Wednesday 20 December 2023 02:55 PM IST : By സ്വന്തം ലേഖകൻ

30 സെക്കൻഡ് പ്രമോഷൻ വിഡിയോയ്ക്ക് രണ്ട് ലക്ഷം ചോദിച്ചു: തുറന്നു പറഞ്ഞ് ലിറിസിസ്റ്റ് പിരിയൻ

amala-shaji

സിനിമയുടെ പ്രമോഷനു വേണ്ടി 30 സെക്കൻഡുള്ള പ്രമോഷൻ വിഡിയോ ചെയ്യുന്നതിന് സോഷ്യൽ മീഡിയ താരം അമല ഷാജി രണ്ട് ലക്ഷം രൂപ ചോദിച്ചുവെന്ന് തമിഴ് ഗാനരചയിതാവായ ലിറിസിസ്റ്റ് പിരിയൻ. അവരുടെ ആവശ്യം കേട്ടപ്പോൾ തന്റെ തല കറങ്ങിയെന്നും പിരിയൻ നായകനായി എത്തി സംവിധാനം ചെയ്യുന്ന ‘അരണം’ എന്ന സിനിമയുടെ പത്രസമ്മേളനത്തിൽ അദ്ദേഹം വെളിപ്പെടുത്തി.

‘ഇൻസ്റ്റഗ്രാമിൽ രണ്ട് നിമിഷം നൃത്തമാടുന്ന പെൺകുട്ടി ചോദിക്കുന്നത് അൻപതിനായിരം രൂപയാണ്. കേരളത്തിൽ ഉളള പെൺകുട്ടി ചോദിച്ചത് രണ്ട് ലക്ഷമാണ്. എന്തിനാണ് ഇത്രയും പൈസയെന്ന് ഞാൻ ചോദിച്ചു. 30 സെക്കൻഡ് റീല്‍സ് സർ എന്ന് പറഞ്ഞു. 30 സെക്കൻഡ് നൃത്തമാടുന്നതിന് രണ്ട് ലക്ഷം രൂപയോ എന്ന് തിരിച്ചു ചോദിച്ചു. ആ പൈസ വേറെ എന്തെങ്കിലും നല്ലകാര്യങ്ങൾക്ക് ഉപകരിക്കുമെന്ന് ഞാൻ പറഞ്ഞു. വിമാനടിക്കറ്റുവരെ ചോദിക്കുകയുണ്ടായി. അത് കേട്ട് എന്റെ തലകറങ്ങിപ്പോയി’.– പിരിയൻ പറഞ്ഞു.

തമിഴ് ഗാനരചയിതാവായ ലിറിസിസ്റ്റ് പിരിയന്റെ ആദ്യ സംവിധാന സംരംഭമാണ് അരണം. പ്രിയൻ എന്നാണ് യഥാർഥ പേരെങ്കിലും സിനിമയ്ക്കു വേണ്ടി ഈയിടെ തന്റെ പേര് പിരിയൻ എന്നു മാറ്റുകയായിരുന്നു.

വിജയ് ആന്റണി ഈണം പകർന്ന ഉസുമലരസെ, മസ്‌കാര പോട്ട്, വേല വേല വേലായുധം തുടങ്ങി നിരവധി പ്രശസ്ത ഗാനങ്ങൾ പിരിയൻ എഴുതിയിട്ടുണ്ട്.