Friday 20 October 2023 04:14 PM IST : By സ്വന്തം ലേഖകൻ

ആർത്തവ വിരാമമെന്നു കരുതി, രണ്ടു മാസം കൂടി കഴിഞ്ഞപ്പോൾ വയറു ചെറുതായി വീർത്തു വരുന്നു: ആര്യ ചേച്ചിയമ്മയായ കഥ

arya-parvathy-mom-story

പവിത്രം സിനിമ റിലീസായ കാലത്ത് ആലുവ ശ്രീമൂലനഗരം സ്വദേശിയായ ശങ്കറും വൈക്കംകാരി ദീപ്തിയും പരസ്പരം കണ്ടിട്ടു പോലുമില്ല. പക്ഷേ, ഇവരുടെ ജീവിതത്തിന് ഈ സിനിമയുമായി ഒരു സാമ്യമുണ്ട്. മൂത്ത മകൾ വിവാഹപ്രായമെത്തിയ കാലത്താണ് ഇവർക്കു രണ്ടാമത്തെ കുട്ടി ജനിച്ചത്.

സിനിമയിൽ സസ്പെൻസും കണ്ണീരുമൊക്കെ ഉണ്ടെങ്കിലും തൃപ്പൂണിത്തുറയിലെ ഇവരുടെ വീട്ടിൽ ഉയരുന്നതു ചേച്ചിയമ്മയുടെ പൊട്ടിച്ചിരിയും അനിയത്തിവാവയുടെ കിലുക്കാംപെട്ടി കൊഞ്ചലും മാത്രം. ചിത്രകാരനായ എം.പി. ശങ്കറും ഭാര്യ ദീപ്തി ശങ്കറും നർത്തകിയും നടിയുമായ മൂത്തമക ൾ ആര്യ പാർവതിയും ആവേശപൂർവം ഒന്നിച്ചിരുന്നു, 24 വർഷത്തിനു ശേഷം ആ വീട്ടിൽ ജനിച്ച സന്തോഷക്കുടുക്കയുടെ വിശേഷങ്ങൾ പറയാൻ.

വാലിന്മേൽ പൂവും വാലിട്ടെഴുതിയ...

ദീപ്തി ആലുവയിലെ ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുന്ന കാലം. അവിടെവച്ചു കണ്ട് ഇഷ്ടപ്പെട്ടാണു ശങ്കർ വിവാഹാലോചനയുമായി വീട്ടിലെത്തിയത്. 1998 ജൂലൈ ആറിനായിരുന്നു കല്യാണം. സന്തോഷകരമായി മുന്നോട്ടു പോകുന്നതിനിടെ ഇരട്ടിമധുരമായി ആ വിവരമറിഞ്ഞു, ദീപ്തി ഗർഭിണിയാണ്. പക്ഷേ, ആ കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം അവർക്കുണ്ടായില്ല. ആറാം മാസത്തിലെ അബോർഷൻ വിഷമത്തോടെ അവർ അതിജീവിച്ചു. വൈകാതെ ദീപ്തി വീണ്ടും ഗർഭിണിയായി.

ആദ്യ അനുഭവത്തിന്റെ പേടി മനസ്സിലുള്ളതു കൊണ്ട് ആ സമയത്തു കരുതലെടുത്തെന്നു ദീപ്തി പറയുന്നു. ‘‘പരിശോധനകളിൽ കുറച്ചു പ്രശ്നങ്ങൾ കണ്ടതോടെ ഡോക്ടറുടെ നിർദേശപ്രകാരം ഒൻപതു മാസവും ബെഡ്റെസ്റ്റ് എടുത്തു. സിസേറിയൻ വേണ്ടിവരുമെന്നു ഡോക്ടർ നേരത്തേ പറഞ്ഞിരുന്നു. ഓപ്പറേഷൻ തിയറ്ററിൽ കയറുന്നതിനു തൊട്ടുമുൻപു മറ്റൊരു ഗർഭിണിയെ വളരെ കോംപ്ലിക്കേറ്റഡായി കൊണ്ടുവന്നു.

അതു കഴിയാനായി കാത്തിരുന്ന സമയത്താണു ദൈ വം ആദ്യമായി ജീവിതത്തിൽ അദ്‍ഭുതം പ്രവർത്തിച്ചതെന്നു ദീപ്തി പറയുന്നു. പിന്നീടു പരിശോധിച്ച ശേഷം ഡോക്ട ർ പറഞ്ഞതിങ്ങനെ, ‘നോർമൽ ഡെലിവറിക്കു സാധ്യതയുണ്ട്, ലേബർ റൂമിലേക്കു പൊയ്ക്കോളൂ.’ അനസ്തേഷ്യ നൽകിയിരുന്നതിനാൽ പ്രസവിക്കാൻ സ്വയം ഒരു ശ്രമവും നടത്താൻ ആയില്ലെങ്കിലും എല്ലാം ഭംഗിയായി നടന്നു. ആ മിടുക്കിയാണ് ഇപ്പോൾ 24 വയസ്സുള്ള ആര്യ പാർവതി.

arya-little-sister

കുട്ടിക്കുറുങ്ങാലി തത്തപ്പെണ്ണുമായ്...

ആര്യ പ്ലേ സ്കൂളിൽ പഠിക്കുന്ന സമയം. കാട്ടിലെ കണ്ണൻ കാർട്ടൂണിലെ പാട്ടിനൊത്തു ചുവടുവയ്ക്കാൻ അജിത ടീച്ചർ പഠിപ്പിച്ചത് ഒരു സ്റ്റെപ്പ് പോലും തെറ്റാതെ അവൾ സ്റ്റേജിൽ അവതരിപ്പിച്ചു. ഡാൻസിനോടുള്ള ആ ഇഷ്ടം കണ്ട് ആർഎൽവി മായാ സിജിൽ ടീച്ചറിന്റെ കീഴിൽ ഭരതനാട്യം പഠിക്കാൻ ചേർത്തു.

സിംല ടീച്ചറും ആർഎൽവി ജോളി മാത്യു ടീച്ചറും കലാമണ്ഡലം അക്ഷര ടീച്ചറും സുമേഷ് മാഷും ഷിജു മാഷുമൊക്കെ ഗുരുക്കന്മാരുടെ കൂട്ടത്തിലുണ്ട്. ഇതിനിടെ അഭിനയിക്കാനും അവസരം കിട്ടി. വേളാങ്കണ്ണി മാതാവ് എന്ന സീരിയലിലെ ചെറിയൊരു വേഷം.

സംസ്ഥാന കലോത്സവത്തിൽ വിജയിച്ചപ്പോൾ പത്രത്തിൽ വന്ന ഫോട്ടോ കണ്ടിട്ടാണ് ചെമ്പട്ട് എന്ന സീരിയലിൽ നായികയാകാൻ ഓഫർ വന്നതെന്ന് ആര്യ പറയുന്നു. ‘‘പിന്നീടു മഴവിൽ മനോരമയിലെ അമ്മുവിന്റെ അമ്മയും, ഇളയവൾ ഗായത്രിയും. രാത്രികൾ പറഞ്ഞ കഥ എന്ന ഷോർട്ട് ഫിലിമിലെ അഭിനയത്തിന് അവാർഡും കിട്ടി. അ ക്കരയ്ക്കുണ്ടോ എന്ന സിനിമയിൽ പ്രധാനവേഷം ചെയ്തിട്ടുമുണ്ട്. ഇപ്പോൾ ബെംഗളൂരു രേവ യൂണിവേഴ്സിറ്റിയിൽ പെർഫോമിങ് ആർട്സ് പഠിക്കുന്നു.’’

മകളെ പാട്ടും ഡാൻസും വീണയുമൊക്കെ പഠിപ്പിക്കാൻ ഓടി നടക്കുന്നതിനിടെ രണ്ടാമത്തെ കുഞ്ഞിനെ കുറിച്ചൊന്നും ചിന്തിച്ചില്ല ശങ്കറും ദീപ്തിയും. ദീപ്തിക്കു 45 വയസ്സു പൂർത്തിയായത് ഇക്കഴിഞ്ഞ വർഷമാണ്. അതിനടുത്ത മാ സം ആർത്തവം വന്നില്ല. ആർത്തവ വിരാമം ആകുമെന്നാണു കരുതിയത്. ഒന്നുരണ്ടു മാസം കൂടി കഴിഞ്ഞപ്പോൾ വയറു ചെറുതായി വീർത്തു വരുന്നതു ശ്രദ്ധയിൽ പെട്ടു. അതും വിരാമത്തിന്റെ ലക്ഷണത്തിൽ പെടുമെന്നു കരുതിയ ദീപ്തി സജീവമായി വീട്ടു ജോലികളിലും ബ്രഹ്മകുമാരീസിന്റെ പ്രവർത്തനങ്ങളിലും മുഴുകി.

അമ്മത്തിരുവയറുള്ളിൽ...

‘‘ആയിടയ്ക്കു മൗണ്ട് അബുവിലുള്ള ബ്രഹ്മകുമാരീസിന്റെ ഹെഡ് ക്വാർട്ടേഴ്സിൽ ഒരു പരിപാടി നടന്നു. വിമാനത്തിലും, ബസ്സിലുമായി ഹിൽസ്റ്റേഷനുകളിലൊക്കെ പോ യി വന്നു. നാട്ടിലെത്തി ഗുരുവായൂര് തൊഴുതിറങ്ങുമ്പോൾ തലചുറ്റുന്നതു പോലെ. അൽപം വിശ്രമിച്ചപ്പോൾ അതു മാറിയെങ്കിലും തൊട്ടടുത്തുള്ള ആശുപത്രിയിൽ ഒ ന്നു കാണിക്കാമെന്നു കരുതി. ബിപിക്കും ഷുഗറിനും മരുന്നുണ്ട്. അതിന്റെ കുഴപ്പമെന്തെങ്കിലും ആകുമെന്നേ കരുതിയുള്ളൂ. ഗുരുവായൂരപ്പൻ ആ സന്തോഷവാർത്ത അറിയിച്ചെന്നു പിന്നെയാണു ദീപ്തിക്കു മനസ്സിലായത്.

പരിശോധനയിൽ ദീപ്തി ഗർഭിണിയാണെന്നു മനസ്സിലായി, കൃത്യമായി പറഞ്ഞാൽ 26 ആഴ്ച. ആറാം മാസത്തി ൽ നഷ്ടപ്പെട്ട ആദ്യത്തെ കുഞ്ഞിനു പകരമായി ഒരു കുഞ്ഞിനെ ദൈവം കയ്യിൽ വച്ചുകൊടുത്തതു പോലെയാണ് അന്നു ദീപ്തിക്കും ശങ്കറിനും തോന്നിയത്. ഡാൻസ് പ്രൊഡക്‌ഷന്റെ ഭാഗമായി ഡൽഹിയിലേക്കു പോയ മൂത്ത മകളോടു വിവരങ്ങൾ പറയാൻ ഇരുവരും ഒന്നു സംശയിച്ചു.

23 വർഷം ഒറ്റക്കുട്ടിയായി വളർന്ന മൂത്ത മകൾക്ക് ഇനിയൊരാളെ സ്വീകരിക്കാൻ മനസ്സുണ്ടാകുമോ എന്ന ആശങ്ക. ഉള്ളിന്റെയുള്ളിലെങ്കിലും വിഷമിക്കുമോ എന്ന ടെൻഷൻ. ഒരു മാസം കൂടി കാത്തിരുന്ന ശേഷം ശങ്കർ തന്നെയാണു ആര്യയെ വിളിച്ചു വിവരം പറഞ്ഞത്. ‘ഞാനാണ് ഈ ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ചേച്ചി’ എന്നാണ് ആര്യ മറുപടി പറഞ്ഞത്.

സുഖമോ അമ്മക്കിളി തൻ...

വീട്ടുകാരോടൊന്നും ആദ്യം വിവരം പറഞ്ഞതേയില്ല. എ ട്ടാം മാസം ഇക്കാര്യം അറിഞ്ഞപ്പോൾ പലരും പല തരത്തിൽ പ്രതികരിച്ചെന്നു ദീപ്തി പറയുന്നു. ‘‘ഇപ്പോൾ ഇതു വേണ്ടിയിരുന്നോ എന്നു ചോദിച്ചവരുണ്ട്. ചിലരുടെ അടക്കിച്ചിരികൾ കണ്ടില്ലെന്നു നടിച്ചു. എല്ലാം ദൈവത്തിൽ സമർപ്പിച്ചാണു മുന്നോട്ടു പോയത്.

ഈ ഗർഭകാലത്തു യാതൊരു ആരോഗ്യപ്രശ്നങ്ങളും ഇല്ലായിരുന്നു. ഷുഗർ നിയന്ത്രണവിധേയം. ബിപി നോർമൽ. സ്കാനിങ്ങിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല എന്നറിഞ്ഞതോടെ ആ ടെൻഷനും മാറി. ബ്രഹ്മകുമാരീസിനു രാവിലെ മൂന്നേമുക്കാൽ മുതൽ അഞ്ചു മണി വരെ മെഡിറ്റേഷൻ ഉണ്ട്. അതിനായി ഉണരുമ്പോൾ വയറ്റിലെ വാവയും ഉണരും. വീട്ടിലെ ജോലികളെല്ലാം ഞാൻ തന്നെയാണു ചെയ്യുക. രാവിലെയും വൈകിട്ടും കുറച്ചു സമയം നടക്കുന്നതായിരുന്നു വ്യായാമം.

മൂത്തമോളെ വിവാഹം ചെയ്തയച്ച് അവളുടെ കുഞ്ഞിനെ കളിപ്പിക്കേണ്ട പ്രായത്തിലാണു ഞങ്ങൾക്കു രണ്ടാമത്തെ കുഞ്ഞു ജനിച്ചത്.’’ ദീപ്തിയുടെ ചിരിയിൽ ശങ്കറും ചേർന്നു. ആദ്യ ഗർഭകാലത്തെക്കാൾ സമാധാന പൂർണമായിരുന്നു രണ്ടാമത്തേത്. ആ കാലത്തെ രസമുള്ള ഒരു ഓർമ കേൾക്കണോ?

തുമ്പപ്പൂ ചോറോ പഴം നുറുക്കോ...

ഗർഭിണിയാണ് എന്ന അറിഞ്ഞ ആശുപത്രിയിൽ തന്നെ പ്രസവവും വേണമെന്നു ദീപ്തി തീരുമാനിച്ചിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 17നു വൈകിട്ടാണ് അഡ്മിറ്റായത്. പിറ്റേന്നു ശിവരാത്രി. വെളുപ്പിനു മെഡിറ്റേഷനും പ്രാർഥനയുമൊക്കെ കഴിഞ്ഞാണു ലേബർ റൂമിലേക്കു പോയത്. 46ാം വയസ്സിൽ പ്രസവിക്കുന്നതിന്റെ ടെൻഷനോ പേടിയോ ഒന്നും ഇല്ലായിരുന്നെന്നു ദീപ്തി പറയുന്നു.

‘‘വേദന വരാനായി വൈകിട്ടു മൂന്നു വരെ കാത്തിരിക്കാമെന്നു ഡോക്ടർ പറഞ്ഞു. ലേബർ റൂമിൽ ഡ്യൂട്ടിയിലുള്ള നഴ്സുമാർക്കും വ്രതമുണ്ട്. ആത്മീയമായ ആ അന്തരീക്ഷമാണ് കരുത്തായത്. ഉച്ചയോടെ വേദന തുടങ്ങി. 3.18നു പ്രസവം നടന്നു. ലേബർ റൂമിനു പുറത്തു കുഞ്ഞിനെ കയ്യിൽ വാങ്ങിയത് ആര്യയാണ്. വിടർന്ന കണ്ണുകൾ ഒന്നുചിമ്മി അവൾ ചേച്ചിയെ നോക്കി. ആ വലിയ കണ്ണുകൾ കണ്ടപ്പോൾ ആര്യയ്ക്കൊരു മോഹം, അനിയത്തിയെ കഥകളിയും കൂടിയാട്ടവും പഠിപ്പിക്കണം.

ആറര മാസം പ്രായമായ ആദ്യ പാർവതി എന്ന പാലുക്കുട്ടിയുടെ ചോറൂണ് ജൂലൈ 28നു വൈക്കത്തപ്പന്റെ മുന്നിൽ വച്ചായിരുന്നു. മുട്ടിലിഴയാൻ ഒരുങ്ങുന്ന പാലുവിനെ കാണാനായി അവധി കിട്ടിയാൽ ആര്യ ബെംഗളൂരുവിൽ നിന്ന് ഓടിയെത്തും. അവരുടെ ചിരിയും സന്തോഷവും കാണുമ്പോൾ മനസ്സ് ഒന്നുകൂടി ചെറുപ്പമായപോലെ ശങ്കറും ദീപ്തിയും.

രൂപാ ദയാബ്ജി

ഫോട്ടോ: വിഷ്ണു നാരായണൻ