Monday 15 January 2024 11:28 AM IST : By സ്വന്തം ലേഖകൻ

‘ഇനി കാണപ്പോവത് നിജം...’ വാലിബൻ ചലഞ്ചുമായി മോഹൻലാൽ: വിഡിയോ വൈറൽ

mohanlal

മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനാകുന്ന ‘മലൈക്കോട്ടൈ വാലിബൻ’. ചിത്രത്തിന്റെ ടീസർ ഇതിനോടകം ഹിറ്റാണ്. ടീസറിലെ, ‘കൺകണ്ടത് നിജം, കാണാത്തത് പൊയ്... നീ കണ്ടതെല്ലാം പൊയ്, ഇനി കാണപ്പോവത് നിജം...’ എന്ന മോഹൻലാലിന്റെ ഡയലോഗും വൈറലായി.

ഇപ്പോഴിതാ, സിനിമ റിലീസിനോടടുക്കുമ്പോൾ വാലിബൻ ചലഞ്ചുമായി രംഗത്തെത്തിയിരിക്കുകയാണ് മോഹൻലാൽ. നിങ്ങൾ സ്വീകരിക്കുമോ ? എന്ന കുറിപ്പോടെയാണ് താൻ വ്യായാമം ചെയ്യുന്ന രംഗം മോഹൻലാൽ പങ്കുവച്ചിരിക്കുന്നത്.

2024 ജനുവരി 25നാണ് മലൈക്കോട്ടൈ വാലിബൻ തിയേറ്ററുകളിലെത്തുന്നത്. മറാഠി നടി സൊണാലി കുൽക്കർണി, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, രാജീവ് പിള്ള, ഡാനിഷ്, ഹരിപ്രശാന്ത് വർമ, സുചിത്ര നായർ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായുണ്ട്.

ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് പി.എസ്. റഫീക്കാണ്. ഷിബു ബേബി ജോണിന്റെ ജോൺ ആൻഡ് മേരി ക്രിയേറ്റീവിനൊപ്പം മാക്സ് ലാബ് സിനിമാസ്, സെഞ്ച്വറി ഫിലിംസ് എന്നിവരും 'മലൈക്കോട്ടൈ വാലിബ'ന്റെ നിർമ്മാണ പങ്കാളികളാണ്.