Saturday 27 January 2024 11:25 AM IST : By സ്വന്തം ലേഖകൻ

‘വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്’: പ്രതികരിച്ച് ലിജോ ജോസ് പെല്ലിശ്ശേരി

lijo-jose-pallisserry

മോഹൻലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബന്‍’ തിയറ്ററുകളിൽ പ്രദർശനം തുടരുമ്പോൾ, ചിത്രത്തിനെതിരായ ഹേറ്റ് ക്യാംപെയ്നെതിരെ പ്രതികരണവുമായി സംവിധായകൻ ലിജോ.

എന്തിനാണ് ഈ വിദ്വേഷം നടത്തുന്നതെന്നും എന്തു ഗുണമാണ് ഇതിൽ നിന്ന് ലഭിക്കുന്നതെന്നും അദ്ദേഹം പ്രസ് മീറ്റിൽ ചോദിച്ചു. നെഗറ്റീവ് റിവ്യൂവിനെപ്പറ്റി ചിന്തിക്കുന്നില്ല. അത് തനിക്ക് പ്രശ്നമല്ല. വാലിബന് ഒരു മുത്തശ്ശി കഥയുടെ വേഗത മാത്രമാണ് ഉള്ളത്. നമ്മുടെ കാഴ്ച്ച മറ്റൊരാളുടെ കണ്ണിലൂടെ ആകരുത്. ഷോ കണ്ട പ്രേക്ഷകര്‍ പറയുന്നതാണ് കൂടുതല്‍ സ്വീകരിക്കുന്നത്. സിനിമ സ്വീകരിക്കപ്പെട്ടില്ലെങ്കിൽ ഇതിന്റെ സീക്വലും പ്രീക്വലും ആലോചിക്കാൻ കഴിയില്ലെന്നും ലിജോ പറഞ്ഞു.

‌‘സിനിമയുടെ വേഗത, കഥ പറയുന്ന രീതി ഇതൊക്കെ നമ്മൾ കണ്ടു പരിചയിച്ച, ശീലിച്ച സിനിമകളുടേതു പോലെ വേണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണ്. വാലിബൻ എന്നു പറയുന്നത് ഫെരാരിയുടെ എൻജിൻ വച്ച് ഓടുന്ന വണ്ടിയല്ല. ഒരു മുത്തശ്ശിക്കഥയുടെ വേഗതമാത്രമാണ് ഇതിനുള്ളത്.

രാവിലത്തെ ഷോസിന്റെ അഭിപ്രായം എപ്പോഴും സത്യമാവണമെന്നില്ല എന്നും രാവിലെ വരുന്ന ഓഡിയൻസും വൈകുന്നേരം വരുന്ന ഓഡിയൻസും രണ്ടും രണ്ടാണ്. വൈരാഗ്യത്തോട് കൂടി സിനിമയെ അറ്റാക്ക് ചെയ്യുന്നത് എന്തിനാണ്. അത് സിനിമാമേഖലയിൽ എന്ത് മാറ്റമുണ്ടാക്കും.

മോഹൻലാലിനെ കാണേണ്ട രീതിയിൽ തന്നെയാണ് സിനിമയിൽ അവതരിപ്പിച്ചത്. നമ്മൾ കണ്ടു പരിചിതമായ രീതി വേണമെന്ന് എന്തിന് വാശി പിടിക്കണം. ഇപ്പോഴും എന്റെ പദ്ധതിയിൽ ഒരു വ്യത്യാസവും വരുത്താൻ ആഗ്രഹിക്കുന്നില്ല. ഞാനിനിയും ഇതുപോലെ തന്നെ മുന്നോട്ടുപോകും.

സിനിമ ഇറങ്ങിയ ശേഷം അതിയായ സന്തോഷിക്കുകയോ അതിയായ ദുഃഖം ഉണ്ടാകുകയോ ചെയ്യുന്ന ആളല്ല ഞാൻ, പക്ഷേ ഈ സിനിമ ഇറങ്ങിയ ശേഷം ഷോക്കിങ് ആയിട്ടുള്ള കാര്യമാണ് ഉണ്ടായത്. മനസ്സു മടുത്തത് കൊണ്ട് തന്നെയാണ് ഇവിടെ വന്ന് ഒറ്റയ്ക്കിരിക്കേണ്ട സാഹചര്യം ഉണ്ടായത്’. – ലിജോ പറയുന്നു.