Wednesday 07 February 2024 03:14 PM IST : By സ്വന്തം ലേഖകൻ

പറഞ്ഞു കേട്ടതൊന്നുമല്ല ‘ഭ്രമയുഗം’ ബജറ്റ്: ചെലവ് എത്രയെന്ന് പ്രഖ്യാപിച്ച് നിർമാതാവ്

mammootty

റെഡ് റെയ്ൻ, ഭൂതകാലം എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഭ്രമയുഗം’. മമ്മൂട്ടി, അർജുൻ അശോകൻ എന്നിവരാണ് പ്രധാന വേഷങ്ങളിൽ. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങുന്ന ചിത്രം ഹൊറര്‍ ത്രില്ലര്‍ ആണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ ബജറ്റ് എത്രയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നിർമാതാവ് ചക്രവര്‍ത്തി രാമചന്ദ്ര. 27.73 കോടിയാണത്രേ ചിത്രത്തിന്‍റെ ബജറ്റ്. പബ്ലിസിറ്റിക്ക് വേണ്ടിവരുന്ന തുക കൂടാതെയുള്ള കണക്കാണിത്.

നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന്റെ ബാനറില്‍ ചക്രവര്‍ത്തി രാമചന്ദ്രയും എസ്. ശശികാന്തും ചേര്‍ന്നാണ് ഭ്രമയുഗം നിര്‍മ്മിച്ചിരിക്കുന്നത്. പ്രമുഖ തമിഴ് സിനിമ ബാനര്‍ വൈ നോട്ട് സ്റ്റുഡിയോസിന്റെ കീഴിലുള്ള മറ്റൊരു ബാനര്‍ ആണ് നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസ്. ഹൊറര്‍ ത്രില്ലര്‍ ചിത്രങ്ങള്‍ മാത്രമാണ് ഈ ബാനറില്‍ പുറത്തെത്തുക. അവരുടെ ആദ്യ ചിത്രമാണ് ഭ്രമയുഗം.

സിദ്ധാർഥ് ഭരതൻ, അമാൽഡ ലിസ് എന്നിവരും ചിത്രത്തിലുണ്ട്. കൊച്ചിയും ഒറ്റപ്പാലവുമാണ് ‘ഭ്രമയുഗ’ത്തിന്റെ പ്രധാന ലൊക്കേഷനുകൾ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ഒരേസമയമായിരിക്കും ‘ഭ്രമയുഗ’ത്തിന്റെ റിലീസ്.

ഛായാഗ്രഹണം: ഷെഹ്‌നാദ് ജലാൽ, ചിത്രസംയോജനം: ഷഫീഖ് മുഹമ്മദ് അലി, സംഗീതം: ക്രിസ്റ്റോ സേവ്യർ, സംഭാഷണങ്ങൾ: ടി.ഡി. രാമകൃഷ്ണൻ, പ്രൊഡക്‌ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, കലാസംവിധാനം: ജ്യോതിഷ് ശങ്കർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കടത്ത്, സൗണ്ട് മിക്സ്: എം.ആർ. രാജകൃഷ്ണൻ, മേക്കപ്പ്: റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം: മെൽവി ജെ.