Wednesday 10 January 2024 09:42 AM IST : By സ്വന്തം ലേഖകൻ

ത്രില്ലർ മൂഡിൽ ‘ഫോർ ആലീസ്’: കയ്യടി നേടി ജീത്തു ജോസഫിന്റെ മകൾ

for-alice

മലയാളത്തിന്റെ പ്രിയസംവിധായകൻ ജീത്തു ജോസഫിന്റെ മകൾ കാത്തി സംവിധാനം ചെയ്ത ‘ഫോർ ആലീസ്’ എന്ന ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു. എസ്തര്‍ അനിലും അഞ്ജലി നായരും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ഹ്രസ്വചിത്രം കുട്ടി സ്റ്റോറീസ് എന്ന യുട്യൂബ് ചാനലിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്. അർഷാദ് ബിൻ അൽതാഫ് ആണ് മറ്റൊരു പ്രധാന വേഷത്തിൽ.

ത്രില്ലർ ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയ സംവിധായകനായി മാറിയ ജീത്തുവിന്റെ പാതയിലാണ് മകളുമെന്ന് ‘ഫോർ ആലീസ്’ തെളിയിക്കുന്നു.

ആലീസ് എന്ന പെൺകുട്ടിയും അവളുടെ കാമുകനും അമ്മയുമാണ് ഹ്രസ്വചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഒരു ദിവസം വീട്ടിൽ തനിച്ചാകുന്ന ആലീസ് നേരിടുന്ന വിചിത്രമായ സംഭവവികാസങ്ങളാണ് ചിത്രം പറയുന്നത്. ജീത്തു ജോസഫ് നിർമിച്ച ഹ്രസ്വചിത്രത്തിന്റെ രചനയും കാത്തി ജീത്തു തന്നെയാണ്. നവീന്‍ ചെമ്പൊടിയാണ് ഛായാഗ്രഹണം. സംഗീതം – വിഷ്ണു ദാസ്. സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍. എഡിറ്റിങ് – ഉണ്ണികൃഷ്ണന്‍ ഗോപിനാഥന്‍.