും ദേശീയ വനിതാ കമ്മിഷൻ അംഗവുമായ ഖുഷ്ബു, നടൻ ചിരഞ്ജീവി എന്നിവർ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടാണു മൻസൂർ അലിഖാന്‍ കോടതിയിൽ കേസ് ഫയൽ ചെയ്തത്. അടുത്തിടെ പുറത്തിറങ്ങിയ ‘ലിയോ’ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ മൻസൂർ അലിഖാൻ തൃഷയെ കുറിച്ച് നടത്തിയ പരാമർശം വിവാദമായിരുന്നു. 

വിഷയത്തിൽ സ്വമേധയാ ഇടപെട്ട ദേശീയ വനിതാ കമ്മിഷന്റെ നിർദേശപ്രകാരം പൊലീസ് കേസെടുത്തെങ്കിലും, കേസുമായി മുന്നോട്ടു പോകാൻ താൽപര്യമില്ലെന്ന് തൃഷ അറിയിച്ചതോടെ പൊലീസ് നടപടികൾ അവസാനിപ്പിച്ചു. ഇതിനു പിന്നാലെയാണ് താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നും വിഡിയോ പൂർണമായി കാണാതെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയെന്നും ആരോപിച്ച് മൻസൂർ അലി ഖാന്‍ കോടതിയെ സമീപിച്ചത്.

Tags:
  • Movies