Monday 18 December 2023 09:12 AM IST : By സ്വന്തം ലേഖകൻ

‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും’: പ്രതികരിച്ച് സൗഭാഗ്യ

arjun

കൊച്ചിയിൽ വച്ച് നടൻ അർജുൻ സോമശേഖറും ഒരു ഓട്ടോറിക്ഷ ഡ്രൈവറും തമ്മിൽ സംഘർഷമുണ്ടായെന്നും തുടർന്ന് അർജുനെ പൊലീസ് അറസ്റ്റ് ചെയ്തെന്നും ചില ഓൺലൈൻ മാധ്യമങ്ങളിൽ‌ വാർത്ത വന്നത് കഴിഞ്ഞ ദിവസമാണ്. തുടർന്ന്, ഭർത്താവിനെ രക്ഷിക്കാൻ അർജുന്റെ ഭാര്യയും സോഷ്യൽ മീഡിയ താരവുമായ സൗഭാഗ്യ വെങ്കിടേഷ് കിണഞ്ഞു പരിശ്രമിക്കുകയാണെന്ന് ചില യൂ ട്യൂബ് ചാനലുകളും റിപ്പോർട്ടുകൾ നൽകി. എന്നാൽ, ഇത്തരം വാർത്തകളോട് രസകരമായി പ്രതികരിച്ച് സോഷ്യൽ മീഡിയയില്‍ പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് സൗഭാഗ്യ. മകൾക്കൊപ്പമുള്ള തന്റെയും അർജുന്റെയും ഒരു കുടുംബനിമിഷത്തിന്റെ ചിത്രം പങ്കുവച്ച്, ‘വാ വിട്ട് കരയുന്ന സൗഭാഗ്യ വെങ്കിടേഷും, മർദ്ദനമേറ്റ് തളർന്നു കിടക്കുന്ന നടൻ അർജുൻ സോമശേഖരനും. തുടർന്ന് കൊച്ചുബേബിയെ അറസ്റ്റ് ചെയ്തു. മന്ത്രിമാർ വിളിച്ചു പറഞ്ഞിട്ടും വിട്ടില്ല’ എന്നാണ് സൗഭാഗ്യ കുറിച്ചത്. ആരാധകരും സഹപ്രവർത്തകരുമടക്കം നിരവധിയാളുകളാണ് സൗഭാഗ്യയുടെ രസികൻ പോസ്റ്റിനു താഴെ കമന്റുകളുമായി എത്തുന്നത്.