Friday 03 April 2020 10:40 AM IST : By സ്വന്തം ലേഖകൻ

‘പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റീനിലാണ് ഞാന്‍’! ജീവിതത്തിൽ ആദ്യമായി ഭാര്യയ്ക്ക് വേണ്ടി കേക്ക് ഉണ്ടാക്കി ചാക്കോച്ചൻ

kunchakko-boban

മലയാളത്തിന്റെ പ്രിയതാരം കുഞ്ചാക്കോ ബോബന്റെയും ഭാര്യ പ്രിയയുടെയും പതിനഞ്ചാം വിവാഹവാർഷികമായിരുന്നു ഇന്നലെ. ആദ്യത്തെ കൺമണിയായ ഇസ വന്നതിനു ശേഷമുള്ള ഈ വിവാഹവാര്‍ഷികം ദമ്പതികൾക്ക് ഏറെ സ്പെഷലായിരുന്നു. ലോക്ഡൗണ്‍ കാലമായിട്ടും വീടിനുള്ളിൽ ചാക്കോച്ചനും പ്രിയയും വിവാഹ വാർഷികം ആഘോഷിച്ചു.

ഇപ്പോഴിതാ, വിവാഹ വാർഷികം പ്രമാണിച്ച് പ്രിയയെക്കുറിച്ച് ചാക്കോച്ചൻ കുറിച്ചതാണ് സോഷ്യൽ മീഡിയയിൽ വൈറൽ.

‘പതിനഞ്ചു വര്‍ഷമായി നിന്നോടുള്ള സ്നേഹത്തിന്റെ ക്വാറന്റീനിലാണ് ഞാന്‍. അതെനിക്കെന്നും പ്രിയപ്പെട്ടതാണ്. കഴിഞ്ഞ 22 വര്‍ഷമായി നമുക്കു പരസ്പരം അറിയാം. എന്റെ ജീവിതത്തില്‍ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളില്‍ ഒന്നാണ് നീ. നിന്നെ കാണുന്നതിനും മുമ്പാണ് എന്റെ ആദ്യചിത്രത്തില്‍ നിന്റെ പേരിലുള്ള ആ പാട്ട് ഞാന്‍ മൂളുന്നത്. അന്നും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ജീവിതസഖിയുടെ പേരാണ് അതെന്ന്. നമുക്കിടയിലെ നല്ലതും ചീത്തയുമെല്ലാം പരസ്പരം അംഗീകരിച്ച് കൈകോര്‍ത്ത് നമ്മള്‍ മുമ്പോട്ടു പോയി. ഇന്ന് നമുക്ക് രണ്ടു പേര്‍ക്കും സ്പെഷലാണ്. നമുക്ക് ഒപ്പം ഇസഹാക്ക് ഉണ്ട്. എന്റെ കുടുംബത്തിന് നീ നല്ലൊരു മരുമകളും നാത്തൂനുമൊക്കെയാണ്.. ഇപ്പോള്‍ എന്റെ മകന്റെ സൂപ്പര്‍ അമ്മ കൂടിയുമാണ്.. ഒരായിരം ആലിംഗനങ്ങളും ചുംബനങ്ങളും എന്റെ പ്രിയതമയ്ക്ക്. കേക്കിന്റെ ലുക്ക് കണ്ട് പേടിക്കണ്ട. എന്റെ ഭാര്യയ്ക്കായി ജീവിതത്തിൽ ഞാൻ ആദ്യമായി ഉണ്ടാക്കിയ കേക്ക് ആണിത്’. -ചാക്കോച്ചൻ കുറിച്ചു.

2005 ഏപ്രില്‍ 2നായിരുന്നു പ്രിയ ആന്‍ സാമുവലും കുഞ്ചാക്കോ ബോബന്‍ വിവാഹിതരായത്. 2019 ഏപ്രില്‍ 16ന് ആണ് ഇസഹാക്ക് ജനിച്ചത്.