Friday 22 March 2019 09:29 AM IST : By സ്വന്തം ലേഖകൻ

‘മീശയും മുണ്ടും ജീപ്പും കൊണ്ടു മാത്രം ചിത്രം വിജയിക്കില്ല’! പ്രേക്ഷകര്‍ക്ക് വേണ്ടത് വേണ്ടതു പോലെ ലൂസിഫറിലുണ്ടെന്ന് മോഹൻലാൽ: വിഡിയോ

lal

സ്ക്രീനിലേക്ക് ലൂസിഫർ പറന്നിറങ്ങാൻ ഇനി ദിവസങ്ങൾ മാത്രം. ആകാംക്ഷയോടെയും ആവേശത്തോടെയും ആരാധകർ ആ വലിയ വരവിനു വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ്. ആഘോഷിക്കാനുള്ള വക ആവോളമുണ്ടാകും ലൂസിഫറിലെന്ന് ചിത്രത്തിന്റെ ട്രെയിലർ സൂചന തരുന്നു. മോഹൻലാലിനെ നായകനാക്കി എന്തു മാത്രികക്കാഴ്ചയാണ് പൃഥ്വിരാജ് ഒരുക്കി വച്ചിരിക്കുന്നതെന്ന് മാത്രമാണ് ഇപ്പോൾ പ്രേക്ഷകരുടെ ചിന്ത.

മോഹൻലാലിനെയും മഞ്ജു വാരിയരേയും വച്ച്
ആദ്യ സിനിമ സംവിധാനം ചെയ്യുകയെന്നത് എല്ലാവരുടെയും സ്വപ്നമാണെന്ന് പൃഥ്വി പറയുന്നു. ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം നടത്തിയ പത്രസമ്മേളനത്തിലായിരുന്നു മോഹൻലാലിനെക്കുറിച്ചും മഞ്ജു വാരിയരെക്കുറിച്ചും പൃഥ്വി വാചാലനായത്. തന്റെ സിനിമയില്‍ തനിക്കു കിട്ടിയ ഏറ്റവും വലിയ ഭാഗ്യം ലാലേട്ടനും മഞ്ജുവും അഭിനയിച്ചതാണെന്നും അവരുടെ കഴിവാണ് ഈ സിനിമയെന്നും പറഞ്ഞ പൃഥ്വി, ചിത്രത്തെ കുറിച്ച് ആലോചിച്ചപ്പോള്‍ ഇരുവരുടേയും കഥാപാത്രങ്ങളാണ് മനസ്സില്‍ ആദ്യം തയാറായതെന്നും അതിനു ശേഷമാണ് മറ്റുളളവരെ ചിത്രത്തിലേക്ക് കൊണ്ടുവന്നതെന്നും വ്യക്തമാക്കി.

പൃഥ്വിക്കു പുറമേ മോഹൻലാല്‍, മഞ്ജു വാര്യർ, മുരളി ഗോപി, ടൊവിനോ തോമസ്, ആന്റണി പെരുമ്പാവൂർ എന്നിവരും പത്രസമ്മേളനത്തിനെത്തിയിരുന്നു.

മുണ്ടും മീശയും ജീപ്പും കൊണ്ടു മാത്രം ചിത്രം വിജയിക്കില്ലെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. ‘മീശ പിരിക്കലും മുണ്ട് ഉടുക്കലും ജീപ്പോടിക്കലും കൊണ്ട് മാത്രം ചിത്രം വിജയിക്കില്ല. അത് എങ്ങനെ അവതരിപ്പിക്കുന്നു എന്നതാണ് കാര്യം. അതൊരു കഴിവാണ്. പ്രേക്ഷകര്‍ക്ക് വേണ്ടത് വേണ്ട പോലെ കൊടുക്കാനുളള ആ മികവ് ഈ ചിത്രത്തിലുണ്ട്. സ്റ്റീഫണ്‍ നെടുമ്പളളി എന്ന കഥാപാത്രത്തിന് അനുയോജ്യമായ രൂപമാണ് ചിത്രത്തില്‍. അതിനെ മനോഹരമായി തയാറാക്കിയിട്ടുണ്ടെന്നാണ് വിശ്വാസം’ അദ്ദേഹം കൂട്ടിച്ചേർത്തു.

പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം കാണാന്‍ എല്ലാവരേയും പോലെ താനും ആകാംക്ഷയിലാണെന്നാണ് മഞ്ജു പറഞ്ഞത്.
മുരളി ഗോപി തിരക്കഥയെഴുതിയ ചിത്രത്തിൽ വിവേക് ഒബ്റോയി, ഇന്ദ്രജിത്ത്, ടൊവിനോ, കലാഭവന്‍ ഷാജോണ്‍, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിർമിച്ച ലൂസിഫർ ഈ മാസം 28 ന് തിയറ്ററുകളിലെത്തും.