Wednesday 27 March 2024 10:49 AM IST : By സ്വന്തം ലേഖകൻ

‘വ്യത്യസ്ത സിനിമ ചെയ്യാനുള്ള ബ്ലെസിയുടെ ദാഹം ആടുജീവിതത്തിൽ പ്രകടം’: അഭിനന്ദിച്ച് കമൽഹാസൻ

kamalhassan

‘ആടുജീവിതം’ സിനിമയെ അഭിനന്ദിച്ച് ഉലകനായകൻ കമൽഹാസൻ. കഴിഞ്ഞ ദിവസം ചെന്നൈയിൽ കമൽഹാസനും മണിരത്നത്തിനും വേണ്ടി ‘ആടുജീവിതം’ പ്രിമിയർ ഷോ സംഘടിപ്പിച്ചിരുന്നു. ചിത്രം കണ്ട ശേഷം ഒരു വിഡിയോ സന്ദേശത്തിലൂടെ ചിത്രത്തെക്കുറിച്ചുള്ള തന്റെ അഭിപ്രായം കമൽ പങ്കുവച്ചു.

‘ഇതു ശരിക്കും ഒരു വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ച കാര്യമാണെന്ന് ഓർക്കുമ്പോൾ തന്നെ ഞെട്ടിപ്പോകുകയാണ്. ബ്ലെസി എങ്ങനെ ഈ സിനിമ ചെയ്തു എന്ന് മണിരത്നം അത്ഭുതത്തോടെ ചോദിച്ചു. സിനിമയുടെ ഇടവേളയിൽ തൊണ്ട വരണ്ടു വെള്ളം കുടിക്കാനുള്ള പരവേശം അനുഭവപ്പെടുന്നതു പോലെ തോന്നി. വ്യത്യസ്തമായ ഒരു സിനിമ ചെയ്യാനുള്ള നിങ്ങളുടെ ദാഹം സിനിമയിൽ പ്രകടമാകുന്നുണ്ട്.

പൃഥ്വിരാജ് ഈ സിനിമയ്ക്ക് വേണ്ടി ഒരുപാട് കഠിനാധ്വാനം ചെയ്തിട്ടുണ്ട്, ഇത്രയധികം അദ്ദേഹം ഒരു സിനിമയ്ക്ക് വേണ്ടി കഷ്ടപ്പെടുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. ക്യാമറാമാൻ സുനിൽ കെ.എസ്. ഈ സിനിമയ്ക്കു വേണ്ടി എത്രമാത്രം ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് സിനിമക്കാരായ ഞങ്ങൾക്ക് മനസിലാകും’– കമല്‍ പറഞ്ഞു.

‘എന്നെന്നും ഉലകനായകന്റെ ആരാധകൻ. ആടുജീവിതത്തിനു കിട്ടിയ ഏറ്റവും വലിയ പുരസ്കാരമാണിത്. വളരെ നന്ദി കമല്‍ഹാസൻ സർ’ എന്നാണ് കമലഹാസന്റെ വിഡിയോ പങ്കുവച്ച് പൃഥ്വിരാജ് കുറിച്ചത്. ചിത്രം മാർച്ച് 28ന് തിയറ്ററുകളിലെത്തും.