Monday 15 January 2024 02:32 PM IST : By പി.രാം കുമാർ

മറഞ്ഞാലും, മനസിന്റെ ഈണങ്ങളിൽ വിരിയുന്ന കെ ജെ. ജോയ്

kj-joy-new

1970 കളുടെ മധ്യത്തിൽ മലയാള സിനിമാ സംഗീതത്തിൽ പുതിയ ശൈലിയുമായി വന്ന സംഗീത സംവിധായകനായിരുന്നു തൃശൂർക്കാരൻ കെ. ജെ. ജോയ്. പാശ്ചാത്യ സംഗീതോപകരണങ്ങൾ മലയാള ഗാനങ്ങളിൽ സാധാരണമാകാൻ തുടങ്ങിയത് ജോയി ഈണമിട്ട ഗാനങ്ങൾ വരാൻ തുടങ്ങിയതോടെയാണ്.

‘രാജമല്ലി പൂവിരിക്കും രാഗവല്ലി മണ്ഡപത്തിൽ.

രാജഹംസപ്പെണ്ണൊരുത്തിതാമസിക്കും ആശ്രമത്തിൽ....

പുഷ്പമാസനേരം പള്ളിമണിത്തേരിൽ രാജരാജൻ വന്നിറങ്ങി....’

എന്നു പി. സുശീല പാടിയത് കേൾക്കുമ്പോൾ, ശ്രോതാവിനു സന്തോഷമുണ്ടാകും. ജോയ് എന്നാൽ മലയാളത്തിൽ സന്തോഷം എന്നാണല്ലോ. അത് അക്ഷരാർഥത്തിൽ ശരിയാണ് എന്ന് ഈ പാട്ട് ഓർമിപ്പിക്കും.

എഴുപതുകളുടെ മധ്യത്തിൽ ഡോക്ടർ ബാലകൃഷ്ണന്റെ ‘ലവ് ലെറ്റർ’ എന്ന ചിത്രത്തിലൂടെയാണ് കെ. ജെ. ജോയി സംഗീത സംവിധായകനാവുന്നത്. അതിന് മുൻപ് മലയാളത്തിലെ എറ്റവും മികച്ച സംഗീത സംവിധായകർക്ക് വേണ്ടി ഗാനങ്ങൾക്ക് ‘അക്കോർഡിയൻ’ പോലുള്ള വാദ്യോപകരണങ്ങൾ വായിച്ചിരുന്നത് പാശ്ചാത്യ സംഗീതോപകരണങ്ങളിൽ നല്ല അറിവുണ്ടായിരുന്ന ജോയിയായിരുന്നു.

ദേവരാജൻ മാഷ് ഈണമിട്ട ശ്രീകുമാരൻ തമ്പിയെഴുതിയ ‘ബോയ് ഫ്രണ്ട്’ലെ ജയചന്ദ്രൻ പാടിയ ‘മാരി പൂമാരി...’ എന്ന ഗാനത്തിന് വേണ്ടി പാശ്ചാത്യ വാദ്യോപകരണം വായിച്ചതൊക്കെ അസാധ്യമായിരുന്നു.

ആദ്യ ചിത്രത്തിലെ ‘സ്വർണ മാലകൾ വിണ്ണിൽ വിതറും...’ എന്ന അമ്പിളി പാടിയ ഗാനം തന്നെ ഹിറ്റായിരുന്നു. എഴുതിയത് സത്യൻ അന്തിക്കാടും.

ശ്രദ്ധേയമായ ഈണങ്ങളൊരുക്കി മലയാള ഗാനരംഗത്ത് സ്വന്തമായി ഒരു സ്ഥാനമുണ്ടാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞെങ്കിലും 1980 കൾക്ക് ശേഷം മലയാള സിനിമാ രംഗത്തെ സംഗീത രംഗത്തെ മാറ്റങ്ങളിൽ കെ. ജെ. ജോയ് എന്ന സംഗീത സംവിധായകന് മുന്നേറാനായില്ല. ജോൺസൺ, രവീന്ദ്രൻ തുടങ്ങിയ പ്രതിഭകളായിരുന്നു പുതിയ സംവിധായകർക്ക് വേണ്ടിയിരുന്നത്.

പി. സുശീല പാടിയ ‘ലിസ’ യിലെ ‘രാധാ ഗീതാ ഗോവിന്ദ രാധാ’ എന്നത് അക്കാലത്തെ ഹിറ്റ് ഗാനങ്ങളൊന്നായിരുന്നു. എറെ ജനപ്രീതി നേടിയ ഹാസ്യഗാനമായ ‘പരിപ്പുവട പക്കുവട’ (സ്നേഹയമുന) തൊട്ട് ദുഃഖ ഗാനമായ ‘മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ’ (സായൂജ്യം) വരെ വ്യതസ്തത അദ്ദേഹം ഈണത്തിൽ അവതരിപ്പിച്ചു. അവയെല്ലാം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.

സ്നേഹയമുനയിലെ യൂസഫലിയെഴുതിയ ‘നീല യമുനേ സ്നേഹയമുനേ’ എന്ന ഗാനം പാടിച്ചത് കെ. സി. വർഗീസ് എന്ന പുതിയ ഗായകനെക്കൊണ്ടായിരുന്നു. രണ്ട് പാട്ട് പാട്ട് മാത്രം പാടിയ ഗായകന്റെ ആ ഗാനം ശ്രദ്ധ നേടിയെങ്കിലും ഗാനരംഗത്തു വർഗീസിനു മുന്നേറാൻ കഴിഞ്ഞില്ല.

യേശുദാസും ജയചന്ദ്രനേയും വിട്ട് ഒരു പുതിയ ഗായകനെ കൊണ്ട് പാടിക്കാൻ അക്കാലത്ത ധൈര്യം കാണിച്ച അപൂർവം സംഗീത സംവിധായകനായിരുന്നു അദേഹം.

പി.സുശീലയായിരുന്നു അദ്ദേഹത്തിന്റെ പ്രിയ ഗായിക. എന്നാൽ എസ്. ജാനകി പാടിയ ‘ലളിതാ സഹസ്രനാമജപം’ എന്ന ഗാനം (ചിത്രം: അഹല്യ, വരികൾ – ബിച്ചു തിരുമല) മലയാളത്തിലെ മികച്ച ചലചിത്ര ഭക്തി ഗാനങ്ങളിലൊന്നാണ്.

ജോയ് ഈണമിട്ട ജയൻ പാടി അഭിനയിച്ച, മനുഷ്യ മൃഗത്തിലെ യേശുദാസ് പാടിയ ‘കസ്തൂരിമാൻ മിഴി’ ഇപ്പോഴും ആരാധകരുടെ പ്രിയഗാനമാണ്. മാങ്കൊമ്പ് ഗോപാലകൃഷ്ണനും യൂസഫലി കേച്ചേരിയുമായിരുന്നു ജോയിയുടെ പ്രശസ്ത ഈണങ്ങളിൽ പലതും വരികൾ എഴുതിയത്.

സായൂജ്യം എന്ന ഹിറ്റ് ചിത്രത്തിലെ ‘മറഞ്ഞിരുന്നാലും മനസിന്റെ കണ്ണിൽ’ എന്ന ഗാനം എറെക്കാലം സിനിമാ ഗാനപ്രേമികൾ മൂളിയതാണ്. ‘കാലിത്തൊഴുത്തിൽ പിറന്നവനേ’ എന്ന അതിലെ തന്നെ സുശീല പാടിയ ക്രിസ്തീയ ഭക്തി ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട ജോയിയുടെ ഈണമാണ്.