Thursday 25 April 2024 11:03 AM IST : By സ്വന്തം ലേഖകൻ

‘ഗില്ലി വരുമ്പോൾ വിജയ്ക്ക് ഒരു പയ്യന്‍ ഇമേജ്, അതിനു ശേഷം ബ്രാന്റായി’: ധരണി പറയുന്നു

dharani

തമിഴ് സിനിമയിലെ എക്കാലത്തേയും വലിയ വിജയങ്ങളിലൊന്നും വിജയ് എന്ന സൂപ്പർതാരത്തിന്റെ ഉദയത്തിനു കാരണവുമായ ചിത്രമാണ് 2004 ൽ തിയറ്ററുകളിലെത്തിയ ‘ഗില്ലി’.

കബഡി താരം വേലുവായി വിജയ് എത്തിയ ചിത്രത്തില്‍ തൃഷയാണ് നായിക കഥാപാത്രമായ ധനലക്ഷ്മിയെ അവതരിപ്പിച്ചത്. മുത്തുപാണ്ടിയെന്ന വില്ലനായി പ്രകാശ് രാജ് എത്തി. ആശിഷ് വിദ്യാര്‍ഥി, നാഗേന്ദ്ര പ്രസാദ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ധരണിയാണ് ചിത്രത്തിന്റെ സംവിധായകന്‍. 2004 ല്‍ 50 കോടിയാണ് ഗില്ലി നേടിയത്.

ഇപ്പോഴിതാ, 20ആം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ചിത്രം റി റീലിസിനെത്തിയപ്പോഴും വൻ വിജയമാണ് നേടുന്നത്.

ചിത്രം വീണ്ടും ആരാധകര്‍ ഏറ്റെടുത്തതിന്റെ സന്തോഷത്തിലാണ് ധരണി. ഗില്ലി റീ റിലീസ് ഒരു ദിവസത്തെ ആഘോഷം എന്നാണ് കരുതിയതെന്നും ഇത്രയും വലിയ വിജയം ആകുമെന്ന് കരുതിയില്ലെന്നും ഒരു അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

‘‘ദൂള്‍ എന്ന ചിത്രം ചെയ്തതിന് ശേഷമാണ് താന്‍ മഹേഷ് ബാബു അഭിനയിച്ച ഒക്കഡു എന്ന തെലുഗു പടം കാണുന്നത്. ആ സമയത്ത് മനസില്‍ ഒരു കബഡി താരത്തിന്റെ ചിത്രവും, പണയകഥയും, ഒരു റോഡ് മൂവിയും ആലോചിച്ചു വരുകയായിരുന്നു. എന്നാല്‍ ഈ മൂന്ന് ഘടകങ്ങളും ഈ സിനിമയില്‍ ചേര്‍ന്നിരുന്നു.

ഒക്കഡുവിനെ വേറെ രീതിയില്‍ നന്നായി ചെയ്യാം എന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. അതിനെ തുടര്‍ന്ന് നിര്‍മാതാവ് എഎം രത്‌നത്തെ സമീപിച്ച് ചിത്രത്തിന്റെ റീമേക്ക് അവകാശം വാങ്ങി. ഒക്കഡുവില്‍ മഹേഷ് ബാബുവിന് ഒരു ഗുഡ് ബോയി ഇമേജ് ആയിരുന്നു. എന്നാല്‍ തമിഴില്‍ എത്തിയപ്പോള്‍ അച്ഛന് ഇഷ്ടമല്ലാത്ത കബഡി കളിക്കാന്‍ പോകുന്ന പയ്യനായി പ്രധാനകഥാപാത്രത്തെ മാറ്റി. അത് കുറേ ഇമോഷനും, കോമഡിയും ചിത്രത്തിന് നല്‍കി. ഗില്ലി വരുന്ന കാലത്ത് വിജയിക്ക് ഒരു പയ്യന്‍ ഇമേജായിരുന്നു, എന്നാല്‍ അതിന് ശേഷം ഒരു ബ്രാന്റായി. ചിത്രത്തിന്റെ വിജയം സൂചിപ്പിക്കുന്നത് അതാണ്’’. – ധരണി പറഞ്ഞു.

തമിഴ്നാടിനും കേരളത്തിനുമൊപ്പം യു.കെ, ഫ്രാന്‍സ്, അയര്‍ലണ്ട് എന്നിവിടങ്ങളിലും ചിത്രം റിലീസിനെത്തിയിട്ടുണ്ട്. തിയേറ്ററില്‍ നിന്നുള്ള, ചിത്രത്തെ ആവേശത്തോടെ സ്വീകരിക്കുന്ന ആരാധകരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

സിനിമയുടെ ആഗോള ബോക്‌സ് ഓഫീസ് വരുമാനം ഇപ്പോള്‍ 15 കോടി പിന്നിട്ടിരിക്കുകയാണ്. ഇന്ത്യയില്‍ മാത്രം 10 കോടിയോളമാണ് വരുമാനം.