ബിഗ് ബോസിലൂടെയെത്തി പ്രേക്ഷക മനം കവർന്ന ലെച്ചുവിനെ പ്രേക്ഷകർ മറക്കാനിടയില്ല. നടിയും മോഡലുമായ താരം തന്റെ ജീവിത വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ ആരാധകരെ ഞെട്ടിക്കുന്ന ഒരു വമ്പൻ സർപ്രൈസാണ് ലച്ചുവെന്ന ഐശ്വര്യ സുരേഷ് പങ്കുവച്ചിരിക്കുന്നത്.
ഒരു വർഷം മുൻപ് തന്റെ വിവാഹം കഴിഞ്ഞുവെന്ന വാർത്തയാണ് ലെച്ചു ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ ജീവിത പങ്കാളിക്കൊപ്പമുള്ള ചിത്രവും പങ്കിട്ടിട്ടുണ്ട്. എന്നാൽ ലക്ഷ്മിയുടെ ജീവിതപങ്കാളിയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ലച്ചുവിന്റെ പ്രിയപ്പെട്ടവൻ ആരെന്ന അന്വേഷണത്തിലാണ് സോഷ്യൽ മീഡിയ.
‘‘ഞാൻ ഈ ബ്യൂട്ടിഫുൾ സോളിനെ വിവാഹം ചെയ്തിട്ട് ഒരു വർഷമാകാൻ പോവുന്നു,’’ എന്നാണ് ലെച്ചു കുറിച്ചത്. 2018ൽ പുറത്തിറങ്ങിയ കളി എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
ബിഗ് ബോസിലൂടെയാണ് പ്രേക്ഷകർക്ക് ലെച്ചു സുപരിചിതയാകുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ അഞ്ചാം സീസണിൽ മത്സരാർഥിയായി എത്തിയ ലെച്ചുവിനു പക്ഷേ ആരോഗ്യപ്രശ്നങ്ങൾ കാരണം ഷോ പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ചുരുങ്ങിയ നാളുകൾ കൊണ്ടു തന്നെ പ്രേക്ഷകരുടെ ഇഷ്ടം കവരാൻ സാധിച്ചിരുന്നു.
കേരളത്തില്‍ ജനിച്ച് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗില്‍ വളര്‍ന്ന ആളാണ് ഐശ്വര്യ. നടി, മോഡല്‍ എന്നതിനൊപ്പം നര്‍ത്തകിയുമാണ്.