Tuesday 05 December 2023 11:29 AM IST : By സ്വന്തം ലേഖകൻ

‘സഹോദരനെ പോലെ കണ്ട വ്യക്തിയില്‍ നിന്നും മോശം പെരുമാറ്റം, കാറിലിരുന്ന് പൊട്ടിക്കരഞ്ഞു’: ദുരനുഭവം വെളിപ്പെടുത്തി സജ്ന നൂർ

sajna-firoz-vid

ബിഗ് ബോസിലൂടെ പ്രേക്ഷക മനസുകളില്‍ ഇടംനേടിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്നയും. തങ്ങൾ വേർപിരിയുകയാണെന്ന് വ്യക്തമാക്കി സജ്ന കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും തികച്ചും വ്യക്തിപരമായ കാരണങ്ങളായതു കൊണ്ടു തന്നെ കാരണം പുറത്തു പറയാനാകില്ലെന്നും സജ്ന വെളിപ്പെടുത്തി. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങൾ നടി തുറന്നു പറഞ്ഞത്.

അതേസമയം തങ്ങളുടെ വേർപിരിഞ്ഞ വാർത്തകളുടെയും വിവരത്തിന്റേയും ചുവടുപിടിച്ച് പ്രചരിക്കുന്ന ഗോസിപ്പുകൾ തള്ളി സജ്ന രംഗത്തെത്തി. തീർത്തും വ്യക്തിപരമായ കാരണങ്ങളുടെ പേരിലാണ് തങ്ങള്‍ വേർപിരിയാൻ തീരുമാനിച്ചതെന്നും ഈ തീരുമാനത്തിനു പിന്നിൽ മൂന്നാമതൊരു വ്യക്തിയുടെ സ്വാധീനം ഇല്ലെന്നും സജ്ന വിശദമാക്കി.

‘വേർപിരിഞ്ഞെങ്കിലും കുഞ്ഞുങ്ങൾക്ക് ഞങ്ങൾ നല്ല ഉമ്മയും ബാപ്പയും ആയിരിക്കും. ഞങ്ങൾ പിരിയാൻ തീരുമാനിച്ചത് തികച്ചും വ്യക്തിപരമായ കാര്യങ്ങളാലാണ്. എല്ലാവരും പുറമെ നിന്ന് കാണുന്നതൊന്നും ആയിരിക്കില്ല ഒരാളുടെ ജീവിതം. പലർക്കും പല ഇഷ്ടക്കേടുകളും ഉണ്ടാകും. വേർപിരിയാൻ മാത്രം മൂന്നാമതൊരാൾ ഞങ്ങളുടെ ജീവിതത്തിലേക്ക് വന്നിട്ടില്ല. മറ്റൊരു പ്രണയബന്ധത്തിലേക്ക് പോയിട്ടില്ല. ഞങ്ങൾ തമ്മിൽ ഉണ്ടായ ചില അഭിപ്രായ വ്യത്യാസങ്ങളും അംഗീകരിക്കാനാകാത്ത തർക്കങ്ങളുമാണ് കാരണം.’– സജ്ന വ്യക്തമാക്കുന്നു.

‘കുറച്ചു വിഡിയോസ് കണ്ടിട്ട് ഷിയാസ് കരീം എന്ന വ്യക്തിയുമായി ബന്ധപ്പെടുത്തി ചിലർ പറയുന്നുണ്ട്. അത് ഇപ്പോൾ വരുന്ന ചില റീൽസ് കണ്ടിട്ട് പറയുന്നതാണ്. ഞങ്ങളുടെ വേർപിരിയലിൽ ഷിയാസിന് യാതൊരു ബന്ധവും ഇല്ല. ഷിയാസിനെ ഞാൻ മറ്റൊരു രീതിയിൽ കണ്ടിട്ടില്ല. ഫിറോസിക്ക ഷിയാസുമായി പ്രശ്നമുള്ള ലേഡിയുമായി വിഡിയോ ചെയ്യുന്നത് കണ്ട് പലരും എന്നെ വിളിച്ച് ഇക്കാര്യം ചോദിക്കുകയും ചെയ്തിരുന്നു. സൗഹൃദം എന്ന രീതിയിലാണ് നിലവിൽ മുന്നോട്ടു പോകുന്നത്.’–സജ്നയുടെ വാക്കുകൾ.

‘അതുമാത്രമല്ല ഞാൻ ഡിവോഴ്സാകുന്നുവെന്ന് അറിഞ്ഞ് മോശം അനുഭവങ്ങൾ ഉണ്ടാകുന്നുണ്ടെന്നും സജ്ന വേദനയെ പറയുന്നു. സഹോദരനായിട്ട് കണ്ട ഒരു വ്യക്തിയിൽ നിന്നുവരെ മോശം അനുഭവം ഉണ്ടായി. ഫിറോസിക്ക കൂടെയില്ലെന്ന് അറിഞ്ഞാണ് ഇത്തരം പെരുമാറ്റവും സംസാരങ്ങളും പലരും നടത്തുന്നത്. സീരിയലിന്റെ സമയത്ത് നിന്നിരുന്നത് ഞാൻ ആ വീട്ടിലായിരുന്നു. അത്രയും ബന്ധമുള്ള കുടുംബമായിരുന്നു. അയാൾ ഒരു പരിപാടിക്കിടെ എന്റെ അടുത്ത് വന്ന് ഫോട്ടോ എടുക്കാൻ ശ്രമിച്ചു. പുറകിൽ കൈ വച്ചാണ് ഫോട്ടോ എടുത്തത്. ഞാൻ സാരിയാണ് ഉടുത്തിരിക്കുന്നത്. കൈ പിന്നീട് തടവാൻ തുടങ്ങി. പുള്ളി ചെയ്യുന്നത് വേറൊരു രീതിയിലാണോ എന്ന് ചിന്തിക്കാൻ പോലും പറ്റുന്നില്ല. പെട്ടന്ന് ഞാൻ കുതറി മാറി. എന്റെ സുഹൃത്തുക്കളും ഇടപെട്ടു. അവരും ഇത് കണ്ടിരുന്നു. ഞാൻ അയാളോട് അവിടെ നിന്നും പോകാൻ പറഞ്ഞു. അത് ഭയങ്കര ഷോക്കിങ് ആയിരുന്നു. കാറിലിരുന്ന് ഞാൻ കുറേ കരഞ്ഞു.’– സജ്ന പറയുന്നു.