Thursday 05 October 2023 03:53 PM IST : By സ്വന്തം ലേഖകൻ

വിവാഹ വാഗ്ദാനം നൽകി പീഡനം: നടൻ ഷിയാസ് കരീം ചെന്നൈയിൽ പിടിയിൽ: അറസ്റ്റ് ഉടൻ

shiyas-kareem-arrest

വിവാഹ വാഗ്ദാനം നൽകിയ പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ സിനിമ–മിനി സ്ക്രീൻ താരം ഷിയാസ് കരീം (34) പിടിയിൽ. ചെന്നൈ വിമാനത്താവളത്തിൽ വച്ചാണ് ഷിയാസ് കരീമിനെ പിടികൂടിയത്. ഗൾഫിൽ നിന്നെത്തിയ ഷിയാസിനെ കസ്റ്റംസ് ചെന്നൈ വിമാനത്താവളത്തിൽ തടഞ്ഞുവയ്ക്കുകയായിരുന്നു.  എറണാകുളം പെരുമ്പാവൂർ സ്വദേശിയാണ് ഷിയാസ് കരീം.  
 വിവരം ചന്തേര പൊലീസിനെ അറിയിച്ചിട്ടുണ്ട്. പൊലീസ് സംഘം ചെന്നൈയിൽ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

യുവതിയുടെ പരാതിയിൽ ചന്തേര പൊലീസ് സ്ത്രീ പീഡനത്തിനും പണം തട്ടിയതിനും ഇയാൾക്കെതിരെ കേസ്സ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഷിയാസിനെതിരെ ലൂക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും 11 ലക്ഷം രൂപ തട്ടിയെടുത്തെന്നും ആരോപിച്ചാണ് ഷിയാസിനെതിരെ യുവതി പരാതി നല്‍കിയത്.  

ജിമ്മിൽ പരിശീലകയായ പടന്ന സ്വദേശിനിയുടെ പരാതിയിലാണ് ചന്തേര പൊലീസ് ഷിയാസിനെതിരെ കേസെടുത്തത്. പണം തട്ടിയെടുത്തെന്നും കയ്യേറ്റം ചെയ്തെന്നും പരാതിയിൽ പറയുന്നു. വിവാഹബന്ധം വേർപിരിഞ്ഞ 32 വയസുകാരിക്ക് വിവാഹ വാദ്ഗാനം നൽകുകയും 2021 മുതൽ 2023 മാർച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിക്കുകയും ചെയ്തെന്നാണു പരാതി. നിര്‍ബന്ധിച്ച് ഗര്‍ഭഛിദ്രത്തിന് വിധേയയാക്കിയതായും ചെറുവത്തൂരിലെ ഹോട്ടല്‍മുറിയില്‍വെച്ച് മര്‍ദിച്ചതായും പരാതിയില്‍ ആരോപിക്കുന്നു.

എറണാകുളത്ത് സ്വന്തമായി ജിംനേഷ്യം നടത്തുന്ന ഷിയാസ് ജിംട്രെയിനറെ ആവശ്യമുണ്ടെന്ന് പരസ്യം നല്‍കിയിരുന്നു. ഈ പരസ്യം കണ്ടാണ് ജിംനേഷ്യം പരിശീലകയായ 32-കാരി ഷിയാസുമായി ബന്ധപ്പെടുന്നത്. തുടര്‍ന്ന് ഇവര്‍ തമ്മില്‍ പരിചയത്തിലാവുകയും സ്ഥാപനത്തിന്റെ ഉടമസ്ഥാവകാശത്തില്‍ പങ്കാളിയാക്കാമെന്ന് പറഞ്ഞ് 11 ലക്ഷം രൂപ പ്രതി വാങ്ങിയതായും യുവതി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്.  പരാതിയിലുണ്ട്. നേരത്തെ, താൻ ജയിലിലല്ലെന്നും ദുബായിലാണെന്നും വ്യക്തമാക്കി ഷിയാസ് കരീം ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. ‘‘കുറേ ആളുകൾ എന്റെ പേരിൽ വാർത്ത പ്രചരിപ്പിക്കുന്നുണ്ട്. ഞാൻ ജയിലിലല്ല. ഞാൻ ദുബായിലുണ്ട്. ഇവിടെ നല്ല അരി കിട്ടും എന്നറിഞ്ഞിട്ട് വാങ്ങാൻ വന്നതാണ്. നാട്ടിൽ വന്നിട്ട് അരിയൊക്കെ ഞാൻ തരുന്നുണ്ട്’’ – ഷിയാസ് കരീം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകുന്നതിനെതിരെയും വിഡിയോയിൽ പരാമർശമുണ്ടായിരുന്നു.