Monday 29 January 2024 10:22 AM IST : By സ്വന്തം ലേഖകൻ

‘ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്’: മുരളി ഗോപിയുടെ കുറിപ്പ്

bharath-gopi

മലയാള സിനിമയുടെ മഹാനടൻ ഭരത് ഗോപിയുടെ ഓർമദിനത്തിൽ, അച്ഛനെക്കുറിച്ച് കുറിപ്പുമായി ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി.

‘ഇന്ന് അച്ഛന്റെ ഓർമ്മദിനം.

ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം.

1986ഇൽ, തന്റെ 49ആം വയസ്സിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി. 1990കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. ‘ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?’ അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം.

പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്, കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ.....ഒരു തിരിഞ്ഞുനോട്ടം’.– മുരളി ഗോപി കുറിച്ചു.