Friday 09 February 2024 02:51 PM IST : By Arun Kalappila

കാബേജസ് ആൻഡ് കോണ്ടംസ്; ‘ഞങ്ങൾ നൽകുന്ന ഭക്ഷണം ഒരിക്കലും ഗർഭധാരണത്തിന് കാരണമാകുന്നില്ല’, ഒരു തായ് റസ്റ്റോറന്റിന്റെ കഥ

cabbage-and-condoms-restaurant-chain-thailand-cover

‘ഞങ്ങൾ നൽകുന്ന ഭക്ഷണം ഒരിക്കലും ഗർഭധാരണത്തിന് കാരണമാകുന്നില്ല’ ഈ ക്യാപ്‌ഷൻ കണ്ടാൽ കൗതുകം തോന്നാത്തവരുണ്ടാകില്ല. പ്രശസ്തമായ ഒരു തായ് റസ്റ്റോറന്റിന്റെ അത്രതന്നെ പ്രശസ്തമായ ക്യാപ്‌ഷനാണിത്. ഭക്ഷണശാല എന്നതിലുപരി തായ്‌ലന്റിന്റെ സാമൂഹിക ജീവിതത്തിൽ വളരെയേറെ സ്വാധീനം ചെലുത്തിയ ഒരു മനുഷ്യന്റെ ദീർഘവീഷണത്തിൽ ഉടലെടുത്ത റെസ്റ്റോറന്റ് ശൃംഖലയാണിത്. ബാങ്കോക്കിലും പട്ടായയിലും തായ്‌ലന്റിന്റെ മറ്റു പട്ടണങ്ങളിലും മനോഹരമായ ആമ്പിയൻസിൽ ഒരുക്കിയിരിക്കുന്ന ഭക്ഷണശാലയാണ് "കാബേജസ് ആൻഡ് കോണ്ടംസ്"

മെച്ചായ് വീരവൈദ്യ

cabbage-and-condoms-restaurant-chain-thailand-mechai-viravaidya

വളരെ ദീർഘവീക്ഷണത്തോടെ തായ്‌ലന്റിന്റെ സാമൂഹിക രംഗത്ത് ഒരു സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനാണ് മെച്ചായ് വീരവൈദ്യ. 1941 ലാണ് ഇദ്ദേഹം ജനിച്ചത്. പിതാവ് തായ് വംശജനും മാതാവ് സ്‌കോട്ടിഷ് വംശജയുമാണ്. മെച്ചായുടെ പഠനം ആസ്‌ത്രേലിയയിൽ ആയിരുന്നു. 1965 ൽ ബിരുദപഠനം പൂർത്തിയാക്കി തായ്ലന്റിൽ മടങ്ങിയെത്തിയ അദ്ദേഹം അവിടെ സാമൂഹിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടുതുടങ്ങി. അക്കാലത്ത് തായ് കുടുംബങ്ങളിലെ കുട്ടികളുടെ എണ്ണം ശരാശരി ഏഴ് ആയിരുന്നു. സമൂഹത്തിലെ നിരന്തര ഇടപെടലും ബോധവത്കരണവും മൂലം കാലക്രമേണ അത് ശരാശരി രണ്ട് എന്ന ക്രമത്തിൽ എത്തിക്കാൻ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്ക് സാധിച്ചു. അതിനായി കണ്ടെത്തിയ മാർഗങ്ങളിൽ ഒന്ന്, തായ്ലന്റിലെ പൊതുയിടങ്ങളിൽ ക്യാബേജ് എങ്ങനെ സുലഭമായി ലഭിക്കുന്നുവോ, അതേപോലെ തന്നെ കോണ്ടം ലഭിക്കുക എന്നതാണ്. അതിനുള്ള നടപടികൾ സ്വീകരിക്കുകയാണ് ആരോഗ്യകരമായ ഒരു ജനതയേയും നല്ലൊരു സാമൂഹിക ജീവിതത്തേയും സൃഷ്ടിക്കാൻ ആദ്യം വേണ്ടത് എന്നദ്ദേഹം വിശ്വസിച്ചു. അത്തരത്തിലുള്ള പ്രവർത്തനങ്ങളിൽ നിന്നാണ് കാബേജസ് ആൻഡ് കോണ്ടംസ് എന്ന റെസ്റ്റോറന്റ്റ് ശൃംഖലയ്ക്ക് തുടക്കം കുറിച്ചത്. യഥാർഥത്തിൽ ഇത് മികച്ച ഭക്ഷണം ഉറപ്പുവരുത്തുന്ന ഒരു ഭക്ഷണശാല മാത്രമല്ല, തായ്‌ലന്റിന്റെ സാമൂഹിക ജീവിതത്തിൽ ഇടപെടുന്ന ബൃഹത്തായ പ്രവർത്തനങ്ങളുടെ കേന്ദ്രം കൂടിയാണ്.

പി ഡി എ (PDA ) എന്ന സംഘടന

1973 ൽ മെച്ചായ് വീരവൈദ്യ സിവിൽ സർവീസ് ഉപേക്ഷിച്ച് സമൂഹത്തിലെ ദരിദ്രരുടെ ജീവിതനിലവാരം ഉയർത്തുന്നത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. അതിനായി ആദ്യം പോപ്പുലേഷൻ ആൻഡ് കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ് അസോസിയേഷൻ (PDA) എന്ന സംഘടന രൂപീകരിച്ചു. തീർത്തും ലാഭേച്ഛയില്ലാത്ത ഒരു സംഘടനയായിരുന്നു ഇത്. സാമൂഹികാരോഗ്യവും ജനസംഖ്യവളർച്ചാനിരക്ക് കുറയ്ക്കുക എന്നിവയും ലക്ഷ്യമിട്ട് സുരക്ഷിതമായ ലൈംഗികതയ്ക്കായി പരമാവധി ആളുകളിലേക്ക് കോണ്ടം എത്തിക്കുകയും അതിന്റെ ഉപയോഗത്തിനായി ആളുകളെ പ്രോത്സാഹിക്കുംവിധം ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുകയും ചെയ്തു. ഹൈസ്കൂൾ തലം മുതൽ അത് പഠനവിഷയമാക്കി.സമൂഹത്തിലെ അടിത്തട്ടുകാർ, കൂലിത്തൊഴിലാളികൾ, ടാക്സീ ഡ്രൈവർമാർ, ലൈംഗിക തൊഴിലാളികൾ സൗജന്യമായി ഗർഭനിരോധന ഉറകൾ ലഭ്യമാക്കി.

cabbage-and-condoms-restaurant-chain-thailand-souvenir-shop

മെച്ചയ്യുടെ രാഷ്ട്രീയ ജീവിതം

പ്രധാനമന്ത്രി പ്രേം ടിൻസുല നോബയുടെ കീഴിൽ 1985 മുതൽ ഒരു വർഷം വ്യവസായ ഡെപ്യൂട്ടി മന്ത്രിയായിരുന്നു അദ്ദേഹം.1987 മുതൽ 1991 വരെ സെനറ്ററായും പ്രവർത്തിച്ചിരുന്നു. ലോകം മുഴുവൻ എയ്‌ഡ്‌സ്‌ എന്ന മാരകരോഗത്തിന്റെ ഭയപ്പാടിൽ അമർന്ന ഇക്കാലയളവിൽ അദ്ദേഹം തായ്‌ലന്റിന്റെ പൊതുസമൂഹത്തിൽ ലൈംഗികസുരക്ഷാ അവബോധം വർധിക്കുംവിധമുള്ള പ്രവർത്തനങ്ങൾ വ്യാപിപ്പിച്ചു. രാജ്യം മുഴുവൻ എയ്‌ഡ്‌സ്‌ ബോധവത്കരണ ക്ളാസുകൾ സംഘടിപ്പിക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. 1991 നു ശേഷമുള്ള മന്ത്രിസഭയിൽ ടൂറിസം , ഐ ടി , എയ്‌ഡ്‌സ്‌ എന്നീ വകുപ്പുകളുടെ മന്ത്രിയായി അദ്ദേഹം നിയമിക്കപ്പെട്ടു. അക്കാലത്ത് NIST ഇന്റർനാഷനൽ സ്കൂളിന്റെ ഭരണസമിതിയായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഫൗണ്ടേഷൻ ഫോർ ഇന്റർനാഷണൽ എഡ്യൂക്കേഷന്റെ ചെയർമാനായി 2002 വരെ അവിടെ തുടർന്നു. 2004 അദ്ദേഹം സെനറ്ററായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോഴാണ് തായ്‌ലന്റിൽ പൊതുയിടങ്ങളിൽ വൃത്തിയുള്ള ടോയ്‌ലറ്റ് എന്ന നിർദ്ദേശം കൊണ്ടുവന്നത്. ഈ പ്രവർത്തനം കച്ചവടക്കാരുടെ ഇടയിൽ നിന്നും വിമർശനങ്ങൾ വരുത്തിയെങ്കിലും അതിന് ടൂറിസം രംഗത്തും സാമൂഹിക രംഗത്തും വലിയൊരു മുന്നേറ്റമുണ്ടാക്കാൻ സാധിച്ചു.

കാബേജ്സ് ആൻഡ് കോണ്ടംസ്

cabbage-and-condoms-restaurant-chain-thailand-interior-food

സുരക്ഷിതമായ ലൈംഗികത മഹത്തായ ഒന്നാണെന്നും എല്ലാവരും അതിനായി സംസാരിക്കണമെന്നും അതിനായി കരുതലെടുക്കണമെന്നും , പൊതുയിടങ്ങളിൽ ജാള്യതയില്ലാതെ അതുറപ്പുവരുത്തണമെന്നുമുള്ള ഉൾക്കാഴ്ചയോടെ ആരംഭിച്ച അതിമനോഹരമായൊരു റെസ്റോറന്റ് ശൃംഖലയാണ് കാബേജസ്  ആൻഡ് കോണ്ടംസ്. ബാങ്കോക്കിലെ നഗരഹൃദയമായ സുഖുംവിറ്റ് 12 ലാണ് ഈ റെസ്റ്റോറന്റ്റ് സ്ഥിതിചെയ്യുന്നത്. ഇത് കൂടാതെ പട്ടായയിലും മറ്റു ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഇത് പ്രവർത്തിക്കുന്നുണ്ട്. ബാങ്കോക്കിൽ സുഖുംവിറ്റ് മെട്രോസ്റ്റേഷനിൽ നിന്നും നടക്കാനുള്ള ദൂരത്തിലാണ് മനോഹരമായി അലങ്കരിച്ചിരിക്കുന്ന ഈ റെസ്റ്റോറന്റ് പ്രവർത്തിക്കുന്നത്.

കാബേജ് ലഭിക്കുന്നതുപോലെ തന്നെ സമൂഹത്തിൽ കോണ്ടവും ലഭ്യമാക്കുക എന്ന ആശയം പ്രചരിപ്പിക്കുവാനാണ് മെച്ചായ് ഈ റെസ്റ്റോറന്റ് ശൃംഖല ആരംഭിച്ചത്. തായ്‌ലന്റിലെ സാമൂഹികജീവിതത്തിൽ അതൊരു വിപ്ലവം തന്നെ സൃഷ്ടിച്ചു. സുഖുംവിറ്റിലെ പ്രധാനനിരത്തിൽ നിന്നും മാറി ചെറിയൊരു റോഡിന്റെ വശത്തായി വിവിധ വർണണങ്ങൾകൊണ്ട് മനോഹരമായി അലങ്കരിച്ച റെസ്റ്റോറന്റാണിത്. പങ്കാളിയോടൊപ്പം ഇവിടേക്കുള്ള യാത്ര പ്രണയസുന്ദരമായ നിമിഷങ്ങൾ നിങ്ങൾക്ക് സമ്മാനിക്കും.

cabbage-and-condoms-restaurant-chain-thailand-condoms

ചെറുമരങ്ങൾ നിറഞ്ഞ നടപ്പാതയിലൂടെ ചെറിയൊരു സുവനീർ ഷോപ്പിലാണ് നമ്മൾ ആദ്യമെത്തുക. ഉള്ളിൽ കരകൗശലവസ്തുക്കളുടെ ഒരു ശേഖരം തന്നെയുണ്ട് അവിടെ. അതിൽ മിക്കതും കോണ്ടം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ടവയാണ്. സുവനീർ ഷോപ്പ് കടന്നാൽ കവാടത്തിൽ മനോഹരമായി നിർമ്മിച്ച മൂന്നു പ്രതിമകൾ നമ്മെ സ്വാഗതം ചെയ്യുന്നുണ്ടാകും. പുഞ്ചിരിതൂകി നിൽക്കുന്ന ആ പ്രതിമകളുടെ വസ്ത്രങ്ങളും കോണ്ടം ഉപയോഗിച്ച് നിർമിച്ചവ തന്നെ. ചുറ്റിലും വിവിധ വർണങ്ങളിൽ പ്രകാശം പൊഴിച്ച് നിൽക്കുന്ന കെട്ടിടങ്ങളുടെ നടുവിലെ മനോഹരമായ ചത്വരത്തിൽ ചെറിയ മരങ്ങൾ കാണാം. അത് നിറയെ വർണണങ്ങൾ പൊഴിച്ചുനിൽക്കുന്നു. അത്രത്തോളം ഹാങ്ങിങ് ലൈറ്റുകൾ അവയുടെ ഇലകളാണെന്ന് തോന്നും. അവയ്ക്ക് ചുറ്റും മനോഹരമായി അലങ്കരിച്ച തീന്മേശകൾ.

രുചികരമായ ഭക്ഷണശാല

ഇന്ന് തായ്‌ലന്റിലെ ഏറ്റവും മികച്ച ഭക്ഷണം വിളമ്പുന്ന റെസ്റ്റോറന്റുകളിലൊന്നാണിത്. സീഫുഡും മട്ടണും പോർക്കും ചിക്കനുമടക്കം മാംസഭക്ഷണത്തിലെ രുചികരമായതെല്ലാം ഇവിടെ ലഭിക്കും. ഭക്ഷണത്തിനൊപ്പം അമിത വില ഈടാക്കാതെ മദ്യവും മറ്റു ലഹരി പാനീയങ്ങളും ഇവിടെ വിളമ്പുന്നുണ്ട്. അൽപനേരം റെസ്റ്റോറന്റ് മുഴുവൻ ചുറ്റിനടന്നിട്ട് ചത്വരത്തിലെ ഒരു കോർണറിൽ ഇരിപ്പുറപ്പിച്ചു. ചുറ്റിലും അലങ്കാരച്ചെടികൾ. ആദ്യം ഒരു ബിയർ നുണഞ്ഞ് സീഫുഡ് ഫ്രൈഡ് റൈസിനും ഫ്രൈഡ് ചിക്കനും ഓർഡർ നൽകി. വളരെ രുചികരമായ ഭക്ഷണമായിരുന്നു അത്.

cabbage-and-condoms-restaurant-chain-thailand-souvenir-shop-bill

ബില്ലിനായി കാത്തിരുന്നപ്പോഴാണ് ഭക്ഷണത്തിന്റെ അഭിപ്രായം നൽകാനായി ഒരു ചോദ്യാവലിയും ഒരു ബൗൾ നിറയെ അടുക്കിവെച്ചിരിക്കുന്ന കോണ്ടവും ടേബിളിലെത്തിയത്. ഭക്ഷണത്തിന്റെയും റെസ്റ്റോറന്റിന്റെയും അഭിപ്രായം രേഖപ്പെടുത്തിയിട്ട് ആവശ്യക്കാർക്ക് വേണ്ടത്രെ എടുക്കാൻ വേണ്ടിയാണ് അത് ടേബിളിൽ വയ്ക്കുന്നത്. പുറത്തേക്കുള്ള പാതയിലും അത് സൗജന്യമായി ലഭ്യമാക്കിയിട്ടുണ്ട്. ആരോഗ്യകരമായ സാമൂഹിക ജീവിതത്തിനുവേണ്ടി നിരന്തരം സമൂഹത്തിൽ ഇടപെടുന്ന ഒരു മനുഷ്യന്റെ ദീർഘവീക്ഷണം ആ റെസ്റ്റോറന്റിന്റെ ഓരോ കാഴ്ചയിലും നമുക്ക് കാണാൻ കഴിയും. ഭക്ഷണത്തിന്റെ ബില്ല് ഒടുക്കി പുറത്തേക്ക് നടക്കുമ്പോൾ കമിതാക്കൾക്ക്, പങ്കാളികൾക്ക് ഇതിലും പ്രണയസുന്ദരമായൊരു സായാഹ്നം ലഭ്യമാകുന്ന ഭക്ഷണശാല വേറൊന്ന് ഇല്ലെന്ന് തോന്നിപ്പോയി.