Thursday 21 December 2023 09:10 AM IST : By സ്വന്തം ലേഖകൻ

എം.ജി.ആറിന്റെ കട്ടൗട്ടിനു മുൻപിൽ ആരവത്തോടെ പ്രണവും ധ്യാനും: ‘വർഷങ്ങൾക്ക് ശേഷം’ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി

varshangalkku-sesham

‘ഹൃദയം’ എന്ന സൂപ്പർഹിറ്റിനു ശേഷം പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘വർഷങ്ങൾക്ക് ശേഷം’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ എത്തി. പോസ്റ്ററിൽ, തമിഴകത്തിന്റെ ഇതിഹാസ താരം എം.ജി.ആറിന്റെ കട്ടൗട്ടിനു മുൻപിൽ ആരവത്തോടെ നിൽക്കുന്ന പ്രണവും ധ്യാൻ ശ്രീനിവാസനുമാണുള്ളത്. പഴയ കാലത്തെ മദ്രാസ് നഗരത്തിന്റെ പശ്ചാത്തലത്തിലാണ് സിനിമയെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.

ചിത്രത്തിൽ നിവിൻ പോളിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അജു വർഗീസ്, കല്യാണി പ്രിയദർശൻ, ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, നീരജ് മാധവ്, നീത പിള്ളൈ, അർജുൻ ലാൽ, അശ്വത് ലാൽ, കലേഷ് രാംനാഥ്, ഷാൻ റഹ്മാൻ എന്നിങ്ങനെ ഒരു വലിയ താരനിരയും ചിത്രത്തിലുണ്ട്.

മെറിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് സിനിമയുടെ നിർമാണം. മെറിലാൻഡ് സിനിമാസ് ചിത്രം തിയറ്ററുകളിൽ എത്തിക്കും.

ഛായാഗ്രഹണം – വിശ്വജിത്ത്, സംഗീതസംവിധാനം – അമൃത് രാംനാഥ്, എഡിറ്റിങ് – രഞ്ജൻ എബ്രഹാം, ആർട്ട് ഡയറക്ടർ – നിമേഷ് താനൂർ. ചിത്രം റംസാൻ - വിഷു റിലീസായി ഏപ്രിൽ മാസം തിയറ്ററുകളിൽ പ്രദർശനത്തിനെത്തും.