Friday 24 May 2019 03:19 PM IST : By സ്വന്തം ലേഖകൻ

അപേക്ഷ പൂർണമല്ല, സെൻസർ ബോർഡ് തിരിച്ചയച്ചു; സാങ്കേതികത്വത്തിൽ തട്ടി ‘പദ്മാവതി’

padmavati-film.jpg.image.784.410

സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി ബോളിവുഡ് സിനിമയായ പദ്മാവതി സെൻസർ ബോർഡ് തിരിച്ചയച്ചു. നിരവധി രജപുത്ര സംഘടനകളുടെ പ്രതിഷേധത്തിനു പാത്രമായ സിനിമ സാങ്കേതികത്വത്തിന്റെ പേരിലാണെങ്കിലും തിരിച്ചയച്ചതു സിനിമാലോകത്ത് ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. അപേക്ഷ പൂര്‍ണമാക്കി വീണ്ടും സമർപ്പിച്ചാൽ നിലവിലെ നിയമങ്ങൾക്ക് അനുസരിച്ചു സിനിമ പരിഗണിക്കുമെന്നു സെൻസർ ബോർഡ് അറിയിച്ചു. കഴിഞ്ഞയാഴ്ചയാണു സർട്ടിഫിക്കറ്റിനായി സിനിമ സമർപ്പിച്ചത്. ഡിസംബർ ഒന്നിനു റിലീസ് ചെയ്യാനിരിക്കുകയായിരുന്നു.

രേഖകളുടെ പതിവു പരിശോധനയ്ക്കിടെയാണ് അപേക്ഷ പൂർണമല്ലെന്നു വ്യക്തമായതെന്നും അതു പരിഹരിക്കേണ്ടതുള്ളതിനാൽ തിരിച്ചയച്ചതായും സെൻസർ ബോർഡ് വാർത്താ ഏജൻസിയായ പിടിഐയെ അറിയിച്ചു. നിർമാതാക്കൾ അതു പരിഹരിച്ചു തിരിച്ചയയ്ക്കണം. അതിനുശേഷം സിനിമ സർട്ടിഫിക്കറ്റിനു പരിഗണിക്കുമെന്നും ബോർ‍ഡ് വൃത്തങ്ങളെ ഉദ്ധരിച്ചു പിടിഐ റിപ്പോർട്ട് ചെയ്തു. എന്നാൽ അപേക്ഷയിലെ ‘പൂർണതയില്ലായ്മ’ എന്താണെന്ന ചോദ്യത്തോടു പ്രതികരിക്കാൻ ബോർഡ് അധികൃതർ തയാറായില്ല.

ചെറിയൊരു സാങ്കേതികത്വം മാത്രമേയുള്ളെന്നു നിർമാതാക്കളായ വിയാകോം 18 മോഷൻ പിക്ചേർസ് സിഒഒ അജിത് അന്ധാരെ അറിയിച്ചു. സിനിമ ഇപ്പോഴും സെൻസർ ബോർഡിലുണ്ട്. കാണുന്നതിന് അവർക്കു തടസ്സമില്ലെന്നും അന്ധാരെ കൂട്ടിച്ചേർത്തു.

കൂടുതൽ വായനയ്ക്ക്