Monday 29 January 2024 02:21 PM IST : By സ്വന്തം ലേഖകൻ

‘മലയാള സിനിമയിൽ ഇതുപോലെ ഒരു പരീക്ഷണത്തിന് ധൈര്യം കാട്ടിയതാണ് അഭിനന്ദനീയം’: കുറിപ്പ്

malaikkottai-valibhan

കുറെ നാളുകൾക്കു ശേഷം മോഹൻലാൽ എന്ന നടനെ പരിപൂർണമായും കാച്ചിക്കുറുക്കി എടുത്തിരിക്കുന്നു, ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ‘മലൈക്കോട്ടൈ വാലിബൻ’ൽ എന്ന് പ്രേക്ഷകയായ നിരൂപാ വിനോദ്. ഇതേപോലെ ഒരു പരീക്ഷണം മലയാള സിനിമയിൽ പരീക്ഷിക്കാൻ കാട്ടിയ ധൈര്യം അഭിനന്ദനാർഹമാണെന്നും നിറപ്പകിട്ടിൽ തീർത്ത കാണാകാഴ്ചകളിലൂടെ വാലിബനോടൊപ്പം കാളവണ്ടിയിൽ കാലങ്ങൾക്കപ്പുറത്തേക്കു യാത്ര ചെയ്യുമ്പോൾ ഭാഷയെന്നതു വെറും മാധ്യമം മാത്രമാകുന്നുവെന്നും നിരൂപ സോഷ്യൽ മീഡിയയിൽ കുറിച്ചു.

നിരൂപാ വിനോദിന്റെ കുറിപ്പ് –

മലൈക്കോട്ടൈ വാലിബൻ ....ഇത് വരെ കാണാത്ത ഒരു മോഹൻലാലിനെ സമ്മാനിച്ചതിന് ലിജോ ജോസ് പെല്ലിശ്ശേരിക്ക് നന്ദി. ഇതേപോലെ ഒരു പരീക്ഷണം മലയാള സിനിമയിൽ പരീക്ഷിക്കാൻ കാട്ടിയ ധൈര്യം ആണ് അഭിനന്ദനീയം. നിറപ്പകിട്ടിൽ തീർത്ത കാണാകാഴ്ചകളിലൂടെ വാലിബാനോടൊപ്പം കാളവണ്ടിയിൽ കാലങ്ങൾക്കപ്പുറത്തേക്കു യാത്ര ചെയ്യുമ്പോൾ ഭാഷയെന്നതു വെറും മാധ്യമം മാത്രമാകുന്നു. മലയാളത്തെയും മോഹൻലാലിനെയും ഹരീഷ് പേരടിയേയും ഒന്നും കാണാനാവുന്നില്ല, പകരം വാലിബനും അയ്യനാരും അവരോടൊപ്പം നടക്കുന്നവരും അവർക്കായി കാത്തിരിക്കുന്ന ഊരുകളും കണ്ണിലൂടെ മിന്നിമറയുന്നു. ആ യാത്രയിൽ നമ്മളും അറിയാതെ ചേരുന്നു. കാളവണ്ടിച്ചക്രമുരുളാൻ തുടങ്ങുന്ന സൂര്യോദയങ്ങൾ ഉണരുന്നത്, ഇന്നത്തെ തലമുറ ഇതുവരെ കാണാത്ത മലയാള സിനിമയുടെ പൊൻപുലരിയിലേക്കു തന്നെയാണ്. "നീ കണ്ടതെല്ലാം പൊയ്, ഇനി കാണാനുള്ളത് നിജം"-എന്നപോലെ.

കുറെ നാളുകൾക്കു ശേഷം മോഹൻലാൽ എന്ന നടനെ പരിപൂർണമായും കാച്ചിക്കുറുക്കി എടുത്തിരിക്കുന്നു ഇവിടെ.ഈ സിനിമയിലെങ്ങും നമുക്ക് മോഹൻലാലിനെ കാണാനേ കഴിയില്ല. പകരം ആവേശത്തിന്റെ, വികാരങ്ങളുടെവി ന്യാസത്തിലൂടെ ഓരോ സീനും നിറഞ്ഞു നിൽക്കുന്ന വാലിബനെ മാത്രം. അതിൽ വീര്യവും ദുഃഖവും നിരാശയും രൗദ്രവും നിസ്സഹായതയും മറ്റു പലതും മാറിമറിഞ്ഞ മെയ്യും മനസ്സും മുഖവും മാത്രം. ഒടുവിൽ ഇനിയും ജയിക്കാനിനിയെന്ത്? എന്ന ചോദ്യം അന്വർത്ഥമാക്കിയിരിക്കുന്നു മലയാളത്തിന്റെ സ്വന്തം മോഹൻലാൽ.

അതേ പോലെ തന്നെയാണ് ഓരോ കഥാപാത്രങ്ങളും ..... അവരവരുടെ ഭാഗം ഭംഗിയായി തീർത്തു മടങ്ങുന്നവർ...

രാജസ്ഥാൻ യാത്രയിൽ കണ്ട കോട്ടകൾ മനസ്സിലേക്ക് കടന്നു വന്നു. ഇടുങ്ങിയ ഇടനാഴികൾക്ക് പറയാനുണ്ടാവും വാലിബൻ കഥകൾ പലതും .

എന്തായാലും ഏറെ കാലങ്ങൾക്കു ശേഷം ഒരു നല്ല സിനിമ കണ്ടിറങ്ങിയ സന്തോഷത്തോടെ കാത്തിരിക്കുന്നു...രണ്ടാം ഭാഗത്തിനായി.....

നിരൂപാ വിനോദ്...