Tuesday 15 January 2019 09:45 AM IST : By സ്വന്തം ലേഖകൻ

ലെനിന്റെ മൃതദേഹം വിട്ടു നൽകില്ല എന്ന് ആശുപത്രി അധികൃതര്‍ ! ചികിത്സയുടെ ചിലവ് സർക്കാർ ഏറ്റെടുത്തു

lenin-new

സിനിമയുടെ വിപണിസമവാക്യങ്ങളെ സന്തോഷിപ്പിക്കാതെ, കലാമേൻമയുടെ കരുത്തിനൊപ്പം നിന്ന, മലയാളത്തിന്റെ പ്രിയ സംവിധായകൻ ലെനിൻ രാജേന്ദ്രൻ ഓർമ്മയായി. ഇന്നലെ രാത്രി ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. 67 വയസായിരുന്നു. പ്രതിഭാധനനായ സംവിധായകനും തിരക്കഥാകൃത്തുമായ ലെനിന്‍ കരള്‍ രോഗത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.

മൂന്നു മാസം മുമ്പാണ് ലെനിനെ അപ്പോളോയില്‍ പ്രവേശിപ്പിച്ചത്. ആഴ്ചകള്‍ക്കു മുമ്പ് കരള്‍ മാറ്റി വെക്കല്‍ ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നെങ്കിലും ഇന്നലെ വൈകുന്നേരത്തോടെ ആരോഗ്യനില വഷളായി.

ചികിത്സാച്ചിലവായ 72 ലക്ഷം രൂപ കൊടുക്കാതെ ലെനിന്റെ മൃതദേഹം വിട്ടുനല്‍കില്ലെന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കിയാല്‍ മൃതദേഹം വിട്ടു നല്‍കാമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് നോര്‍ക്ക ഉദ്യോഗസ്ഥര്‍ ആശുപത്രിയിലെത്തി ചര്‍ച്ച നടത്തിയതോടെയാണ് അധികൃതര്‍ മൃതദേഹം വിട്ടുനല്‍കിയത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി.

ആശുപത്രിയില്‍ അടയ്ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കും. നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍ക്കാര്‍ ധനസഹായം നല്‍കിയിരുന്നു.

നവംബര്‍ 17നായിരുന്നു ലെനിന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ. പിന്നീട് കരളില്‍ അണുബാധ ഉണ്ടായി രക്തസമ്മര്‍ദ്ദം അമിതമായി കുറഞ്ഞു. തിങ്കളാഴ്ച രാത്രി 8.45 ഓടെയാണ് ലെനിന്‍ മരണപ്പെട്ടത്.

പി.എ ബക്കറിന്റെ സഹസംവിധായകനായി സിനിമയിലെത്തിയ ലെനിന്‍ ‘ഉണര്‍ത്തുപാട്ട്’ എന്ന സിനിമയുടെ നിര്‍മ്മാതാക്കളില്‍ ഒരാളായി. 1981 ല്‍ ‘വേനല്‍’ എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. തുടര്‍ന്ന് ചില്ല് (1982), പ്രേം നസീറിനെ കാണ്മാനില്ല (1983), മീനമാസത്തിലെ സൂര്യന്‍ (1985), സ്വാതി തിരുനാള്‍ (1987), പുരാവൃത്തം (1988), വചനം (1989), ദൈവത്തിന്റെ വികൃതികള്‍ (1992), കുലം (1996), മഴ(2000), അന്യര്‍(2003), രാത്രിമഴ (2007), മകരമഞ്ഞ് (2010), ഇടവപ്പാതി (2016) തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

രാത്രിമഴയിലൂടെ 2006ല്‍ മികച്ച സംവിധായകനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു. ‘ദൈവത്തിന്റെ വികൃതികളും’ ‘മഴ’യും മികച്ച ചിത്രത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ നേടി. ദേശീയസംസ്ഥാന അവാര്‍ഡ് കമ്മറ്റികളില്‍ ജൂറി അംഗമായിരുന്നു. കെ.പി.എ.സിയുടെ ‘രാജാ രവിവര്‍മ്മ’ ഉള്‍പ്പെടെ നാലു നാടകങ്ങളും സംവിധാനം ചെയ്തു. ‘കുലം’ എന്ന ചിത്രത്തിന് മികച്ച ജനപ്രിയ – കലാമൂല്യ ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചു.

തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളേജിലായിരുന്നു ലെനിന്റെ പഠനം. ഒറ്റപ്പാലം ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയര്‍മാനായിരുന്നു.