Thursday 07 March 2024 10:34 AM IST : By ജിതിൻ ജോസ്

ആ മുറിയിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ കൊതിച്ച് ആരാധകർ; ‘തൃഷയുടെ കുട്ടനാട്ടിലെ വീട്’ തേടി സഞ്ചാരികൾ

vtv-home

തൃഷയുടെ മുറിയിൽ ഒരു ദിവസമെങ്കിലും താമസിക്കാൻ കൊതിച്ചെത്തുന്ന തമിഴ് ആരാധകർ പെരുകിയതോടെ മാർട്ടിൻ വീട്ടിലെ ആ മുറി ടൂറിസ്റ്റുകൾക്കായി മാറ്റിവച്ചു. വിണ്ണൈതാണ്ടി വരുവായ എന്ന ചിത്രം കാണിച്ച കുട്ടനാടൻ ഭംഗി തേടി പിന്നെയും വിനോദസ‍ഞ്ചാരികൾ ഒഴുകിയതോടെ 120 വർഷം പഴക്കമുള്ള കല്ലുപുരയ്ക്കൽ വീട് ഹോം സ്റ്റേയായി മാറി. 

‘ആയിരപ്പറ’ മുതൽ ‘ആദ്യരാത്രി’ വരെ ഇരുപതോളം സിനിമകൾക്കു ലൊക്കേഷനായെങ്കിലും മങ്കൊമ്പിനടുത്ത കല്ലുപുരയ്ക്കൽ വീട് അറിയപ്പെടുന്നത് ‘വിണ്ണെതാണ്ടി വരുവായ’ എന്ന തമിഴ് സിനിമയുടെ പേരിലാണ്.

ചിത്രം പുറത്തിറങ്ങി 14 വർഷം കഴിഞ്ഞിട്ടും ‘വിടിവി’ ഹൗസ് തിരഞ്ഞ് ആളുകൾ എത്തുന്നു. സിനിമയിൽ തൃഷ അവതരിപ്പിച്ച നായികാ കഥാപാത്രത്തിന്റെ വീടായി വേഷമിട്ടത് മണിമലയാറിന്റെ കരയിലുള്ള ഈ  വീടാണ്. നായികയുടെ കല്യാണ രാത്രിയിൽ വെളിച്ചത്തിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന വീട്. വീടിനൊപ്പം തൃഷ താമസിച്ച മുറിയും, മുറിയിൽ നിന്നു പൂമഖത്തേക്കുളള ജാലകവുമെല്ലാം ചിത്രത്തിലെ പല ഫ്രെയിമുകളിലുമുണ്ട്. വീടിനു മുന്നിലെ കടവിൽ തോണിയിറങ്ങിയെത്തുന്ന ചിമ്പുവിന്റെ നായക കഥാപാത്രത്തെ ജാലകത്തിന്റെ അഴികൾക്കിടയിലൂടെ നോക്കുന്ന തൃഷ!

പടം ഹിറ്റായതോടെ വീടും ഹിറ്റായി. സിനിമ ഷൂട്ട് ചെയ്ത പുളിങ്കുന്ന് പള്ളിയും കല്ലുപുരയ്ക്കൽ വീടും കാണാൻ തമിഴ്നാട്ടുകാരുടെ ഒഴുക്കായി. സിനിമ തെലുങ്കിലേക്കും ഹിന്ദിയിലേക്കും റീമേക്ക് ചെയ്തപ്പോഴും നായികയുടെ വീടായത് കല്ലുപുരയ്ക്കൽ വീടുതന്നെ. പക്ഷേ തമിഴ്നാട്ടിൽ നിന്നാണ് എല്ലാ വാരാന്ത്യത്തിലും ഈ വീടു തേടി ആളുകളെത്തുന്നത് ഉടമയായ മാർട്ടിൻ ആന്റണി പറയുന്നു.  

‘തൃഷ താമസിച്ച മുറി കാണാനും തൃഷയും ചിമ്പുവും തമ്മിൽ സംസാരിക്കുന്ന ജാലകത്തിന്റെ അടുത്തുനിന്നൊരു ചിത്രമെടുക്കാനും ആഗ്രഹം പ്രകടിപ്പിച്ചാണ് ആളുകൾ എത്തിത്തുടങ്ങിയത്. വിടിവി ഹൗസ് എന്നു ചോദിച്ചാണു വരവ്. അതെന്താണ് എന്ന് ആദ്യം മനസ്സിലായില്ല. സിനിമയുടെ പേരിന്റെ ഷോർട്ട്ഫോം ചേർത്തുള്ള ഈ പേരിലാണ്  സമൂഹമാധ്യമങ്ങളിൽ ഞങ്ങളുടെ വീട് അറിയപ്പെടുന്നത് എന്നു പിന്നീടാണ് മനസ്സിലായത്. വീട്ടിൽ താമസിക്കാനും ആളുകൾ താൽപര്യം പ്രകടിപ്പിച്ചതോടെ ഹോം സ്റ്റേ ആരംഭിച്ചു. 7 മുറികളുള്ള വീട്ടിൽ 4 മുറികൾ അതിഥികൾക്കായി മാറ്റിവച്ചു. അതിൽ ഏറ്റവും ഡിമാൻഡുള്ളത് തൃഷയുടെ റൂമിനാണ്’’

മാർട്ടിന്റെ പിതാവ് ജോസഫ് ആന്റണി പതിറ്റാണ്ടുകൾക്കു മുൻപ് വില കൊടുത്തുവാങ്ങിയ ഈ വീട്ടിലാണ് മാർട്ടിൻ ജനിച്ചു വളർന്നത്. 1993ൽ പുറത്തിറങ്ങിയ ആയിരപ്പറയാണ് ഇവിടെ ചിത്രീകരിച്ച ആദ്യ സിനിമ. 17 വർഷങ്ങൾക്കു ശേഷമാണ് വിണ്ണെതാണ്ടി വരുവായ എന്ന ചിത്രത്തിനായി അണിയറ പ്രവർത്തകർ സമീപിക്കുന്നത്. അതിനു ശേഷം പട്ടം പോലെ, മുന്തിരിവള്ളികൾ തളിർക്കുമ്പോൾ, കുട്ടനാടൻ മാർപാപ്പ, ആദ്യരാത്രി തുടങ്ങി പതിഞ്ചോളം ചിത്രങ്ങൾ. ഒട്ടേറെ തമിഴ്, തെലുങ്ക് ചിത്രങ്ങൾക്കും ലൊക്കഷനായ വീട്ടിൽ വിവാഹ ആൽബങ്ങൾ ചിത്രീകരിക്കാനും തമിഴ്നാട്ടിൽ നിന്നു ആളുകളെത്തുന്നതുണ്ട്. മാർട്ടിൻ ആന്റണി, ഭാര്യ അധ്യാപികയായ മഞ്ജു, മക്കളായ ആന്റണി, ആൻ മേരി എന്നിവരാണ് ഇവിടെ താമസിക്കുന്നത്.