Friday 29 December 2023 11:43 AM IST : By സ്വന്തം ലേഖകൻ

‘വലിയ നാടകസ്വപ്നങ്ങൾ ബാക്കിവച്ചാണ് അകാലത്തിലെ ഈ വിടപറയൽ...’: അനുശോചനം രേഖപ്പെടുത്തി മോഹൻലാൽ

mohanlal

പ്രശസ്ത നാടകകൃത്തും നടനും സംവിധായകനും എഴുത്തുകാരനുമായ പ്രശാന്ത് നാരായണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി നടൻ മോഹൻലാൽ.

‘പ്രതിഭാധനനായ ഒരു കലാകാരനെയാണ് പ്രശാന്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായിരിക്കുന്നത്. നാടകലോകത്തെ വേറിട്ട പ്രതിഭയായ അദ്ദേഹത്തോടൊപ്പം ഛായാമുഖിയിൽ പ്രവർത്തിക്കാനുള്ള ഭാഗ്യമുണ്ടായി. പൂർത്തിയാക്കാനുള്ള വലിയ നാടകസ്വപ്നങ്ങൾ ബാക്കിവെച്ചിട്ടാണ്

അകാലത്തിൽ പ്രശാന്ത് ഈ ലോകത്തോട് വിടപറഞ്ഞത്. വ്യക്തിപരമായി ഏറെ അടുപ്പമുണ്ടായിരുന്നു പ്രശാന്തുമായി എനിക്ക്. വേദനയോടെ ആദരാഞ്ജലികൾ’.– അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു.

ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് പ്രശാന്ത് നാരായണൻ വ്യാഴാഴ്ചയാണ് അന്തരിച്ചത്. 51 വയസ് ആയിരുന്നു. തിരുവനന്തപുരത്തുവച്ചാണ് മരണം.

മോഹന്‍ലാലും മുകേഷും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഛായാമുഖി എന്ന നാടകമാണ് ഏറ്റവും ശ്രദ്ധ നേടിയത്. കേരള സംഗീത നാടക അക്കാദമി അവാര്‍ഡ് അടക്കമുള്ള പുരസ്കാരങ്ങള്‍ ഈ നാടകത്തിന് ലഭിച്ചിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി നാടക രംഗത്തെ സജീവ സാന്നിധ്യമാണ്.