Tuesday 20 February 2024 09:39 AM IST : By സ്വന്തം ലേഖകൻ

സുദേവിന്റെ മനസ്സ് കവർന്ന സുന്ദരിക്കുട്ടി...ആരാണ് അമർദീപ് കൗർ ?

amardeep

മലയാളത്തിന്റെ യുവനടൻ സുദേവ് നായരുടെ ജീവിതപങ്കാളിയായതോടെയാണ് അമർദീപ് കൗർ എന്ന പേര് മലയാളികൾക്കിടയില്‍ ചർച്ചയാകുന്നത്. ആരാണ് ഈ സുന്ദരിക്കുട്ടിയെന്നാണ് ഇപ്പോൾ പലരും സോഷ്യൽ മീഡിയയിൽ തിരയുന്നതും.

പ്രശസ്തമായ നിരവധി ഫാഷൻ ഷോകളില്‍ ശ്രദ്ധേയസാന്നിധ്യമായ മോഡലും നടിയുമാണ് അമർദീപ് കൗർ. ഗുജറാത്തിൽ ഒരു പഞ്ചാബി കുടുംബത്തിൽ ജനിച്ച ഈ 22 വയസ്സുകാരി മുംബൈയിലാണ് താമസം.

പാലക്കാട് സ്വദേശികളായ വിജയകുമാറിന്റെയും സുഭദയുടെയും മകനായ സുദേവ് മുംബൈയിലാണ് ജനിച്ചുവളർന്നത്. പൂണൈയിലെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്ന് അഭിനയത്തിൽ ബിരുദാനന്തര ബിരുദം നേടി.

ഇരുവരുടെയും പ്രണയവിവാഹമാണ്. സുദേവുമൊത്തുള്ള തന്റെ നിരവധി ചിത്രങ്ങൾ അമർദീപ് സോഷ്യൽ മീഡിയയിൽ പലപ്പോഴായി പോസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സോഷ്യൽ മീഡിയയുടെ ശ്രദ്ധ അതിൽ പതിഞ്ഞിട്ടില്ല.

കഴിഞ്ഞ ദിവസമായിരുന്നു സുദേവിന്റെയും അമർദീപിന്റെയും വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിൽ ഗുരുവായൂരിൽ വച്ചായിരുന്നു വിവാഹം.

2014ൽ, സൗമിക് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാംഗ്എന്ന ഹിന്ദി ചിത്രത്തിലൂടെയായിരുന്നു സുദേവിന്റെ അരങ്ങേറ്റം. ‘മൈ ലൈഫ് പാര്‍ട്നർ’ എന്ന ആദ്യ മലയാളം ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടനാണ് സുദേവ്. അനാർക്കലി, കരിങ്കുന്നം സിക്സസ്, എസ്ര, കായംകുളം കൊച്ചുണ്ണി, അബ്രഹാമിന്റെ സന്തതികൾ, മിഖായേൽ, അതിരൻ, മാമാങ്കം, വൺ, ഭീഷ്മപർവ്വം, പത്തൊൻപതാം നൂറ്റാണ്ട്, തുറമുഖം എന്നിവയാണ് മലയാളത്തിലെ മറ്റു പ്രധാന ചിത്രങ്ങൾ. മലയാളത്തിലും കന്നഡയിലും ഹിന്ദിയിലുമായി ഇരുപതോളം സിനിമകളിൽ താരം ഇതിനകം അഭിനയിച്ചു കഴിഞ്ഞു.