Monday 01 April 2024 10:55 AM IST : By സ്വന്തം ലേഖകൻ

‘ആടുജീവിതം’ ബജറ്റ് 82 കോടി: ചിത്രീകരണം നീണ്ടുപോയ് ബജറ്റ് ഉയരാന്‍ കാരണം

blessy

‘ആടുജീവിതം’ സിനിമയുടെ ബജറ്റ് 82 കോടിയെന്ന് ഒരു തമിഴ് ചാനലിനു നൽകിയ അഭിമുഖത്തില്‍ വെളിപ്പെടുത്തി സംവിധായകൻ ബ്ലെസി.

കോവിഡ‍് അടക്കമുള്ള പ്രതിസന്ധികളാൽ ചിത്രീകരണം നീണ്ടുപോയതാണ് ബജറ്റ് ഇത്രയും ഉയരാന്‍ കാരണമെന്നും അന്യ ഭാഷകളിലും ചിത്രം സ്വീകരിക്കപ്പെടുമെന്ന പ്രതീക്ഷയാണ് ഇത്രയും വലിയ കാന്‍വാസില്‍ ഒരു ചിത്രം ചെയ്യാന്‍ ധൈര്യം നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

വിഷ്വൽ റൊമാൻസ് ഉൾപ്പടെ അഞ്ച് കമ്പനികൾ ചേർന്നാണ് ‘ആടുജീവിതം’ നിർമിച്ചിരിക്കുന്നത്. ആൾട ഗ്ലോബൽ മീഡിയ, ഇമേജ് മേക്കേർസ്, ജെറ്റ് മീഡിയ പ്രൊഡക്‌ഷൻസ്, കെജിഎ ഫിലിംസ് എന്നിവയാണ് സിനിമയോട് സഹകരിച്ച മറ്റ് നിർമാണക്കമ്പനികൾ. സംവിധായകൻ ബ്ലെസി, സിനിമയിൽ ഇബ്രാഹിം ആയി അഭിനയിച്ച ജിമ്മി ജീൻ ലൂയിസ് എന്നിവരും നിർമാണ പങ്കാളികളാണ്. നാലരവര്‍ഷം നീണ്ടുനിന്ന ചിത്രീകരണത്തിന് കഴിഞ്ഞ വർഷം ജൂലൈ 14നാണ് സമാപനമായത്.

അതേസമയം ചിത്രം ആഗോള ബോക്സ്ഓഫിസില്‍ നിന്ന് ഇതിനകം 65 കോടി നേടിക്കഴിഞ്ഞു. ഏറ്റവും വേഗത്തില്‍ 50 കോടി ക്ലബ്ബിലെത്തുന്ന മലയാള സിനിമയുമാണ് ആടുജീവിതം. കേരളത്തിലും വിദേശ മാര്‍ക്കറ്റുകള്‍ക്കുമൊപ്പം തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലും ചിത്രം മികച്ച പ്രതികരണമാണ് നേടുന്നത്.