തെലുങ്കിലെ മുതിർന്ന താരവും ഹിറ്റുകളിലെ നായകനുമായ സൂപ്പർസ്റ്റാർ രാജശേഖർ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടു. വിജയവാഡയില്‍ നിന്നും ഹൈദരാബാദിലേക്ക് വരുംവഴിയാണ് രാജശേഖര്‍ സഞ്ചരിച്ച മേഴ്സിഡസ് ബെന്‍സ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചത്. രാത്രി ഒന്നരയോടെയാണ് സംഭവം.
അപകടത്തില്‍ കാറിന് വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായതായും താരം നിസാര പരുക്കുകളോടെ രക്ഷപ്പെട്ടതായും അറിയുന്നു. അപകട സമയത്ത് കാറില്‍ ഡ്രൈവറും നടനും മാത്രമാണ് ഉണ്ടായിരുന്നത്. അമിത വേഗതയാണ് അപകടകാരണമെന്നാണ് റിപ്പോർട്ട്.
സംഭവ സ്ഥലത്ത് പോലീസ് ഉടന്‍ എത്തിയെങ്കിലും രാജശേഖറിന്റെ ഭാര്യ ജീവിത സംഭവ സ്ഥലത്തെത്തി താരത്തെ മറ്റൊരു കാറില്‍ കൊണ്ടുപോകുകയായിരുന്നു. മദ്യപിച്ചാണോ വാഹനം ഓടിച്ചത് എന്നറിയാനായി സംഭവ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്.