Thursday 18 May 2023 09:18 AM IST : By സ്വന്തം ലേഖകൻ

‘ജാനകി ജാനേയും സിനിമ തന്നെയാണ്’: ‘2018’ സിനിമയുടെ ടീമിന് തുറന്ന കത്തുമായി അനീഷ് ഉപാസന

aneesh

നിർമാതാക്കളായ അന്റോ ജോസഫ്, വേണു കുന്നപ്പള്ളി, സംവിധായകൻ ജൂഡ് ആന്തണി എന്നിവരടങ്ങുന്ന ‘2018’ സിനിമയുടെ ടീമിന് ഒരു തുറന്ന കത്തുമായി സംവിധായകൻ അനീഷ് ഉപാസന.

‘2018’ തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചു കൊണ്ടാണ് ‘ജാനകി ജാനേ’ സംവിധായകനായ അനീഷിന്റെ കത്ത്.

അനീഷിന്റെ കുറിപ്പ് –

അന്റോ ജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയറ്റർ ഉടമകൾക്കുമായി

ഒരു തുറന്ന കത്ത്

ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ..

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം.

ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും (working days) ചെയ്യുന്ന തീയറ്ററുകാരുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്..

എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല...തീയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്. സംശയമില്ല...

അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല..

ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും..പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയറ്ററിൽ നിറയണമെങ്കിൽ 1st ഷോയും 2nd ഷോയും വേണം..ദയവ് ചെയ്ത് സഹകരിക്കണം..

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്..

ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്..

പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്..

പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്..

ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്നകാര്യമാണ്

മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം..

ജാനകി ജാനേയും സിനിമ തന്നെയാണ്...

ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്

2018 ഉം സിനിമയാണ്

എല്ലാം ഒന്നാണ്

മലയാള സിനിമ. .!

മലയാളികളുടെ സിനിമ..!

ആരും 2018 ഓളം എത്തില്ലായിരിക്കും..

എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ...

അനീഷ് ഉപാസന