Thursday 22 February 2024 02:19 PM IST

ചാർധാമിലേക്കുള്ള ആ യാത്രയാണ് ഞങ്ങൾ ഇങ്ങനെ കയ്യുംപിടിച്ചു ചേർന്നിരിക്കാനിടയായത്; ഒരു യാത്രയുണ്ടാക്കിയ വിവാഹം

Vijeesh Gopinath

Senior Sub Editor

govind-padmasurya-gopika-interview-cover ഗോവിന്ദ് പത്മസൂര്യ, ഗോപിക; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

നമുക്കൊക്കെ വേണ്ടി മുൻകൂട്ടി നിശ്ചയിച്ചുറപ്പിച്ച ഒരു ജീവിതസഖി എവിടെയോ കാത്തിരിക്കുന്നുണ്ട്. ഒരു ദിവസം കണ്ടുമുട്ടുെമന്നു മേഘം സിനിമയുടെ ക്ലൈമാക്സിൽ മമ്മൂട്ടി പറയുന്നതു പോലെയാണ് ജി.പിയുടെയും ഗോപികയുടെയും കഥ.

അഞ്ജലിയായി കൂടുംബപ്രേക്ഷകരുടെ ഹൃദയത്തിലായിരുന്നു ഗോപിക. മൂന്നു വർഷമായി ജീവിക്കുന്നതു പോലും സാന്ത്വനം സീരിയലിലെ കഥാപാത്രമായിട്ടായിരുന്നു. കഥയിൽ അഞ്ജലിക്കു സന്തോഷമാകുമ്പോൾ ഗോപികയും ഹാപ്പി. അഞ്ജലി കരയുമ്പോൾ ഗോപികയും ഒാഫ് ആകും. അതിനിടയ്ക്കു വിവാഹമോ?

ജി.പി ആണെങ്കിൽ ബാച്‍ലർ ലൈഫിന്റെ ആകാശത്തു പാറി നടക്കുന്നു. അവതാരകനായി പേരെടുത്തു. പിന്നെ, മലയാളവും തമിഴും കഴിഞ്ഞു തെലുങ്കിലെ വലിയ നിർമാതാക്കളുടെ സിനിമകളിൽ. അതിനിടിയിൽ പേളി മാണിയെ മുതൽ പ്രിയാമണിയെ വരെ കല്യാണം കഴിക്കുമെന്നു ഗോസിപ്പും. അപ്പോഴും ജി.പി പറഞ്ഞു, വെറുതെ വിട്, ജീവിച്ചു പൊക്കോട്ടെ.

അങ്ങനെ പാറി നടക്കുമ്പോഴാണ് ഇങ്ങനെ കയ്യും പിടിച്ചു ചേർന്നിരിക്കാനിടയായ ആ യാത്ര സംഭവിക്കുന്നത്. യാത്ര ചെയ്തത് ഇവരല്ല കേട്ടോ. ജിപിയുടെ അച്ഛന്റെ അനുജത്തി പത്മജ വേണുഗോപാലും ഗോപികയുടെ അച്ഛന്റെ ചേച്ചി ചന്ദ്രികയും.

ഒരു യാത്രയുണ്ടാക്കിയ വിവാഹം. അതിനെക്കുറിച്ചു തന്നെ പറഞ്ഞു തുടങ്ങാമല്ലേ?

ജി.പി: മേമയും ഗോപികയുടെ വല്യമ്മയും സുഹൃത്തുക്കളായിരുന്നു. 15 വർഷം മുൻപ് ചാർധാമിലേക്കുള്ള യാത്രയിലാണ് അവർ പരിചയപ്പെടുന്നത്. ആ യാത്ര കഴിഞ്ഞിട്ടും സൗഹൃദം സൂക്ഷിച്ചു.

അവരുടെ സംഭാഷണത്തിനിടയിലാണ് ഇങ്ങനെ ഒരു വിവാഹാലോചന ഉണ്ടായത്. മേമ എന്നോടു പറഞ്ഞു,‘നീ ഒന്നുപോയി ഗോപികയെ കാണണം.’ ഷോകളിൽ ഉണ്ടായിരുന്നെങ്കിലും ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല.

മേമ പറഞ്ഞെങ്കിലും ഞാൻ കാണാൻ പോയില്ല. ഒന്നാമത്തെ കാര്യം തിരുവന്തപുരത്തെ കോഫി ഷോപ്പിൽ വച്ചുകണ്ടാൽ വെറുതെ ഗോസിപ്പ് ആകേണ്ടല്ലോ. പിന്നെ, മേമയുടെ മെസേജുകളിൽ സ്നേഹം കുറഞ്ഞു,‘ഒാഹോ, ഞാൻ പറഞ്ഞാൽ നീ അനുസരിക്കില്ലല്ലേ’ എന്നായി. അങ്ങനെ വലിയ താൽപര്യമില്ലാതെ കാണാൻ തയാറാകുന്നു.

ഗോപിക: ഏട്ടനോട് ഒന്നര മാസം മുൻപേ പറഞ്ഞെങ്കിലും എന്നോട് ഒന്നര ആഴ്ച മുന്നേയാണ് ‘ജി.പി. കാണാൻ വരുന്നു’വെന്ന കാര്യം വല്യമ്മ പറഞ്ഞത്. ചേട്ടൻ വിളിച്ചപ്പോൾ ഞാൻ ചെന്നൈയിൽ ആയിരുന്നു. അങ്ങോട്ടു വരട്ടേയെന്നു ചോദിക്കുന്നു. ഞാൻ സമ്മതവും നൽകി.

കപാലീശ്വര ക്ഷേത്രത്തിൽ വച്ചാണ് ആദ്യമായി കണ്ടുമുട്ടിയതെന്നു പറഞ്ഞല്ലോ, അങ്ങനൊരു സ്ഥലം തിരഞ്ഞെടുത്തത് എന്തുകൊണ്ടാകും?

ജി.പി: വൈകാരികമായി കപാലീശ്വര ക്ഷേത്രവുമായി വലിയ ബന്ധമുണ്ട്. സിനിമാ പ്രോജക്ടുകളുമായി ചെന്നൈയിൽ ഉണ്ടായിരുന്ന കാലത്തു സ്ഥിരമായി പോകാറുണ്ടായിരുന്നു. ആശങ്കകളുണ്ടായപ്പോൾ കൃത്യമായി തീരുമാനമെടുക്കാനുള്ള വഴി തുറന്നു കിട്ടിയത് അവിടെ നിന്നായിരുന്നു. ഞങ്ങൾ കാണുന്നതുവരെ മേമയെ ബോധിപ്പിക്കാനായി നടത്തിയ യാത്ര മാത്രമായിരുന്നു അത്.

ഗോപിക താമസിച്ചിരുന്ന സ്ഥലത്തു നിന്ന് അരമണിക്കൂർ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്. അടുത്തുള്ള വെജ് ഹോട്ടിലിൽ വച്ചു കണ്ടാലോയെന്നു ഞാൻ ചോദിച്ചു. വേണ്ട ക്ഷേത്രത്തിലേക്കു വരാമെന്ന മറുപടി ഇഷ്ടമായി.

ആദ്യ കാഴ്ചയിലെ പ്രണയം എന്നു കേട്ടിട്ടുണ്ട്. അതുപോലെയായിരുന്നോ?

govind-padmasurya-gopika-interview-cover-story ഗോവിന്ദ് പത്മസൂര്യ, ഗോപിക; ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

ഗോപിക: പ്രണയം ഒന്നും തോന്നിയില്ല. സത്യം പറ‍ഞ്ഞാല്‍ വിവാഹിതരാകണോ എന്ന കാര്യത്തിൽ പോലും ഞ ങ്ങൾക്കു സംശയമുണ്ടായിരുന്നു. കുറച്ചു നാൾ സംസാരിക്കാം എന്നു തീരുമാനിച്ചു. പക്ഷേ, ഒരു ഘട്ടത്തിൽ വച്ചു തിരിച്ചറിഞ്ഞു, ഏട്ടനെ വിവാഹം കഴിക്കാം.

ജിപി: ശരിക്കും മൂന്ന് സ്റ്റേജ് എന്നു പറയാം. ആദ്യ ഘട്ടത്തിൽ ഞങ്ങൾ രണ്ടും വിവാഹം കഴിക്കുന്നില്ല എന്ന തീരുമാനമായിരുന്നു. സംസാരിച്ചതോടെ രണ്ടാം ഘട്ടം തുടങ്ങി. പക്ഷേ, അപ്പോൾ ഗോപികയ്ക്ക് ഈ വിവാഹം വേണോ വേണ്ടയോ എന്ന കാര്യത്തിൽ വലിയ സംശയമായിരുന്നു. ഒരുഘട്ടത്തിൽ വച്ച് ഞാൻ തീരുമാനിച്ചു, വിവാഹത്തിലേക്കെത്തിക്കാൻ വെറുതെ ഒരുപാടു സമയം ചെലവഴിക്കണ്ട. കരിയർ സ്വപ്നങ്ങളിലേക്കു തിരിച്ചു പോകാം.

അതായിരുന്നു മൂന്നാം ഘട്ടം. ഞാൻ ഈ തീരുമാനം പറഞ്ഞതോടെ അതുവരെ വിവാഹം വേണ്ടെന്നു പറഞ്ഞ ഗോപിക പെട്ടെന്നു പോസിറ്റീവായി. ഈ വിവാഹം നടക്കുമെന്നും വർക്കൗട്ട് ആകും എന്നും പറഞ്ഞു. പിന്നെ, നടന്നതു ഞങ്ങളുടെ ചാനലിലൂടെ അറിഞ്ഞല്ലോ.

അഭിമുഖം പൂർണമായും വായിക്കാൻ: വനിത ഫെബ്രുവരി 17–മാർച്ച് 1, 2024 ലക്കം