Saturday 03 February 2024 11:07 AM IST : By സ്വന്തം ലേഖകൻ

‘പൂനം പാണ്ഡെ മരിച്ചിട്ടില്ല!’: പുറത്തു വന്നത് വ്യാജ മരണ വാർത്തയോ? ദുരൂഹതയേറ്റി ചർച്ചകൾ

poonam-p

സിനിമ–ഫാഷൻ ലോകത്തെ ഞെട്ടിച്ചു കൊണ്ട് നടിയും മോഡലുമായ പൂനം പാണ്ഡെയുടെ മരണവാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ വന്ന, പൂനം അന്തരിച്ചുവെന്ന കുറിപ്പിന്റെ ഞെട്ടലിൽ നിന്നും ഇനിയും ആരാധകര് പുറത്തു വന്നിട്ടില്ല. സെര്‍വിക്കല്‍ കാന്‍സറിനെ തുടര്‍ന്നാ പൂനം മരണപ്പെട്ടതെന്നാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പുറംലോകം അറിഞ്ഞത്. എന്നാൽ ഇപ്പോഴിതാ പൂനത്തിന്റെ മരണവാർത്തയുമായി ബന്ധപ്പെട്ട് ചില ദുരൂഹതകൾ സോഷ്യൽ മീഡിയയിലടക്കം നിറയുകയാണ്.

 പൂനം മരിച്ചിട്ടില്ലെന്നാണ് എക്സ് പ്ലാറ്റ്ഫോമിലെ ചർച്ചകൾ പറയുന്നത്. സെർവിക്കൽ കാൻസറിനെതിരെയുള്ള ക്യാംപെയ്നിന്റെ ഭാഗമായുള്ള പബ്ലിസിറ്റി സ്റ്റണ്ട് ആണ് ഈ ‘മരണ’മെന്നും ചിലർ ട്വീറ്റുകളിലൂടെ ഉന്നയിക്കുന്നു. നടിയുടെ ഇൻസ്റ്റഗ്രാം പേജിൽ വന്ന കുറിപ്പിൽ ‘സെർവിക്കൽ കാൻസർമൂലം പ്രിയപ്പെട്ട പൂനം മരണമടഞ്ഞു’ എന്നാണ് എഴുതിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊരു ക്യാംപെയ്ൻ ആകാനുളള എല്ലാ സാധ്യതയുമുണ്ടെന്നും ഇവർ ചൂണ്ടിക്കൂട്ടുന്നു. ലോക കാന്‍സർ ദിവസമായ ഫെബ്രുവരി നാലിന് ഈ ‘മരണവാർത്ത’യിലെ സസ്പെൻസ് വെളിപ്പെടുമെന്നും സൂചനയുണ്ട്.

മരണവുമായി ബന്ധപ്പെട്ട നടിയുടെ കുടുംബാംഗങ്ങൾ പ്രതികരിക്കാതിരിക്കുന്നതും ആശുപത്രി അധികൃതരോ ഡോക്ടർമാരോ ഈ വിഷയത്തിൽ മൗനം പാലിക്കുന്നതും സംശയം ജനിപ്പിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് ദിവസമായി നടി എവിടെയാണെന്ന ഒരു വിവരവും മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടില്ല. നാല് ദിവസം മുമ്പ് ഗോവയിലെ ഒരു പാർട്ടിയിൽ പങ്കെടുക്കുന്ന വിഡിയോ പൂനം തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരുന്നു.

പൂനത്തിന്റെ സഹോദരിയാണ് മരണവാർത്ത തന്നെ വിളിച്ചു പറഞ്ഞതെന്നായിരുന്നു നടിയുടെ മാനേജർ മാധ്യമങ്ങളോടു വെളിപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ നടിയുടെ സഹോദരിയെയും കുടുംബാംഗങ്ങളെയും മാധ്യമങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ചിലരുടെ ഫോൺ സ്വിച്ച്ഓഫും മറ്റു ചിലരുടേത് പരിധിക്കു പുറത്തുമായിരുന്നു.

ആരാധകരടക്കമുള്ളവർ വാർത്ത വിശ്വസിക്കാന്‍ ഇപ്പോഴും തയാറായിട്ടില്ല. ഇത് വ്യാജ വാർത്തയാണോ അതോ ഏതെങ്കിലും സിനിമയ്ക്കു വേണ്ടിയുള്ള പ്രമോഷനാണോ എന്നും സംശയം പ്രകടിപ്പിക്കുന്നവരുണ്ട്. പൂനം പാണ്ഡെയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടുവെന്ന പ്രചാരണവുമുണ്ട്. 

കഴിഞ്ഞ ദിവസം ഗോവയിൽ നടന്ന പാർട്ടി വിഡിയോയിൽ പൂർണ ആരോഗ്യവതിയായി കാണപ്പെടുന്ന പൂനത്തിന് പെട്ടന്നെങ്ങനെയാണ് കാൻസർ മൂലം മരണം സംഭവിക്കുന്നതെന്നാണ് ആരാധകർ ചോദിക്കുന്നത്.

2013ൽ നഷ എന്ന ചിത്രത്തിലൂടെ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച താരമാണ് പൂനം പാണ്ഡെ. ഹിന്ദിക്ക് പുറമെ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. മോഡലിങ് രംഗത്ത് സജീവമായ താരം പലപ്പോഴും വിവാദങ്ങളിലും പെട്ടിട്ടുണ്ട്.

ലൗ ഈസ് പോയിസണ്‍, അദാലത്ത്, മാലിനി ആൻഡ് കോ, ആ ഗയാ ഹീറോ, ദ് ജേർണി ഓഫ് കര്‍മ തുടങ്ങിയ നിരവധി സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. സിനിമയിൽ സജീവമായില്ലെങ്കിലും ടെലിവിഷൻ റിയാലിറ്റി ഷോകളിലൂടെ നടി സാന്നിധ്യം ഉറപ്പാക്കിയിരുന്നു.