Thursday 25 April 2024 03:26 PM IST : By സ്വന്തം ലേഖകൻ

‘സ്ട്രോക് ആണ്, മെഡിക്കൽ കോളജിലേക്കു കൊണ്ടു പോണം’: ഭയപ്പെട്ട നിമിഷങ്ങൾ: നിസാരമല്ല ബെൽസി പാൽസി: സകുടുംബം മിഥുൻ

mithun-ramesh-1

കോമഡി ഉത്സവത്തിന്റെ വേദിയിലേക്ക് അടുത്തയാളെ ക്ഷണിക്കുകയാണ് അവതാരകൻ മിഥുൻ രമേശ്, ‘ലെറ്റ്സ് വെൽകം മുത്തുപാണ്ടി ആൻഡ് ശെൽവമ്മാൾ ഫ്രം പോണ്ടിച്ചേരി ...’ പറഞ്ഞും തീരും മുൻപേ വിഡിയോ വാളിൽ തെളിഞ്ഞതു മിഥുന്റെയും ഭാര്യ ലക്ഷ്മിയുടെയും ടിക്ടോക് വിഡിയോ. മലയാളികളെല്ലാം ആർത്തുചിരിച്ച ആ വിഡിയോ ‘പ്രാങ്കി’ൽ മിഥുനും ചിരിച്ചുപോയി.

സ്റ്റേജിൽ എന്തു സംഭവിച്ചാലും ‘കുലുങ്ങാതെ’ നിൽക്കും മിഥുൻ രമേശ്. ബോളിവുഡ് കിങ് ഷാറൂഖ് ഖാനെ മുതൽ ആദ്യ വേദിയിലേക്കു കാലെടുത്തു വയ്ക്കുന്ന കൊച്ചു കുട്ടിയെ വരെ ‘ഡീൽ’ ചെയ്യുന്ന ആ മിടുക്കു കൊണ്ടാണ് അവതരണത്തിൽ രണ്ടു ഗിന്നസ് റെക്കോർഡുകൾ മിഥുന്റെ പേരിലായത്.

വനിതയുടെ ‘വൈറൽ’ അഭിമുഖത്തിനായി എത്തുമ്പോൾ ചിരിയെ കൂട്ടുപിടിച്ചു രണ്ടുപേർ കൂടി മിഥുനൊപ്പം വന്നു, ഭാര്യ ലക്ഷ്മി മേനോനും മകൾ തൻവിയും. ചിരിയും തമാശയും നിറഞ്ഞ ഇവരുടെ ജീവിതത്തിൽ അടുത്തിടെ നടന്ന ചില വൈറൽ സംഭവങ്ങൾ.

ഭർത്താവിനു വേണ്ടി ഭാര്യയുടെ മൊട്ടയടിച്ച സംഭവത്തിൽ തുടങ്ങാം...

മിഥുൻ: ദുബായിലെ ഹിറ്റ് എഫ്എമ്മിൽ പ്രോഗ്രാം ‍ഡയറക്ടറായി ജോലി ചെയ്യുന്നുണ്ടെങ്കിലും കിട്ടുന്ന ലീവിനു നാട്ടിലെ കുറച്ചധികം പ്രോഗ്രാമുകൾ ഒന്നിച്ചു പിടിക്കുന്ന രീതിയാണ് എനിക്കുള്ളത്. കഴിഞ്ഞ വർഷം മാർച്ചിലെ ആ ബ്രേക്കിൽ തിരുവനന്തപുരത്തും സൗദി അറേബ്യയിലും ദുബായിലും ഊട്ടിയിലും പ്രോഗ്രാം തുടർച്ചയായി ഉണ്ടായിരുന്നു.

ഊട്ടിയിൽ നിന്നു കോമഡി ഉത്സവത്തിന്റെ കൊച്ചിയിലെ ഫ്ലോറിലേക്കുള്ള യാത്ര കാറിന്റെ മുൻസീറ്റിൽ കിടന്നുറങ്ങിയായിരുന്നു. ബ്രേക്കിനു ക്യാമറാമാൻ വ ന്നു ചെവിയിൽ പറഞ്ഞു, ‘കണ്ണിന്റെ ചലനത്തിൽ പ്രശ്നം ഉണ്ട്, ലെൻസിലൂടെ നോക്കുമ്പോൾ മനസ്സിലാകുന്നുണ്ട്.’ അന്നു വൈകുന്നേരം ചായ കുടിക്കുമ്പോൾ വായയുടെ വക്കിലൂടെ കുറച്ചു പുറത്തു ചാടി. ഷൂട്ടിങ് കഴിഞ്ഞു തിരുവനന്തപുരത്തേക്കു പോകുന്നതിനിടെ ഒരു ഫോട്ടോ ചിഞ്ചുവിന് (ലക്ഷ്മി) അയച്ചു. അതു കണ്ടു ടെൻഷനടിച്ചു രാവിലെ തന്നെ ഡോക്ടറെ കാണണമെന്ന് അവൾ ശട്ടം കെട്ടി.

പിറ്റേന്നു ‘ജമാലിന്റെ പുഞ്ചിരി’ സിനിമയുടെ ഒരു സീൻ ഷൂട്ട് ചെയ്തു കഴിഞ്ഞാണ് ആശുപത്രിയിലേക്കു പോയത്. കണ്ട പാടേ ഡോക്ടർ പറഞ്ഞതു, ‘സ്ട്രോക് ആണ്, മെഡിക്കൽ കോളജിലേക്കു കൊണ്ടു പോണം.’ പേടിച്ചു പോയെങ്കിലും നേരേ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു വിട്ടു. ന്യൂറോളജിസ്റ്റായ ഡോ. മാർത്താണ്ഡ പിള്ളയുടെ അടുത്തെത്തുമ്പോൾ ചാനലുകളിൽ നിന്നൊക്കെ ആളുകൾ കാത്തുനിൽക്കുന്നുണ്ടായിരുന്നു.

പരിശോധിച്ച ശേഷം ഡോക്ടർ ആ സന്തോഷവാർത്ത പറഞ്ഞു, ‘ബെൽസ് പാൽസിയാണ്. സ്ട്രോക്ക് അല്ലേയല്ല.’ ചാനലുകാർ അതുമിതും പോസ്റ്റ് ചെയ്യുന്നതു കണ്ട് ആശുപത്രിയിൽ വച്ചു ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു. 15 ദിവസം രോഗത്തിന്റെ സങ്കീർണതകളുമായി ആശുപത്രിയിൽ കിടന്നപ്പോഴാണു വഴിപാടായി തല മൊട്ടയടിക്കാമെന്നു ലക്ഷ്മി പ്രാർഥിച്ചത്.

ലക്ഷ്മി: ബെൽസ് പാൽസി അത്ര നിസ്സാരമൊന്നുമല്ല. ചെവിയും വായും തമ്മിൽ ബന്ധിപ്പിക്കുന്ന വെയ്ൻ ചില സ ങ്കീർണതകൾ കൊണ്ടു ചുരുങ്ങിപ്പോകുന്ന അവസ്ഥയാണ്. മുഖത്തിന്റെ വലതുവശം കോടിയതു പോലെയായി. സംസാരിക്കാനും ചിരിക്കാനുമൊക്കെ ബുദ്ധിമുട്ട്.

ചുരുങ്ങിപ്പോയ വെയ്ൻ തിരികെ പഴയതു പോലെ ആ ക്കിയെടുക്കാൻ പ്രയാസമാണ്, ഓരോ മണിക്കൂർ ഇടവിട്ടു മസാജ് ചെയ്യണം. വെയ്നിൽ ചെറിയ ഷോക്ക് കൊടുക്കുന്നതു പോലെയുള്ള ഇലക്ട്രോഡ് തെറപി ഉണ്ട്, ഡോക്ടറുടെ നിർദേശപ്രകാരം ഞാൻ അതു പഠിച്ചു.

ഇതൊക്കെ കുറച്ച് ഓവറല്ലേ എന്നു ചോദിച്ചവരും ഉണ്ടോ ?

മിഥുൻ: അസുഖമൊക്കെ മാറിയ പിറകേ ഞങ്ങളെല്ലാം കൂ ടി തിരുപ്പതിയിൽ പോയി തല മൊട്ടയടിച്ചു. എനിക്കു വേണ്ടി അവൾ ചെയ്ത ഏറ്റവും വലിയ കാര്യമായി തോന്നിയതു കൊണ്ടാണു ഫോട്ടോ ഇൻസ്റ്റഗ്രാമിലിട്ടത്.

ലക്ഷ്മി: മുടി എടുത്ത കാര്യം രഹസ്യമാക്കി വയ്ക്കാനാണു ഞാൻ പ്ലാൻ ചെയ്തത്. തിരുപ്പതിയിലേക്കു പോകും മുൻപേ തന്നെ നാലഞ്ചു വിഗ്ഗുകളും വാങ്ങി. ഓവറല്ലേ എ ന്നു ചോദിക്കുന്നവർക്കു മറുപടിയായി കുറച്ചുകൂടി ഓവറായി വിഡിയോ ഇടാനാണിഷ്ടം. വിഗ് വച്ചും വിഗ് ഇല്ലാതെയും ഇപ്പോൾ വിഡിയോ പോസ്റ്റ് ചെയ്യും.

സോഷ്യൽ മീഡിയയിൽ വിമർശിക്കുന്നവരെ മൈൻഡ് ചെയ്യാറില്ല. അവരെ നമ്മൾ ഉപദേശിക്കാൻ നിൽക്കരുത്, എങ്ങാനും നന്നായിപ്പോയാലോ?

അഭിമുഖത്തിന്റെ പൂർണരൂപം വനിത ഏപ്രില്‍ ആദ്യ ലക്കത്തിൽ

രൂപാ ദയാബ്ജി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ലൊക്കേഷൻ: Marriott, കൊച്ചി