Monday 29 January 2024 10:05 AM IST : By സ്വന്തം ലേഖകൻ

മിസ് യൂ അഞ്ജലീ...‘സാന്ത്വനം’ അവസാനിച്ചു, അവസാന ഷൂട്ടിങ് ദിനത്തിന്റെ അനുഭവം കുറിച്ച് ഗോപിക അനില്‍

gopika

സൂപ്പർഹിറ്റ് പരമ്പര ‘സാന്ത്വനം’ അവസാനിക്കുമ്പോൾ, വർഷങ്ങൾ നീണ്ട തങ്ങളുടെ ‘സാന്ത്വനം’ അനുഭവങ്ങൾ പങ്കുവച്ച്, സീരിയൽ അവസാനിച്ചതിന്റെ സങ്കടം പങ്കുവച്ച് താരങ്ങൾ. കഴിഞ്ഞ ദിവസമായിരുന്നു ‘സാന്ത്വന’ത്തിന്റെ അവസാന എപ്പിസോഡ്.

‘സാന്ത്വന’ത്തിലെ അഞ്ജലിയായി എത്തി താരമായി മാറിയ ഗോപിക അനില്‍ സോഷ്യല്‍ മീഡിയയിലൂടെ ആ വേദന പങ്കുവച്ചു. ‘സാന്ത്വന’ത്തിലെ തന്റെ അവസാന ഷോട്ടിനെക്കുറിച്ചും പരമ്പര അവസാനിക്കുന്നതിനെക്കുറിച്ചുമൊക്കെ ഗോപിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അവസാന എപ്പിസോഡില്‍ ഗോപിക ഉണ്ടായിരുന്നില്ലെങ്കിലും തന്റെ അവസാന രംഗം ചിത്രീകരിച്ചതിന് പിന്നാലെയുള്ള നിമിഷങ്ങളുടെ വിഡിയോയും ഗോപിക പങ്കുവച്ചു. ക്യാമറയെ തൊഴുതു വിങ്ങിപ്പൊട്ടുന്നുണ്ട് ഗോപിക. വളരെ വൈകാരികമായ നിമിഷമായിരുന്നു അവ.

‘അവസാന ദിവസം, അഞ്ജലിയായുള്ള അവസാന ഷോട്ട് തീര്‍ത്തും ഹൃദയഭേദകമായിരുന്നു. ഇനിയൊരിക്കലും ക്യാമറയ്ക്ക് മുന്നില്‍ അഞ്ജലിയായി എത്താന്‍ സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോള്‍ വല്ലാത്ത സങ്കടമുണ്ട്. അഞ്ജലിയാകുന്നത് ഞാന്‍ മിസ് ചെയ്യുന്നുണ്ട്. എന്റെ ഹൃദയം അഞ്ജലിയ്ക്ക് നല്‍കിയിരിക്കുകയാണ്. എനിക്ക് വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ട കഥാപാത്രമായിരുന്നു എന്നാണ് തോന്നിയത്’.– ഗോപിക കുറിച്ചു.

നിരവധി പേരാണ് കുറിപ്പിന് കമന്റുമായി എത്തിയിരിക്കുന്നത്. ബാലതാരമായി അഭിനയത്തിലേക്ക് കടന്നു വന്ന നടിയാണ് ഗോപിക അനില്‍. ‘സാന്ത്വന’ത്തിലെ അഞ്ജലി വന്‍ ഹിറ്റായിരുന്നു.