Tuesday 12 March 2024 04:06 PM IST : By Ramkumar P

സേതുമാധവൻ എതിർത്തിട്ടും ദേവരാജൻ മാസ്റ്റർ പറഞ്ഞു, ‘ആ ഗാനം ജയചന്ദ്രൻ തന്നെ പാടും’: എൺപതിന്റെ നിറവിൽ ഭാവഗായകൻ

jayachandran

‘കാറ്റുമൊഴുക്കും കിഴക്കോട്ട്

കാവേരി വള്ളം പടിഞ്ഞാറ്റ്

കാറ്റിനെതിരെ, ഒഴുക്കിനെതിരേ

തുഴഞ്ഞാലോ, കാണാത്ത പൊയ്കകൾ കാണാലോ കാണാത്ത തീരങ്ങൾ കാണാലോ’ എന്ന പാട്ട് അരനൂറ്റാണ്ട് മുൻപ് പി. ജയചന്ദ്രൻ പാടിയ ഹിറ്റ് ഗാനമായിരുന്നു. 80 വയസ് പിന്നിടുമ്പോഴും ജയചന്ദ്രൻ എന്ന ഗായകന്റെ സ്വരമാധുരി മലയാളികളുടെ ഇപ്പോഴും മനസ്സിൽ അനശ്വരമാണ്. പക്ഷേ, പാടിയ പാട്ടിലെ വരികൾ പോലെയാണ് ജയചന്ദ്രന്റെ സംഗീത ജീവിതം. മലയാള ചലചിത്ര സംഗീതത്തിലെ കാറ്റിനേയും ഒഴുക്കിനെയുമെല്ലാം അതിജീവിച്ചാണ് ജയചന്ദ്രൻ തന്റെ ഭാവസാന്ദ്രമായ ആലാപനത്തിലൂടെ കേൾക്കാത്ത സ്വരാനുഭൂതികൾ മലയാളികൾക്ക് നൽകിയത്. പ്രായം ലവലേശമില്ലാത്ത തന്റെ ശബ്ദസൗകുമാര്യം ഈ 80 ആം പിറന്നാളിലും അനുസ്യൂതം തുടരുന്നു.

ആറ് പതിറ്റാണ്ട് മുൻപ് പാടിത്തുടങ്ങിയ ജയചന്ദ്രനെന്ന ഗായകന്റെ വളർച്ചയുടെ തുടക്കം മുതലേ പ്രതിബന്ധങ്ങൾ എറെയായിരുന്നു. യേശുദാസിൽ നിന്ന് വേറിട്ട് മലയാള ചലചിത്ര ഗാന രംഗത്ത് മറ്റാർക്കും സാധിക്കാത്ത സ്ഥാനം നേടിയത് നേരത്തെ പറഞ്ഞ കാറ്റിനും ഒഴുക്കിനും കീഴടക്കാത്ത പ്രതിഭയുള്ളതിനാലായിരുന്നു. ജയചന്ദ്രന്റെ ആദ്യ ചലചിത്ര ഗാനം ‘ഒരു മുല്ലപ്പൂ മാലയുമായി നീന്തി നീന്തി വന്നേ’ എന്നതാണ്. കുഞ്ഞാലി മരയ്ക്കാരിലെ ഗാനം പ്രേമയെന്ന ഗായികയൊടൊത്ത് പാടിയ ഒരു ഡ്യുയറ്റ്. എതിർപ്പുകളും വിമർശനങ്ങളും അതിജീവിച്ചാണ് താൻ ജയചന്ദ്രന് പാടാൻ അവസരം നൽകിയതെന്ന് കുഞ്ഞാലി മരക്കാറിന്റെ സംഗീത സംവിധായകൻ ബി.എ. ചിദംബരനാഥ് ഒരിക്കൽ പറഞ്ഞത്.

‘പുതിയ ഗായകനെ പരീക്ഷിക്കുന്നതിനോട് ചിത്രത്തിന്റെ അണിയറ പ്രവർത്തകരിൽ ഭൂരിഭാഗത്തിനും യോജിപ്പില്ലായിരുന്നു. യേശുദാസ് ഉള്ളപ്പോൾ വെറെ ഒരു പാട്ടുകാരനെന്തിന് എന്നായിരുന്നു നിർമാതാവിന്റെ ചോദ്യം’.

എന്തായാലും ഒരു മുല്ലപ്പൂമാലയുമായി എന്ന ഗാനം ഒടുവിൽ ജയചന്ദൻ തന്നെ പാടി. പ്രേമയോടൊപ്പം. ശരാശരിയെന്ന് വിശേഷിപ്പിക്കാവുന്ന ഈ ഗാനം ആദ്യം പുറത്തിറങ്ങിയില്ല. രണ്ടാമത് പാടിയ കളിത്തോഴിലെ ‘മഞ്ഞലയിൽ മുങ്ങിത്തോർത്തി’യാണ് ആദ്യം മലയാളികൾ കേട്ടതും ഹൃദയത്തിൽ ഏറ്റ് വാങ്ങിയതും. ഗാനലോകത്ത് യേശുദാസ് എന്ന ഗായകൻ തന്റെ ജൈത്രയാത്ര ആരംഭിച്ച കാലമായിരുന്നു അപ്പോൾ.

പിന്നീടങ്ങോട്ട് കാര്യങ്ങൾ സുഗമമല്ലായിരുന്നു. ജയചന്ദ്രന്റെ ആദ്യകാലത്തെ ഹിറ്റ് ഗാനങ്ങളിലൊന്നായ ‘അനുരാഗ ഗാനം പോലെ’ എന്ന ഉദ്യോഗസ്ഥയിലെ ഗാനം പാടിക്കാൻ ആദ്യം തന്നെ തടസ്സമുണ്ടായി. ഒരു പുതിയ ഗായകൻ പാടുന്നതിനോട് നിർമാതാക്കൾക്ക് താൽപ്പര്യം ഉണ്ടായിരുന്നില്ല. സംഗീത സംവിധായകൻ ബാബുരാജ് മനസിലില്ലാമനസോടെയാണ് മൂന്നാമത്തെ ടേക്കിൽ ഈ ഗാനത്തിന് ഒകെ പറഞ്ഞത്. എന്നിട്ടും പ്രതിബന്ധങ്ങൾ വിട്ടൊഴിഞ്ഞില്ല.

ഈ ഗാനം പടത്തിന് യോജിച്ചതല്ല എന്ന് വിതരണക്കാർക്ക് അഭിപ്രായമുണ്ടായി. ഗാനം നീക്കം ചെയ്യണമെന്ന് അവർ സംവിധായകനോട് ആവശ്യപ്പെട്ടു. എന്നാൽ പടത്തിന്റെ സംവിധായകനായ പി. വേണു ഉറച്ചു നിന്നു. ഒരു പുതിയ ഗായകന്റെ പാട്ട് ഇല്ലാതാക്കി അയാളെ നിരാശനാക്കാൻ താൻ തയാറല്ലെന്നും ഇതിന്റെ പേരിൽ പടം പരാജയപ്പെട്ടാൽ അതിന്റെ മുഴുവൻ ഉത്തരവാദിത്വവും താൻ ഏറ്റുടുത്തോളാമെന്ന് വേണു ഉറപ്പിച്ച് പറഞ്ഞു. അങ്ങനെ വേണു ഉറച്ച് നിന്നതിനാൽ മാത്രമാണ് ‘അനുരാഗ ഗാനം’ സിനിമയിൽ ഉണ്ടായത്.

jayachandran

എന്നാൽ പിന്നിട് കാര്യങ്ങൾ മാറി മറഞ്ഞു. പടം റിലീസായതോടെ ഈ ഗാനം ഹിറ്റായി. ഇത്ര സിനിമയിലെ യേശുദാസ് പാടിയ ‘എഴുതിയതാരാണ് സുജാത’ എന്ന ഗാനത്തേക്കാൾ ഹിറ്റായി ‘അനുരാഗ ഗാനം പോലെ’ എന്ന ജയചന്ദ്രന്റെ ഗാനം. പാട്ട് മാറ്റാൻ പറഞ്ഞ വിതരണക്കാർ തന്നെ വേണുവിനോട് പറഞ്ഞു പടത്തിലെ ഈ ഗാനമാണ് ജനങ്ങൾ ഇഷ്ടപ്പെട്ടെതെന്നും ഈ ഗാനത്തിന്റെ മികവ് പടം നന്നായി ഓടാൻ സഹായിച്ചെന്നും അറിയിച്ചു. യൂസഫലി കേച്ചരിയുടെ വരികൾ ആദ്യമായി ജയചന്ദ്രൻ ആലപിച്ചത് ഉദ്യോഗസ്ഥയിലാണ്.

അര നൂറ്റാണ്ടിനപ്പുറം ജയചന്ദ്രൻ പാടിയ ‘അനുരാഗ ഗാനം പോലെ’ എന്ന ഗാനത്തിലൂടെയാണ് ‘ഉദ്യോഗസ്ഥ’ എന്ന മലയാള സിനിമ ഇപ്പോൾ ഓർമിക്കപ്പെടുന്നത് തന്നെ. പിന്നീട് ജയചന്ദ്രൻ വേണുവിന്റെ ചിത്രങ്ങളിൽ സ്ഥിരമായി പാട്ടുകൾ പാടി. ജയചന്ദ്രന്റെ ഏറ്റവും മികച്ച ഗാനങ്ങളിലൊന്നായ ‘മലയാള ഭാഷതൻ മാദക ഭംഗി’ വേണു സംവിധാനം ചെയ്ത പ്രേതങ്ങളുടെ താഴ്‌വര (1973) യിലേതാണ്.

മറ്റൊരു ഹിറ്റ് ഗാനം ‘പൂവും പ്രസാദവും’ (തോക്കുകൾ കഥ പറയുന്നു) പാടുമ്പോഴും സംവിധായകൻ സേതു മാധവൻ എതിർത്തു. ജയചന്ദ്രൻ പാടണ്ട എന്ന നിലപാടിലായിരുന്നു. ദേവരാജൻ മാസ്റ്ററുടെ തീരുമാനം ആ ഗാനം ജയചന്ദ്രൻ തന്നെ പാടും എന്നായിരുന്നു. അത് നടന്നു. പാട്ട് ഹിറ്റായി. പിന്നീട് ഇതേ സേതുമാധവൻ പണി തീരാത്ത വീടിൽ പാടാൻ വിളിച്ചു. ജചചന്ദ്രൻ പാടി. ‘നീലഗിരിയുടെ സഖികളേ’ സൂപ്പർ ഹിറ്റായി. 1973 ലെ മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ജയചന്ദ്രനെ തേടിയെത്തി.

ജയചന്ദ്രന്റെ മൂന്നാമത്തെ ഗാനമാണ് മേയർ നായരിലെ ‘വൈശാഖ പൗർണ്ണമി’. കന്നടക്കാരനായ സംവിധായകൻ എസ്. ആർ. പുട്ടണ്ണ ഈ പാട്ട് ജയചന്ദ്രൻ പാടണ്ട എന്ന് വാശി പിടിച്ചു. എന്നാൽ നിർമാതാവായ പി.എ. തങ്ങൾ ജയചന്ദ്രൻ തന്നെ പാടിയാൽ മതി എന്ന് ഉറച്ച് നിന്നതിനാൽ ആ ഗാനം ജയചന്ദ്രൻ പാടി. വയലാറിന്റെ വരികൾക്ക് ഈണമിട്ടത് എൽ. പി. ആർ. വർമ. പിന്നീട് പുട്ടണ്ണ തന്റെ എല്ലാ കന്നഡ ചിത്രങ്ങളിലും ജയചന്ദ്രനെ കൊണ്ട് പാട്ടുകൾ പാടിച്ചു.

അങ്ങനെ നിരവധി പ്രതിബന്ധങ്ങൾ കടന്നാണ് ജയചന്ദ്രനെന്നെ ഗായകൻ മലയാള ഗാനരംഗത്ത് സ്ഥാനമുറപ്പിച്ചത്. ചലചിത്രങ്ങളിൽ നിന്ന് ഗാനങ്ങൾ ഒഴിവാക്കുകയെന്ന ഹത്യ ഏറ്റവും അധികം അനുഭവിച്ച ഗായകനാണ് ജയചന്ദ്രൻ. സ്റ്റുഡിയോവിൽ പാടിയത് ചിത്രത്തിൽ ഉണ്ടാകില്ല. ശാലിനി എന്റെ കൂട്ടുകാരി തൊട്ട് ഫാന്റം പൈലി എന്ന ചിത്രം വരെ ഇതു നടന്നു.

1990 കളിൽ ഏറെക്കാലത്തിന് ശേഷം HMV രണ്ട് ഭാഗമായി ഇറക്കിയ ജയചന്ദ്രന്റെ ഹിറ്റ് ഗാനങ്ങളുടെ ഓഡിയോ കസെറ്റിൽ ശകുന്തളയിലെ ഒരു യേശുദാസ് ഗാനം ഉൾപ്പെടുത്തി. ഏറ്റവും വിചിത്രം ലോകാർഡിൽ എഴുതി വച്ച പാട്ടിന്റെ പേരാണ്, ‘ശങ്കുപുഷ്പം കണ്ണെഴുതുമ്പോൾ...’ ‘ശംഖുപുഷ്പമല്ല – ശങ്കുപുഷ്പം’ ! ഒരു ഗായകനോട് ചെയ്യാവുന്ന ഏറ്റവും വലിയ ക്രൂരകൃത്യം!

1968 ൽ പുറത്ത് വന്ന ‘അടിമകൾ’ എന്ന സത്യൻ ചിത്രത്തിൽ 6 പാട്ടുകൾ ഉണ്ടായിരുന്നു. അതിൽ രണ്ട് പാട്ടുകൾ പാടിയത് റൊമാന്റിക് ഗായകൻ എന്നറിയപ്പെടുന്ന, മലയാളത്തിൽ പാടിയ പാട്ടുകളെല്ലാം തന്നെ ഹിറ്റാക്കിയ, എ.എം. രാജയായിരുന്നു. ‘മാനനേശ്വരി മാപ്പു തരൂ’, ‘താഴംപൂ മണമുള്ള തണുപ്പുള്ള രാത്രിയിൽ’ എന്നീ സൂപ്പർ ഹിറ്റായ ഈ രണ്ട് ഗാനങ്ങൾ എം.എം. രാജ മലയാളത്തിൽ പാടിയ ഏറ്റവും മികച്ച പാട്ടുകളാണ്. ജയചന്ദ്രൻ അടിമകളിൽ രണ്ട് പാട്ട് പാടിയിട്ടുണ്ട്. ഒരെണ്ണം ‘ഇന്ദുമുഖി’ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. യേശുദാസ് പാടാത്ത അക്കാലത്തെ അപൂർവ്വം മലയാള ചിത്രമാണ് അടിമകൾ.

എക്കാലത്തെയും മികച്ച രണ്ട് ഹിറ്റ് ഗാനങ്ങൾ പാടിയിട്ടും എ.എം. രാജ രംഗത്ത് നിന്ന് പതുക്കെ നിഷ്കാസിതനായി. യേശുദാസ് എന്ന മഹാമേരുവിന് മുൻപിൽ അക്കാലത്തെ ഗായകരെല്ലാം നിഷ്പ്രഭരായി പിൻതള്ളപ്പെട്ടു. അപ്പോഴും ജയചന്ദ്രൻ തന്റെ വ്യത്യസ്തമായ ആലാപനം കൊണ്ട് ഇളക്കം തട്ടാതെ നിന്നു.

1970 കളോടെ മലയാളഗാനരംഗത്ത് യേശുദാസും ജയചന്ദ്രനും മാത്രമായി. മൂന്നാമതൊരു ഗായകൻ അപ്രസക്തമായി. കെ. പി. ബ്രഹ്മാനന്ദൻ ഇടയ്ക്ക് ചില ഹിറ്റുകൾ പാടിയെങ്കിലും നിലയുറച്ചില്ല. ശ്രീകാന്ത്, അയിരൂർ സദാശിവൻ, ജോളി എബ്രഹാം, കെ.സി. വർഗീസ് എന്നിവരൊക്കെ ചില ശ്രദ്ധേയ ഗാനങ്ങൾ പാടിയെങ്കിലും പിടിച്ച് നിന്നില്ല. ജയചന്ദ്രനെന്ന ഗായകൻ എകാന്ത പഥികനായി മലയാള ഗാനരംഗത്ത് അപ്പോഴും തന്റെ സാന്നിധ്യം മികച്ച ഗാനങ്ങൾ ആലാപനത്തിലൂടെ അറിയിച്ചു കൊണ്ടിരിരുന്നു.

1969 ൽ ആരംഭിച്ച മികച്ച ഗായകനുള്ള സംസ്ഥാന ചലചിത്ര അവാർഡുകൾ ആദ്യത്തെ നാല് തവണ തുടർച്ചയായി യേശുദാസ് നേടി. ജയചന്ദ്രനെന്ന ഗായകനെ അംഗീകരിക്കാതെ പറ്റില്ലായിരുന്നു. അതിനാൽ അഞ്ചാം വർഷം മികച്ച ഗായകൻ ജയചന്ദ്രനായി. പിന്നീട് തുടർച്ചയായി 4 വർഷം നേടിയത് യേശുദാസ് തന്നെ. 1978 ൽ രണ്ടാം തവണ ജയചന്ദ്രൻ മികച്ച ഗായകനായി. പിന്നീട് 10 വർഷം കഴിഞ്ഞാണ് മൂന്നാമതൊരു ഗായകൻ 1988 ൽ ജി. വേണുഗോപാൽ മികച്ച ഗായക പുരസ്ക്കാരം നേടുന്നത്.

യേശുദാസ് എന്ന സമാനതകളില്ലാത്ത ഗായകന്റെ തൊട്ടു തന്നെ നിന്ന് തന്റെ ഗാനങ്ങളിലൂടെ മലയാള മനസിൽ ഇടം നേടി അത് ഈ 80 വയസിലും നിലനിർത്തി എന്നതാണ് ജയചന്ദ്രൻ എന്ന ഗായകന്റെ സംഗീത ജീവിതം.

എത്രയോ ഗാനങ്ങൾ, 1965 ൽ തുടങ്ങിയ ഗാനാലാപനം ഇപ്പോഴും ഹൃദയത്തിൽ തൊടുന്നു. യേശുദാസിന്റെ ‘വെൺ ചന്ദ്രലേഖയൊരു അപ്സരസ്ത്രീ’ കേട്ട ശേഷം ജയചന്ദ്രൻ പാടിയ ‘ ഇഷ്ടപ്രാണേശ്വരി’ കേൾക്കുക. ജയചന്ദ്രന്റെ ആലാപനം മെല്ലെ മധുരമായി നമ്മളെ നമ്മെ കീഴടക്കുകയല്ലേ? യേശുദാസിന്റെ സ്വരമാധുരി അപ്രമാദിത്വമായി അര നൂറ്റാണ്ട് മനസിൽ അലിഞ്ഞിട്ടും ജയചന്ദ്രന്റെ ആലാപനം മലയാളികൾ തലമുറകളായി ഹൃദയത്തോട് ചേർത്ത് വെച്ചിരിക്കുന്നതും അതു കൊണ്ടു തന്നെ!