മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകൻ ജോഷിയും സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയും ഏഴു വർഷത്തിനു ശേഷം വീണ്ടും ഒന്നിക്കുന്ന ‘പാപ്പൻ’ ആദ്യ ഷെഡ്യൂള്‍ കാഞ്ഞിരപ്പള്ളിയിൽ. പാല, ഈരാറ്റുപേട്ട, തൊടുപുഴ എന്നിവടങ്ങളാണ് മറ്റ് ലൊക്കേഷനുകൾ.
ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് ചിത്രത്തിൽ താരം.
ക്രൈംത്രില്ലറാണ് ചിത്രം. മാത്യു പാപ്പൻ എന്ന പൊലീസ് ഉദ്യോഗസ്ഥനായി സുരേഷ് ഗോപി എത്തുന്നു. പാപ്പന്റെ മകളും ഐപിഎസ് ഉദ്യോഗസ്ഥയുമായി നീത പിള്ള അഭിനയിക്കുന്നു. മാത്യു പാപ്പന്റെ ഭാര്യയുടെ വേഷം ചെയ്യുന്നത് നൈല ഉഷയാണ്. ഗോകുല്‍ സുരേഷ്ഗോപിയും പാപ്പനില്‍ വളരെ ശ്രദ്ധേയമായൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആദ്യമായാണ് അച്ഛനോടൊപ്പം ഗോകുൽ ഒരു ചിത്രത്തിന്റെ ഭാഗമാകുന്നത്. സണ്ണി വെയ്നാണ് ഈ ചിത്രത്തിലെ മറ്റൊരു താരം. ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിൽ.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡേവിഡ് കാച്ചപ്പിള്ളി നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ആർജെ ഷാനാണ്. ഛായാഗ്രഹണം അജയ് ഡേവിഡ് കാച്ചപ്പിള്ളി, എഡിറ്റർ ശ്യാം ശശിധരൻ, സംഗീതം ജേക്സ് ബിജോയ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ്, ശ്രീശങ്കർ, ആർട്ട് നിമേഷ് എം താനൂർ. ആഘോഷ് സിനിമാസും ചാന്ദ് വി മൂവീസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.