Friday 05 April 2024 09:32 AM IST : By സ്വന്തം ലേഖകൻ

ചിത്രീകരണത്തിനിടെ അജിത് ഓടിച്ച കാർ തലകീഴേ മറിഞ്ഞു, അതിശയകരമായി രക്ഷപ്പെട്ടു താരം

ajith

തന്റെ പുതിയ ചിത്രം ‘വിടാമുയർച്ചി’യുടെ ചിത്രീകരണത്തിനിടെ കാറപകടത്തിൽ നിന്നു അതിശയകരമായി രക്ഷപ്പെട്ടു തമിഴ് നടൻ അജിത് കുമാർ.

ചിത്രത്തിലെ ചില സ്റ്റണ്ട് സീനുകളുടെ ചിത്രീകരണത്തിനിടെയാണ് സംഭവം. സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുകയായിരുന്നു അജിത്. ഒപ്പം നടൻ ആരവും.

കാറോടിച്ചുകൊണ്ടിരിക്കുന്ന അജിത്തിനരികിലായി ആരവ് ഇരിക്കുന്നതും അമിതവേഗത്തില്‍ ഓടുന്ന കാര്‍ പൊടുന്നനെ തലകീഴായി മറിയുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കാറിനകത്ത് നിന്നുളള ദൃശ്യങ്ങളും പുറത്ത് നിന്നുളള ദൃശ്യങ്ങളും വി‍ഡിയോയിലുണ്ട്. വാഹനം തലകീഴായി മറിഞ്ഞ ഉടനെ വണ്ടിക്കരുകിലേക്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും ഓക്കേ ആണോ സാര്‍ എന്ന് ചോദിക്കുന്നതും വി‍ഡിയോയില്‍ കാണാം. അസര്‍ബൈജാനില്‍ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയിലുളളത്.

‘ധൈര്യത്തിന് അതിരുകളില്ല, ഒരു സ്റ്റണ്ട് ഡബിൾ ഇല്ലാതെ വിഡാ മുയര്‍ച്ചി സിനിമയിൽ ധീരമായ ഒരു സ്റ്റണ്ട് സീക്വൻസ് എടുക്കുന്ന അജിത്തിന്റെ നിർഭയമായ അർപ്പണബോധത്തിന്റെ സാക്ഷ്യം’ എന്ന കുറിപ്പോടെ ചിത്രത്തിന്റെ നിര്‍മാതാക്കളായ ലൈക്ക പ്രൊ‍ഡ‍ക്ഷന്‍സാണ് വി‍ഡിയോ പങ്കുവച്ചത്.

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് വിടാ മുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വിടാ മുയര്‍ച്ചിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മഗിഴ് തിരുമേനിയാണ്. തൃഷയാണ് നായികയായെത്തുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളാകുക. അനിരുദ്ധാണ് സംഗീത സംവിധാനം.