Friday 01 March 2024 03:28 PM IST

‘അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം‘; പുഷ്പ ഹിൽസ് ആയ തിരുമലൈകോവിൽ വിശേഷങ്ങള്‍

Easwaran Namboothiri H

Sub Editor, Manorama Traveller

_M2A6527 ചിത്രങ്ങൾ: ഹരികൃഷ്ണൻ

അഗസ്ത്യമുനിക്ക് സുബ്രഹ്മണ്യ ദർശനം ലഭിച്ച ഇടം, പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒരിടം, സൂപ്പർ ഗാനരംഗങ്ങൾക്ക് അഴകു നൽകിയ പശ്ചാത്തലം... എല്ലാം ഒന്നിക്കുന്ന തിരുമലൈകോവിൽ...

മരമഞ്ഞ് പൊഴിയുന്ന പുലരി. ഒന്നിനു പിറകെ ഒന്നായി കയറ്റങ്ങളും ഇറക്കങ്ങളും ഇടയിൽ വമ്പൻ വളവുകളും... സഞ്ചാരികളെ ഒരേ സമയം രസകരമായ കാഴ്ചകളിലൂടെ ആനന്ദിപ്പിക്കുകയും സാഹസികത ഒളിപ്പിച്ച‌ വഴിയിലൂടെ പരീക്ഷിക്കുകയും ചെയ്യുന്നത് എക്കാലവും ആര്യങ്കാവ് ചുരത്തിന്റെ തമാശയാണ്.  പതിമൂന്ന് കണ്ണറപാലവും കഴുതുരുട്ടിയും തെൻമലയും ആര്യങ്കാവും വഴിയോരക്കാഴ്ചകളായി. ചന്ദനവും തേക്കും മരുതിയും വളരുന്ന നിത്യഹരിത വനങ്ങളുടെ ഓരം പറ്റി യാത്ര തുടർന്നു. കുളത്തൂപ്പുഴയിലെ ബാലശാസ്താവിനെയും ആര്യങ്കാവിലെ കുമാര ഭാവത്തിലുള്ള അയ്യനെയും തൊഴുത് തെൻമലയും പാലരുവിയും ആസ്വദിച്ച പഴയൊരു തീർഥാടനത്തിന്റെ തുടർച്ച തേടി അച്ചൻകോവിൽ അരശനെ ദർശിക്കാനുള്ള സഞ്ചാരവഴിയിലാണ് ഇപ്പോൾ.

ഗ്രാമഭംഗിയിലേക്ക് ചുരമിറക്കം

കേരളത്തിൽ മഴയുടെ സമൃദ്ധിയും സുഖദമായ കാലാവസ്ഥയും ഉറപ്പാക്കുന്ന പശ്ചിമഘട്ടത്തിന്റെ മലഞ്ചെരിവുകളിലൂടെ കാർ നീങ്ങി.  സഹ്യപർവതത്തോട് വിട പറഞ്ഞ് തമിഴ് മണ്ണിലേക്ക് കടന്നതോടെ കാറ്റിന്റെ ആവേശം കൂടി,യതുപോലെ, മഞ്ഞിന്റെ നനുത്ത പുതപ്പ് ചെങ്കോട്ടയുടെ കവാടത്തിനപ്പുറത്തേക്കും നീളുന്നു.

ചെറുകവലകൾ ഒഴിവാക്കിയാൽ ഏറെയും ഗ്രാമങ്ങളിലൂടെത്തന്നെയാണ് സഞ്ചരിക്കുന്നത്. പാതയുടെ ഇരുവശവും കൃഷിയിടങ്ങൾ. പാടങ്ങൾ സജീവമായി തുടങ്ങുകയാണ്.  ചെപ്പും കുപ്പിയും വളയും കൺമഷിയും തുടങ്ങി ഒരു ലേഡീസ് സ്‌റ്റോറിലെ മുഴുവൻ സാധനങ്ങളും പിൻസീറ്റിൽ അടുക്കി കെട്ടി വച്ച ബൈക്ക് വീടുകൾക്കു മുൻപിൽ ഹോൺ മുഴക്കി നിൽക്കുന്നു.

എവിടെയോ കണ്ടു മറന്ന മല...

_C3R2046

ദേശീയ പാത 744 നീളുകയാണ്, തെങ്കാശി വഴി മധുര നഗരത്തിലേക്ക്. ചെങ്കോട്ട കഴിഞ്ഞ് ഹൈവേയിൽ നിന്ന് ഇടത്തേക്ക് തിരിഞ്ഞു. വീതിയുള്ള ടാറിട്ട സുന്ദരമായ വഴിയുടെ അറ്റം അച്ചൻകോവിലിലാണ്. ‘അച്ചൻകോവിൽ അയ്യനെ കാണും മുൻപ് നമുക്ക് തിരുമലയിലെ കുമാരസ്വാമിയെ ദർശിച്ചാലോ?’ ഡ്രൈവിങ് സീറ്റിലിരുന്ന സുഹൃത്തിന്റെ അഭിപ്രായത്തോട് എല്ലാവർക്കും യോജിപ്പ്. ചെങ്കോട്ടയിൽ നിന്ന് അഞ്ച് കിലോമീറ്ററോളം ചെന്നപ്പോൾ  പൻപൊളിയെന്ന ജംക്‌ഷനിൽ വച്ച് അച്ചൻകോവിൽ റോഡിനെ അതിന്റെ വഴിക്ക് വിട്ട് കാർ ഇടത്തേക്ക് തിരിഞ്ഞു.

കടും നിറങ്ങളിൽ പുതച്ച വീടുകളും തെങ്ങിൻതോപ്പുകളും പാടങ്ങളുമാണ് റോഡിന് ഇരുവശത്തും. പലനിറങ്ങളിലുള്ള ‘വട്ടുസോഡ’ കുപ്പികൾ നിരത്തിയ കൂൾബാറുകളും ബസ് സ്‌റ്റോപ്പുകളുമുള്ള കൊച്ചു കവലകൾ പലതും പിന്നിട്ടു. വിശാലമായ ഒരിടത്ത് വാകമരങ്ങളുടെ തണലിൽ കുമ്മായം പൂശിയ പഴയകാല കരിങ്കൽ കെട്ടിടങ്ങൾക്കിടയിലൂടെ ടാറിട്ട റോഡ് നീണ്ടു. അതിനെ അനുഗമിച്ച് ഞങ്ങളും. അൽപം അകലെ മലമുകളിൽ വെളുപ്പും ചുവപ്പും ചായമടിച്ച ക്ഷേത്രമതിൽ കണ്ണിലുടക്കും. അവിടേക്ക് അടുക്കുന്തോറും ആകാശത്തിനു തൊട്ട് താഴെ എന്നോണം ഒറ്റയ്ക്കു നിൽക്കുന്ന ക്ഷേത്രം, മലയിൽ ആരോ കോറിയിട്ട അടയാളം പോലെ  താഴ്‌വരയിൽ നിന്ന് മുകളിലേക്ക് പടർന്നു കയറുന്ന നടപ്പാതയും  തെളിഞ്ഞു.

ഒരു ആൽവൃക്ഷത്തിന് വലംവെച്ച് അവസാനിക്കുന്ന പാതയെ ചുറ്റിപ്പറ്റി സജീവമായ കടകൾ, വാഹനങ്ങൾ പാർക്ക് ചെയ്യാൻ ഗ്രൗണ്ട്. കടകൾക്കിടയിലൂടെ മുകളിലേക്ക് വളരുന്ന മല, അതിന്റെ ശരീരത്ത് ഒഴുകിയിറങ്ങുന്ന ഷാൾ പോലെ പടവുകൾ. മലയുടെ നെറുകയിൽ ക്ഷേത്രം. ഈ സ്ഥലം എവിടെയോ കണ്ടിട്ടുണ്ടല്ലോ....!

തിരുമലൈകോവിൽ, ദി റൈസിങ്

_C3R2055

സംശയം മനസ്സിലുദിച്ചതേയുള്ളു, കൂട്ടുകാരൻ മൊബൈലിൽ ഒരു വിഡിയോ എടുത്ത് കാട്ടി...  ബ്ലോക്ക്ബസ്റ്റർ ഫിലിം ‘പുഷ്പ ദി റൈസിങ്ങി’ൽ നായികയുടെ എൻട്രി സീൻ... കുരുവിയെ കണ്ട ശേഷം മാത്രമേ പാൽവിതരണം ആരംഭിക്കൂ എന്നു പറഞ്ഞ് മാനത്തേക്ക് നോക്കിയിരിക്കുന്ന നായിക ശ്രീവല്ലിയുടെ അടുത്തേക്ക് നായകൻ പുഷ്പ ലോറിയിൽ എത്തുന്നത് ഈ ഗോപുരവാതിൽക്കലേക്കാണ്. പുഷ്പയുടെ ചൂളം വിളികേട്ട് മരക്കൊമ്പുകൾക്കിടയിലേക്ക് പറന്നു വന്ന കുരുവിയെ കണ്ട് നായിക പാൽ വിതരണം ആരംഭിക്കുന്നതോടെ ശ്രീവല്ലിയും പുഷ്പയും തമ്മിലുള്ള പ്രണയത്തിന്റെ രാഗാർദ്രമായ തുടക്കവും ഇവിടെ നിന്നാണ്.

കാണാത്തൊരു ദൈവത്തെ കാണാൻ കണ്ണുള്ളവളേ

കൺമുന്നിൽ ഞാൻ നിന്നിട്ടും അറിയുന്നില്ലല്ലോ

പുഷ്പയോടുള്ള ശ്രീവല്ലിയുടെ ചോദ്യം തിരുമലൈക്കോവിൽ എന്നോടു തന്നെ ചോദിക്കുകയായിരുന്നോ?

ഇളവെയിൽ കൊടുംവെയിലിലേക്ക് കരുത്തേറും മുൻപ് മലകയറാൻ പടി ചവിട്ടിത്തുടങ്ങി. 625 പടവുകളുണ്ട് മലയുടെ മുകളിലെ ക്ഷേത്രത്തിൽ എത്താൻ. കയറ്റത്തിന്റെ തുടക്കത്തിൽ വിഘ്നേശ്വര പ്രതിഷ്ഠയെ തൊഴുത് കയറാം. വീതിയുള്ള, കൃത്യമായ അകലമിട്ട് കരിങ്കല്ല് പാകി തേച്ചുറപ്പിച്ച പടവുകൾ ചായം പൂശി മനോഹരമാക്കിയിട്ടുണ്ട്. ഇരുവശത്തും മൂന്ന്–നാല് അടി ഉയരത്തിലുള്ള മതിലുമുണ്ട്, അതിൽ കൈവരിയിലെന്നോണം കൈ പിടിച്ചും കയറാം. ഇരുവശത്തെയും  മനോഹര ദൃശ്യങ്ങൾ കയറ്റത്തിന്റെ ആയാസത്തെ ലഘൂകരിക്കും.  

പന്തളരാജൻ നിർമിച്ച ക്ഷേത്രം

_C3R2069

സുബ്രഹ്മണ്യ ഭക്തർ പളനിയോളം പ്രധാന്യം നൽകുന്നു മലൈക്കോവിലിനും. സ്വാമി സ്വയം പ്രത്യക്ഷപ്പെട്ട് തന്റെ ആവാസസ്ഥാനമാണ് ഈ മലയെന്നും ഇവിടെ ക്ഷേത്രം നിർമിച്ച് തന്നെ ആരാധിക്കാമെന്നും അരുൾ ചെയ്തു എന്ന് വിശ്വാസം. മലമുകളിലെ വേലിൽ പൂജ ചെയ്ത് സമീപത്തുള്ള പുളിമരത്തിനു ചുവട്ടിൽ വിശ്രമിച്ച ഭട്ടർക്കാണ് ഈ ദർശനം ലഭിച്ചത്. മുരുകൻ നൽകിയ സൂചനകളനുസരിച്ച് സമീപസ്ഥലത്തു നിന്ന് വിഗ്രഹം കണ്ടെടുത്ത് പ്രതിഷ്ഠ നടത്തി.  പന്തളം രാജാവാണ് തിരുമലൈ കുമാരസ്വാമി ക്ഷേത്രം നിർമിച്ചതെന്നും കരുതുന്നു. അഗസ്ത്യമുനിക്ക് ശ്രീമുരുകൻ ദർശനം നൽകിയ ഇടമാണെന്നും അതാണ് തിരുമലൈയുടെ വിശുദ്ധിക്കു പിന്നിലെന്നും മറ്റൊരു ഐതിഹ്യവുമുണ്ട്. വിശാഖം നക്ഷത്രത്തിൽ ജനിച്ചവർ വിശേഷ ദർശനം നടത്തേണ്ട ക്ഷേത്രമാണിതെന്നാണ് തമിഴ്നാട്ടിലെ വിശ്വാസം

പടവുകൾ കയറി എത്താൻ ബുദ്ധിമുട്ടുള്ളവർ വിഷമിക്കേണ്ട, അൽപകാലം മുൻപ് മലൈകോവിലിനു മുകളിൽ എത്താൻ പാകത്തിന് റോഡ് വെട്ടിയിട്ടുണ്ട്. മലയുടെ വശങ്ങളിലൂടെ ചെത്തി എടുത്ത പാതയിലൂടെ വലിയ വാഹനങ്ങൾപോലും ക്ഷേത്രത്തിനു സമീപം എത്തും. ഗ്രാമത്തിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും അകന്ന് മുകളിലേക്ക് കയറ്റം കയറുന്തോറും മലമുടികൾ കൂടുതൽ അടുത്തു. പുഷ്പയിലെ ശ്രീവല്ലി ഗാനത്തിന്റെ ഒരു രംഗത്തിൽ ലോറിയുടെ പഞ്ചറായ ടയർ മാറ്റുന്ന രംഗം ചിത്രീകരിച്ചതും ഈ വഴിയിലാണ്. സമുദ്രനിരപ്പിൽ നിന്ന് 400 മീറ്റർ ഉയരത്തിൽ മലമുകളിൽ മലൈക്കോവിൽ സ്ഥിതി ചെയ്യുന്നത്.

കാറ്റിന്റെ കരം പിടിച്ച് പ്രദക്ഷിണം ചെയ്യാം

_C3R2049

ബാലഭാവത്തിലുള്ള മുരുകനെ തൊഴാനെത്തിയവരെ കൈപിടിച്ച് ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ട് പോകുന്നത് ഒന്നാന്തരം കാറ്റാണ്. അറൂനൂറ് പടി കയറി എത്തുന്നതിന്റെ  കാറ്റ് പകരുന്ന കുളിരിൽ നടപ്പിന്റെ തളർച്ചയാറ്റുന്നു. ബാലമുരുകന് ഹരഹരോ വിളികളാൽ മുഖരിതമായ ക്ഷേത്രമുറ്റത്ത് ഭക്തിയുടെ തിളക്കം. കരിങ്കല്ല് വിരിച്ച അങ്കണം, വെള്ളയും ചുവപ്പും വരകളുള്ള ചുറ്റുമതിൽ, തമിഴ്ശൈലിയിൽ മുകളിൽ ശിൽപങ്ങളോടുകൂടിയ ചെറുഗോപുരം

രാജ സമാനമായ അലങ്കാരങ്ങോളുടുകൂടിയ ബാലമുരുകനെ പ്രധാന ശ്രീലകത്ത് ദർശിക്കാം. വിനായകൻ, പട്ടിനാഥർ തുടങ്ങിയ ഉപദേവതകളും ഇവിടെയുണ്ട്. ശിലാവിസ്മയമാണ് ക്ഷേത്രം. എന്നാൽ‌ മറ്റു പല പുരാതന ക്ഷേത്രങ്ങളെപ്പോലെ കൊത്തുപണികളും അലങ്കാരങ്ങളും തീർത്തും കുറവാണ്. ഈ മലമുകളിൽ ഇത്രയും കരിങ്കല്ല് എങ്ങനെ എത്തിച്ചു എന്നോർക്കുമ്പോൾ അമ്പരന്നുപോകും.

ക്ഷേത്രത്തിനു വലംവയ്ക്കുമ്പോൾ ആദ്യം കണ്ണിൽപെടുന്നത്, ക്ഷേത്രക്കുളമാണ്. അത്രയേറെ ഉയരത്തിൽ, മലമുകളിലുള്ള ആ ജലസംഭരണിക്ക് മറ്റൊരു വിശേഷതകൂടിയുണ്ട്. അഗസ്ത്യമുനി സൃഷ്ടിച്ച ഈ തീർഥക്കുളത്തിൽ ദിവസേന ഒരു താമരപ്പൂവ് വിരിയുന്നുണ്ടെന്നും അത് ദേവൻമാർ തന്നെ ഉദയത്തിനു മുൻപ് ബാലമുരുകനെ ആരാധിക്കാൻ ഇറുത്തെടുക്കുന്നുവെന്നുമാണ് വിശ്വാസം.

ക്ഷേത്ര പ്രദക്ഷിണത്തിനൊപ്പം 360 ഡിഗ്രി  കാഴ്ച ആസ്വദിക്കാം. പ്രധാന ഗോപുരത്തിനു സമീപം, മതിലിനോട് ചേർന്ന് നിന്നു നോക്കിയാൽ താഴെ ഏതാനും പാറക്കെട്ടുകൾ കാണാം, ശ്രീവല്ലി ഗാനം ഉൾപ്പടെ തിരുമലൈക്കോവിലിനെ വെള്ളിത്തിരയിലേക്ക് പകർ‌ത്തിയ രംഗങ്ങൾ ആ പാറക്കെട്ടുകളിൽ നിന്നാണ് പകർത്തിയിട്ടുള്ളത്. അതിൽ തട്ടിത്തെറിക്കുന്ന വെയിലിന്റെ വെള്ളിത്തിളക്കം താഴേക്ക് ഇറങ്ങാനുള്ള സമയമായെന്നു കൂടി ഓർപ്പിച്ചു.

കോവിൽ മണിയുടെ നാദവും ജമന്തി, പിച്ചി, മുല്ലപ്പൂക്കളുടെ വാസനകളും പഞ്ചാമൃതത്തിന്റെ മധുരവും ഇന്ദ്രിയങ്ങളിൽ നിറച്ചുകൊണ്ട് മലമുകളിലെ കോവിലിന്റെ സുന്ദരദൃശ്യം മനസ്സിന്റെ കാൻവാസിലേക്ക് പകർത്തി ഒരു നിമിഷം കണ്ണടച്ചു. ഇനി സാവധാനം മല ഇറങ്ങാം...

_C3R2053

പുഷ്പയുടെ അഴകിൽ തിരുമലൈക്കോവിൽ

തീർഥാടനപാതകളിലും തെങ്കാശി ട്രിപ്പുകളിലും വർഷങ്ങൾക്കുമുൻപ് തന്നെ ഇടം നേടിയതാണ് തിരുമലൈകോവിൽ. പടി അറുന്നൂറും കടന്നെത്തുമ്പോഴുള്ള കാഴ്ചയുടെ നിർവൃതി അന്നേ പ്രശസ്തമാണ്.

1969 ലെ കണ്ണേ പാപ്പ എന്ന ചിത്രം മുതൽ തമിഴ് ചലച്ചിത്രങ്ങളിൽ ഈ സ്ഥലം നിറഞ്ഞു നിൽക്കുന്നുണ്ട്. ദിനംതോറും, സീമരാജ, തിരുനെൽവേലി, ജന്റിൽമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ വിജയ്, വിജയ് സേതുപതി, പ്രഭു എന്നിവരൊക്കെ തിരുമലൈകോവിലിന്റെ പശ്ചാത്തലത്തിൽ നടിച്ചിട്ടുമുണ്ട്. എന്നാൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട പുഷ്പയിലെ ‘കണ്ണിൽ കർപൂര ദീപമായ് ശ്രീവല്ലി’ എന്ന ഗാനവും ഇവിടേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം വർധിപ്പിച്ചിട്ടുണ്ട്.

TRAVEL INFO

തിരുനെൽവേലി ജില്ലയിലെ പൻപൊലിയിലാണ് തിരുമലൈകോവിൽ ക്ഷേത്രം.

തിരുവനന്തപുരത്ത് നിന്ന് 100 കിലോമീറ്റർ. തിരുവനന്തപുരത്തുനിന്ന് തെന്മലവഴി ചെങ്കോട്ടയിലെത്തി കടയനെല്ലൂരു റൂട്ടിലൂടെ തിരുമലൈക്കോവിലിൽ എത്താം.  തെന്മലയിൽ നിന്ന് 39 കിലോമീറ്റർ.

ക്ഷേത്രസമീപത്തേക്ക് വാഹനത്തിന്റെ വലുപ്പമനുസരിച്ച് നിശ്ചിത തുക പ്രവേശനഫീസുണ്ട്.

പല ചലച്ചിത്രങ്ങളുടെയും ഷൂട്ടിങ് ലൊക്കേഷനായിരുന്ന, സമീപത്തുള്ള പാറക്കെട്ടിനു മുകളിലേക്ക് ജീപ്പ് പോലുള്ള വാഹനങ്ങളിൽ സഞ്ചാരികൾ എത്താറുണ്ട്. ക്ഷേത്രഗോപുരത്തിനു സമീപത്തു നിന്ന് ഓട്ടോ പിടിച്ചും അവിടേക്ക് പോകാം.

തെങ്കാശി (16 കിലോമീറ്റർ), കുറ്റ്രാലം വെള്ളച്ചാട്ടം (18കിലോമീറ്റർ), അംബാസമുദ്രം, പാപനാശം തുടങ്ങിയ സ്ഥലങ്ങൾ സമീപ കാഴ്ചകളാണ്. തെങ്കാശി കാശി വിശ്വനാഥക്ഷേത്രം സഞ്ചാരികൾക്കും തീർഥാടകർക്കും ഒരുപോലെ വിശേഷ ഇടമാണ്.

കേരളത്തിൽ നിന്ന് തിരുമലൈകോവിലിലേക്ക് കോന്നി, അച്ചൻകോവിൽ വഴിയും പോകാം. ആനകളും മറ്റു മൃഗങ്ങളുമുള്ള കാനനപാതയിൽ പക്ഷേ, ഏറെ ശ്രദ്ധപുലർത്തേണ്ടതുണ്ട്.

കൊല്ലം–ചെങ്കോട്ട ട്രെയിൻ സർവീസുമുണ്ട്.

_C3R2029