Friday 22 March 2024 02:33 PM IST

‘ഭയപ്പെടുത്തുന്നൊരു മൂളൽ ഡെവിൾസ് കിച്ചനിൽ നിന്നും ഉയർന്നു കേട്ടു’: ചെകുത്താന്റെ സാന്നിദ്ധ്യം? ഡോ. കമ്മാപ്പ പറയുന്നു

Binsha Muhammed

kammappa-dr-guna-cave

ഉള്ളിലൊരു പിടച്ചിൽ, അതുമല്ലെങ്കിലൊരു മരവിപ്പ്... ‘മഞ്ഞുമ്മലിലെ ടീംസിനെ’ കണ്ട് തീയറ്റർ വിട്ടിറങ്ങിയ പ്രേക്ഷക മനസ് ഗുണ കേവിന്റെ മലമടക്കുകളിൽ ഇപ്പോഴും കുടുങ്ങി കിടക്കുകയാണ്. മരണത്തിന്റെ തണുപ്പുറഞ്ഞു കിടക്കുന്ന ചെകുത്താന്റെ അടുക്കളയിൽ നിന്നും ഒരു ജീവനെ കോരിയെടുത്ത് നാടണഞ്ഞ ഒരുകൂട്ടം പിള്ളേരുടെ കഥ അഭ്രപാളിയിലെത്തിയപ്പോൾ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ചിദംബരം സംവിധാനം ചെയ്ത് സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി തുടങ്ങിയ യുവനിര അണിനിരന്ന മഞ്ഞുമ്മൽ ബോയ്സ് നൂറുകോടിയും കടന്ന് മുന്നേറുമ്പോൾ മസിനഗുഡി–ഊട്ടി റൂട്ട് മാറ്റിപ്പിടിച്ച് ഗുണകേവിനെ ട്രെൻഡ് ലിസ്റ്റിലേക്ക് ചേർത്തു നിർത്തി മലയാളി.

സംഭവകഥ വെള്ളിത്തിരയിലെത്തിയപ്പോൾ പഴയ ഗുണകേവും ഡെവിൾസ് കിച്ചനേയും ചുറ്റിപ്പറ്റി ചിലകഥകളും പ്രചരിച്ചു. അവയിൽ പലതും ഗുണകേവിലെ കെട്ടുപിണഞ്ഞു കിടക്കുന്ന മരവേരുകൾ പോലെ ഉത്തരമില്ലാത്തതായിരുന്നു. ‘ഗുണകേവിൽ അദൃശ്യ ശക്തികളുണ്ട്, ചെകുത്താന്റെ കേന്ദ്രമാണ്, അവിടുന്ന് രക്ഷപ്പെട്ടു പോന്നവർ മനുഷ്യന്റെ അസ്ഥികളും തലയോട്ടികളും കണ്ടിട്ടുണ്ട്....’ കഥകളങ്ങനെ നീളുന്നു. പക്ഷേ ഇതിനിടയിലും തെറ്റായി പ്രചരിപ്പിക്കപ്പെട്ട മറ്റൊരു കാര്യമുണ്ട്. ‘ഡെവിൾസ് കിച്ചനും ഗുണകേവും ഒന്നാണെന്ന പ്രചരണം.’ കമൽഹാസൻ നായകനായ സന്താന ഭാരതി സംവിധാനം ചെയ്ത ഗുണ എന്ന ചിത്രം ചിത്രീകരിച്ചതിനു ശേഷമാണ് ഡെവിൾസ് കിച്ചന് ആ പേരു വീണതെന്നും പലരും തെളിവുകൾ നിരത്തി.

സത്യത്തിൽ ഡെവിൾസ് കിച്ചനും ഗുണ കേവും ഒന്നാണോ, ഇവ രണ്ടും ഭൂമിശാസ്ത്രപരമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ? ദുരൂഹതകളുടെ ഇരുണ്ട താഴ്‍വരയായി അറിയപ്പെടുന്ന ആ ഭൂമികയും അതിനെ ചുറ്റിപ്പറ്റിയുള്ള ചോദ്യങ്ങളും ഇന്നും ഒരു സമസ്യയായി തുടരുന്നു. എന്നാൽ മഞ്ഞുമ്മൽ ബോയ്സിനും മുൻപേ അതിസാഹസികമായി ഡെവിൾ‌സ് കിച്ചന്റെ ചില ഭാഗങ്ങളിലൂടെ സാഹസിക യാത്ര നടത്തിയ ഒരാളുണ്ട്. കേരളത്തിലെ അറിയപ്പെടുന്ന ഗൈനക്കോളജിസ്റ്റായ ഡോ. കമ്മാപ്പ. ഡെവിൾസ് കിച്ചനിൽ പതിയിരിക്കുന്ന അപകടച്ചുഴിയുടെ ആഴവും പരപ്പുമറിയാതെ ഡോ. കമ്മാപ്പ നടത്തിയ കൊടൈക്കനാൽ യാത്ര, ഇന്ന് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന ചില പ്രചാരണങ്ങളെ തിരുത്തുന്നു. 1996ൽ നടത്തിയ യാത്രാനുഭവം ഡോ. കമ്മാപ്പ വനിത ഓൺലൈനോടു പങ്കുവയ്ക്കുമ്പോൾ ഒരു കാര്യത്തിൽ ഡോക്ടർക്ക് സംശയമില്ല, ഡെവിൾസ് കിച്ചൻ മരണം മാടിവിളിക്കുന്ന ഇരുണ്ട താഴ്‍വരയാണെന്ന സത്യം...

ഇരുണ്ട താഴ്‍വരയിലേക്ക്... മകളുടെ കൈപിടിച്ച്

എന്റെ അറിവിൽ ഡെവിൾസ് കിച്ചനും ഗുണ കേവും രണ്ടും രണ്ടു സ്ഥലങ്ങളാണ്. രണ്ടും അടുത്തടുത്താണ്. രണ്ടിന്റെയും അപകട സാധ്യതയും രണ്ടു വിധത്തിലാണ്. ഭൂമിക്കടിയിലൂടെ ഈ രണ്ടു പ്രദേശവും ബന്ധപ്പെട്ടു കിടക്കുന്നുണ്ടോ എന്ന കാര്യം എനിക്ക് അറിവില്ല. പക്ഷേ രണ്ടും അപകടം പതിയിരിക്കുന്ന സ്ഥലങ്ങളാണെന്ന കാര്യത്തിൽ എനിക്ക് സംശയമില്ല. 1996ൽ കൊടൈക്കനലാലിലേക്ക് കുടുംബസമേതം നടത്തിയ യാത്രയ്ക്കിടയിലാണ് ഈ രണ്ടു സ്ഥലങ്ങളിലേയും ചിലഭാഗങ്ങളിലേക്ക് ഞാൻ ഇറങ്ങുന്നത്. അന്നതു ചെയ്യുമ്പോൾ ആ സ്ഥലങ്ങളിൽ പതിയിരിക്കുന്ന മരണ ഗർത്തങ്ങളെക്കുറിച്ച് എനിക്ക് അറിവില്ലായിരുന്നു. ഇന്ന് അതോർക്കുമ്പോൾ ഉള്ളിലൊരുതരം മരവിപ്പാണ്.– ഡോ. കമ്മാപ്പ പറഞ്ഞു തുടങ്ങുകയാണ്.

സ്വന്തം ജീവന്‍പോലും പണയംവച്ച് കൂട്ടുകാരനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയ മഞ്ഞുമ്മൽ ബോയ്സെന്ന സിനിമ സൗഹൃദത്തിന്റെ വലിയ സന്ദശമാണ് നമുക്കു നൽകുന്നത്. അവസാനം വരെ ശ്വാസമടക്കിപ്പിടിച്ചു കണ്ടിരുന്നപ്പോൾ എത്ര വലിയ അപക സാഹചര്യത്തിലൂടെയാണ് ഞാനും കടന്നു പോയതെന്ന് പലവട്ടം ചിന്തിച്ചു. പക്ഷേ ചിത്രത്തിൽ കാണിച്ച ഗുണ കേവും ഡെവിൾസ് കിച്ചനും ഒന്നാണെന്ന അഭിപ്രായത്തോട് എനിക്ക് യോജിപ്പില്ല.

 ജോലിയുടെ വിരസമായ ഇടവേളയിൽ നിന്നുള്ളൊരു രക്ഷപ്പെടലായിരുന്നു 96ലെ ആ കൊടൈക്കനാൽ യാത്ര. വിഖ്യാതമായ സ്റ്റേർലിങ് റിസോർട്ടിലാണ് ഞാനും കുടുംബവും അന്ന് താമസിച്ചത്. ഭാര്യ സൈദയും മൂന്ന് മക്കളുമായിരുന്നു സഹയാത്രികർ. മൂത്തമകളായ ഡോ. അമീനയ്ക്ക്  അന്ന് 13 വയസ്, രണ്ടാമത്തെ മകൾ ഡോ. ലെമിയക്ക് 10 വയസ്, ഇളയ മകൻ ഡോ.നബീലിന് 10 മാസവും പ്രായം. കൊടൈക്കനാലിലേക്കുള്ള ആദ്യ യാത്രയായതു കൊണ്ടു തന്നെ സ്ഥലപരിചയം നന്നേ കുറവായിരുന്നു. പക്ഷേ സ്റ്റേർലിങ് റിസോർട്ട് അധികൃതര്‍ ഞങ്ങൾക്കുള്ള ടൂർ പ്ലാൻ കൃത്യമായി ക്രമീകരിച്ചു. രാവിലെ സൈറ്റ് സീയിങ്ങ്, ഹൈക്കിങ് എന്നിവയെല്ലാം ഉൾപ്പെടുന്ന പെർഫെക്ട് പാക്കേജ്. ഇതിൽ എന്റെ കണ്ണുടക്കിയത് പാക്കേജിലെ ‘ഗുണ കേവ്, ഡെവിൾസ് കിച്ചൻ ഹൈക്കിങ്ങ്’ എന്നീ കറുത്ത അക്ഷരങ്ങളിൽ. ഗുണ സിനിമയുടെ ഹാങ്ങ് ഓവർ മനസിലുള്ളതു കൊണ്ടു തന്നെ എന്തായാലും പോകുമെന്നുറപ്പിച്ചു. മകൻ കുഞ്ഞായിരുന്നതു കൊണ്ട് ഭാര്യ കൂടെ കൂടിയില്ല. മൂത്തമകൾ അമീന ഭാര്യയ്ക്ക് കൂട്ടിരുന്നു.  രണ്ടാമത്തെ മകളായ ലെമിയയാണ് ഒപ്പമുണ്ടായിരുന്നത്. സ്റ്റെർലിങ്ങിന്റെ തന്നെ വാഹനത്തിലായിരുന്നു യാത്ര...

dr-kammappa ഡോ. കമ്മാപ്പയും കുടുംബവും കൊടൈക്കനാൽ യാത്രയ്ക്കിടെ

യാത്രയിലുടനീളം ഈ രണ്ടു സ്ഥലങ്ങളെക്കുറിച്ച് കേൾക്കുമ്പോഴും എനിക്ക് കൗതുകം ഇരട്ടിച്ചു. ഒരു പരിധിവിട്ടു കഴിഞ്ഞാൽ ഓക്സിജൻ പോലും ലഭിക്കാത്ത, കൊടൈക്കനാൽ മലയുടെ അത്രയും തന്നെ ആഴമുള്ള ഡെവിൾസ് കിച്ചന്റെ മലയിടുക്കുകളിൽ എന്തായിരിക്കും ഉള്ളതെന്ന കൗതുകം എനിക്കും ഉണ്ടായി. അന്ന് ഇതുപോലെ കാര്യമായ നിയന്ത്രണങ്ങളില്ല, പേടിപ്പെടുത്തുന്ന കഥകളില്ല. ഭ്രാന്തമായി ചിന്തിക്കുന്ന... തീരുമാനങ്ങളെടുക്കുന്ന ഒരു ഗൈഡാണ് അന്നെന്റെ കൂടെയുണ്ടായിരുന്നത്. സ്റ്റെർലിങ്ങിന്റെ തന്നെ സ്റ്റാഫായിരുന്ന സോളമൻ. അങ്ങനെ സോളമൻ മുന്നിൽ നിന്നും നയിച്ച് ഞങ്ങൾ 10 പേരടങ്ങുന്ന സംഘം ദുരൂഹമായ ഡെവിൾസ് കിച്ചനിലേക്കും ഗുണ കേവിലേക്കും മാർച്ച് ചെയ്തു.

pillar rocks

വെളിച്ചം എത്തിനോക്കാത്ത ചെകുത്താന്റെ അടുക്കള

സോളമൻ പറഞ്ഞതു പ്രകാരം ആദ്യം ഡെവിൾസ് കിച്ചനിലേക്കാണ് പോയത്. ഇന്ന് ഇരുമ്പുവലയൊക്കെ ഇട്ട് സംരക്ഷിച്ചിരിക്കുന്ന ഗുണ കേവിന്റെ തറനിരപ്പിൽ നിന്നാണ് തുടക്കം. കേവിൽ ഇന്നു കാണുന്ന രീതിയിലുള്ള വെട്ടിത്തളിച്ച വഴികൾ അന്നില്ല. പുല്ലുകൾ നിറഞ്ഞൊരു ഒറ്റയടിപ്പാത. അതുകടന്നു ചെല്ലുമ്പോൾ ഗുണ കേവിന്റെ ദുരൂഹമായ വഴിതെളിഞ്ഞു തുടങ്ങും. പോകെ പോകെ കാടിന്റെ വന്യത തെളിഞ്ഞു വന്നു.

dr-kammappa ഡോ. കമ്മാപ്പ

ദൂരെ പില്ലർ റോക്സ് കാണാം. അരികിൽ ഒരു പാലമുണ്ട്. അതിനൊരു ആറടിയോ ഏഴടിയോ താഴ്ച കാണും. ഗുണ കേവിന്റെ എൻട്രിയും കഴിഞ്ഞ് ഒരു തിട്ട കയറി മുപ്പതടി നടന്നാൽ ചെങ്കുത്തായൊരു മലയുടെ ക്ലിഫ് എഡ്ജിലെത്തും. അവിടെ നിന്ന് കുത്തനെയുള്ളൊരു ഇറക്കം സാഹസികമായി ഇറങ്ങിച്ചെല്ലണം. രണ്ടടി വീതിയുള്ള വഴി മാത്രമേയുള്ളൂ. ചുറ്റും സൂയിസൈഡ് പോയിന്റിനെ ഓർമിപ്പിക്കുന്ന അഗാധമായ കൊക്ക. പോയാൽ പൊടി പോലും കിട്ടില്ല. സിനിമയിൽ കാണുന്ന പോലെ ഉടക്കി നിൽക്കാൻ ഒരു മരം പോലുമില്ല. ചെറിയ പാറയിൽ ചവിട്ടി ചവിട്ടി താഴേക്കിറങ്ങണം. മുപ്പതടി ഇറങ്ങിക്കഴിയുമ്പോൾ മലയുടെ അകത്തേക്ക് നീളുന്നൊരു ഗുഹാമുഖം കാണാം. ഗുഹയുടെ തുടക്കത്തിൽ പിടിവള്ളിയെന്നോണം ഒരു മരവും. അതിന്റെ കൈപിടിച്ച് കാലെടുത്തു വയ്ക്കുമ്പോൾ അതാ വിസ്താരമുള്ളൊരു ഗുഹ. ചുറ്റുമുള്ള പാറയിലും ഉറച്ചു പോയ മണ്ണിലും പേടിയോടെ കാലുറപ്പിച്ചു നിന്ന് ആ കാഴ്ച കണ്ടു... ഗൈഡ് സോളമൻ വിളിച്ചു പറഞ്ഞു. ഡെവിൾഡ് കിച്ചൻ...!!!

അത്യന്തം പേടിപ്പെടുത്തുന്നൊരു കാഴ്ചയായിരുന്നു അത്. ഭീകരമെന്ന് വിശേഷിപ്പിച്ചാലും മതിയാകില്ല. ഗുഹാമുഖത്തു നിന്നും വെളിച്ചം കടന്നു ചെല്ലുന്നത് കുറച്ചു ദൂരം മാത്രം. അതിനപ്പുറം വേറൊരു ലോകമെന്നു തോന്നിപ്പോകും. ഒരു കല്ലെടുത്ത് അതിന്റെ ആഴമളക്കാൻ എറിഞ്ഞു നോക്കി. തെളിവുകൾ യാതൊന്നും അവശേഷിപ്പിക്കാതെ ആ കല്ല് ഇരുളിലേക്ക് പോയി. പതിച്ച ഒച്ചപോലും കേൾപ്പിക്കാതെ ആ കല്ല് ഡെവിൾസ് കിച്ചന്റെ ദുരൂഹതയുടെ ഭാഗമായി. ആകെപ്പാടെ കേട്ടത് വാവലുകളുടെ ചിറകടിയൊച്ച മാത്രം. ദുരൂഹമായൊരു മൂളല്‍ ഗുഹയ്ക്കുള്ളിൽ നിന്നും പുറത്തു വന്നു. അതു ഞങ്ങളെ വല്ലാതെ പേടിപ്പിച്ചു.

അത്രയും ആയപ്പോഴാണ് ചെയ്തത് വലിയൊരു മണ്ടത്തരമാണെന്നു മനസിലായത്. ഭയം ഇരച്ചു കയറിയ മനസുമായി ഞങ്ങൾ 10 പേരും തിരിച്ചു കയറിയത് നാലു കാലിലാണ്. ഒരു കൈ നിലത്തു കുത്തി പേടിച്ചു പേടിച്ച് മുകളിലേക്ക്... അതു കഴിഞ്ഞ ശേഷമാണ് ഗുണ കേവിലേക്ക് പോയത്. അത് ഡെവിൾസ് കിച്ചന്റെ അത്രയും ഭീകരമല്ല.

ഏതോ ഒരു ഗുഹ എന്നു മാത്രം കരുതിയാണ് ഞങ്ങൾ അന്ന് അവിടെ ചെല്ലുന്നത്. ഇന്നത്തെ പോലെ കടകളോ മുന്നറിയിപ്പ് ബോർഡുകളോ ഇല്ല. പക്ഷേ അവിടെയുള്ളവരിൽ ചിലർ ഞങ്ങളോട് ഭയപ്പെട്ട കാര്യം ഒന്നുകൂടി ഉറപ്പിച്ചു പറഞ്ഞു. ഡെവിൾസ് കിച്ചനിൽ അകപ്പെട്ടാൽ പിന്നെ എല്ലിൻ കഷണം പോലും കിട്ടില്ലത്രേ.

ഡെവിൾസ് കിച്ചന്‍ എന്നത് പഴയ പേരാണെന്നും ഗുണ സിനിമയ്ക്കു ശേഷമാണ് ഗുണ കേവ് എന്ന പേര് വീണതെന്നും മാധ്യമങ്ങളും ചില ഓൺലൈൻ ചാനലുകളും പറയുന്നുണ്ട്. എന്നാൽ അത് രണ്ടും രണ്ടാണെന്നാണ് സോളമനെ പോലെ പരിചയ സമ്പന്നരായ ഗൈഡുകളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത്. ഇവ രണ്ടിന്റെയും എൻട്രി പോയിന്റ് ഒന്നാണെന്നതിൽ സംശയമില്ല. പക്ഷേ ഈ രണ്ടു സ്ഥലങ്ങളും ഭൂമിക്കടിയിൽ കൂട്ടിമുട്ടുന്നുണ്ടോ എന്ന കാര്യം എനിക്കറിയില്ല. അതിനു ശേഷം എത്രയോ രാജ്യങ്ങളിൽ പോയി, എത്രയോ ദുരൂഹമായ വനങ്ങളും ഗുഹകളും കണ്ടു. പക്ഷേ ഒന്നും ഡെവിൾസ് കിച്ചന്റെ അത്രയും ഭീകരമല്ല.

യാത്ര പറയും മുമ്പ് ഗൈഡ് സോളമന് ഒരു ഉപദേശവും നൽകി. ‘ഇനി ആരെയും ഇങ്ങോട്ടു കൊണ്ടു വരരുത്. ഒരുപക്ഷേ അരുരാത്തത് സംഭവിച്ചെന്നിരിക്കും.’ വന്യമായൊരു ചിരിയായിരുന്നു സോളമന്റെ മറുപടി.